റാലിക്കിടെയുണ്ടായ വെടിവെപ്പിൽ പരിക്കേറ്റ് ചികിത്സയിലിരിക്കവെ ജനങ്ങളെ അഭിസംബോധന ചെയ്ത് പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ആക്രമണത്തിന് ശേഷം ആദ്യമായി പ്രതികരിച്ച  ഇമ്രാൻ കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചത്


ലാഹോർ: റാലിക്കിടെയുണ്ടായ വെടിവെപ്പിൽ പരിക്കേറ്റ് ചികിത്സയിലിരിക്കവെ ജനങ്ങളെ അഭിസംബോധന ചെയ്ത് പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ആക്രമണത്തിന് ശേഷം ആദ്യമായി പ്രതികരിച്ച ഇമ്രാൻ കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചത്. തന്നെ വധിക്കാൻ ശ്രമിച്ചതിന് പിന്നിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അടക്കമുളളവരെന്ന് ഇമ്രാൻ ഖാൻ ആരോപിച്ചു. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്, ആഭ്യന്തരമന്ത്രി റാണാ സനാവുള്ള, ആര്‍മി മേജര്‍ ജനറല്‍ ഫൈസല്‍ എന്നിവരാണ് ഇതിന് പിന്നിലെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

മത തീവ്രവാദത്തിന്റെ തിരക്കഥ ഉപയോഗിച്ച് വസീറാബാദ് പട്ടണത്തിൽ എനിക്കെതിരെ നടന്ന കൊലപാതക ശ്രമത്തിൽ നാല് വെടിയുണ്ടകൾ തന്റെ മേൽ പതിച്ചു. വസീറാബാദിലോ ഗുജറാത്തിലോ വച്ച് അവർ എന്നെ കൊല്ലാൻ പദ്ധതിയിട്ടിരുന്നുവെന്ന് ഞാൻ തലേ ദിവസം തന്നെ അറിഞ്ഞിരുന്നു എന്നും അദ്ദേഹം പറഞ്ഞതായി, ആക്രമണത്തിന് ശേഷമുള്ള ആദ്യ പ്രസംഗത്തിൽ ഇമ്രാൻ അവകാശപ്പെട്ടുവെന്ന് തെഹ്‌രിക്-ഇ-ഇൻസാഫ് പാർട്ടിയെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. നാലുപേർ എന്നെ കൊല്ലാൻ ഗൂഢാലോചന നടത്തി പദ്ധതിയിട്ടു. എന്റെ പക്കൽ ഒരു വീഡിയോ ഉണ്ട്, എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ, വീഡിയോ പുറത്തുവിടുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ഞാൻ സാധാരണക്കാരിൽ നിന്ന് വന്നവനാണ്. ഒരു പട്ടാളസംവിധാനമല്ല എന്റെ പാർട്ടി. 22 വർഷം ഞാൻ കഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. 

Read more: 'ആക്രമണം പരാജയപ്പെടുത്തിയ വീരന് തന്റെ മക്കളിൽ നിന്ന് നന്ദി' ദൈവത്തിന് നന്ദിയെന്നും ഇമ്രാൻ ഖാന്റെ മുൻ ഭാര്യ

അതേസമയം ഇമ്രാന്‍ ഖാന്‍റെ കാലില്‍ നിന്നും വെടിയുണ്ട നീക്കം ചെയ്തു. എന്നാല്‍ വെടിയുണ്ടയേറ്റ് കാലിലെ എല്ലിന് പൊട്ടലുണ്ടെന്നും എങ്കിലും പരിക്ക് ഗുരുതരമല്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. അദ്ദേഹത്തിന്‍റെ ശാരീരിക പ്രശ്നങ്ങള്‍ നിയന്ത്രണ വിധേയമാണെന്നും അറിയിപ്പില്‍ പറയുന്നു. എങ്കിലും അദ്ദേഹം ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. ഇമ്രാന്‍ ഖാന്‍റെ രക്ഷസമ്മർദ്ദം നിയന്ത്രണവിധേയമാണെന്നും ഡോ. ഹൈസല്‍ സുല്‍ത്താന്‍ അറിയിച്ചു. ഡോ. ഫൈസല്‍ സുല്‍ത്താന്‍റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ഇമ്രാന്‍ ഖാന്‍റെ ചികിത്സ നിയന്ത്രിക്കുന്നത്. പ്രധാനമന്ത്രിയുടെ മുന്‍ സ്പെഷ്യല്‍ അസിസ്റ്റന്‍റായിരുന്നു ഡോ.ഫൈസല്‍ സുല്‍ത്താന്‍.