വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡില്‍ വീണ്ടും അധികാരത്തിലെത്തിയ ലേബര്‍ പാര്‍ട്ടി മന്ത്രിസഭയില്‍ വൈവിധ്യങ്ങളുടെ പൂരം. ആദ്യമായാണ് ഗേ വിഭാഗത്തില്‍ നിന്നുള്ള ഒരാള്‍ ഉപപ്രധാനമന്ത്രിയാവുന്നത്. വിദേശകാര്യ മന്ത്രിയായിട്ടുള്ളത് മാവോറി ജനവിഭാഗത്തില്‍ നിന്നുള്ള നാനെയ് മഹുത്വയാണ്. ആദ്യമായാണ് ഗോത്ര വിഭാഗത്തില്‍ നിന്നുള്ള വനിത മന്ത്രിസാഥനത്ത് എത്തുന്നത്. പരമ്പരാഗത മാവോറി ടാറ്റൂ അണിയുന്ന വ്യക്തി കൂടിയാണ് നാനെയ് മഹുത്വ. 

Jacinda Ardern and new foreign minister Nanaia Mahuta

ഗേയാണെന്ന് പൊതുവായി പ്രഖ്യാപിച്ച ഗ്രാന്‍ഡ് റോബേര്‍ട്ട്സണാണ് ഉപപ്രധാനമന്ത്രിയായത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ചുക്കാന്‍ പിടിച്ചതും ഗ്രാന്‍ഡ് റോബേര്‍ട്ട്സണാണ്. മന്ത്രിസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന് നേതൃഗുണങ്ങളാണ് പരിഗണിച്ചതെന്നും വ്യക്തിത്വം മാനദണ്ഡമായില്ലെന്നും ജസീന്ത വിശദമാക്കി. ഇന്ത്യന്‍ വംശജയായ പ്രിയങ്ക രാധാകൃഷ്ണനും മന്ത്രിസഭയിലെത്തി. ന്യൂസിലാന്‍ഡ് മന്ത്രിസഭയില്‍ അംഗമാകുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജ കൂടിയാണ് പ്രിയങ്ക. 

Jacinda Ardern has unveiled her new cabinet

20 അംഗ മന്ത്രിസഭയില്‍ ഗോത്ര വര്‍ഗക്കാര്‍ക്കും സ്ത്രീകള്‍ക്കും ഒരു പോലെ പ്രാധാന്യം ജസീന്ത നല്‍കിയിട്ടുണ്ട്. രണ്ടാമതും ഭരണത്തിലെത്താന്‍ അവസരം നല്‍കിയ ജനത്തിന് ജസീന്ത നന്ദി പറഞ്ഞു. കൊവിഡ് പ്രതിസന്ധി സൃഷ്ടി സാമ്പത്തിക വെല്ലുവിളികള്‍ അതിജീവിക്കുകയാണ് പ്രഥമ പരിഗണനയെന്ന് ജസീന്ത ആർഡന്‍ തിങ്കളാഴ്ച വ്യക്തമാക്കി. 

grant robertson ap

കൊവിഡിനെ വിജയകരമായി പ്രതിരോധിച്ച ന്യൂസീലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ വൻ ഭൂരിപക്ഷത്തോടെയാണ് വീണ്ടും അധികാരത്തിലെത്തിയത്.  120 അംഗ പാർലമെന്റിൽ ജസീന്തയുടെ ലിബറൽ ലേബർ പാർട്ടി 64 സീറ്റുകൾ ഉറപ്പാക്കി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയിരുന്നു. ജസീന്തയുടെ പാർട്ടി 49 ശതമാനം വോട്ടുകൾ നേടിയപ്പോൾ മുഖ്യപ്രതിപക്ഷമായ കൺസർവേറ്റിവ് നാഷണൽ പാർട്ടിക്ക് 27 ശതമാനം വോട്ടു മാത്രമാണ് ലഭിച്ചത്.