ഭീകരവാദത്തിനെതിരെ ഒന്നിച്ച് പോരാടാൻ ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഭീകരവാദ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നവർക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട സംയുക്ത പ്രസ്താവനയിൽ യുക്രൈൻ യുദ്ധത്തിലും ഇറാനിലെ സാഹചര്യത്തിലും പ്രസ്താവന ആശങ്ക രേഖപ്പെടുത്തി
ദില്ലി: ആഗോള തലത്തിൽ വെല്ലുവിളിയായ ഭീകരവാദത്തിനെതിരെ ഒന്നിച്ച് എതിർക്കാൻ ഇന്ത്യയും യൂറോപ്യൻ യൂണിയനും തീരുമാനിച്ചു. ഭീകരവാദത്തെയും ഭീകരവാദ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നവർക്കുമെതിരെ ശക്തമായ നടപടികളുണ്ടാകണമെന്ന് സംയുക്ത പ്രസ്താവനയിലൂടെ ഇന്ത്യയും യൂറോപ്യൻ യൂണിയനും ആവശ്യപ്പെട്ടു. ചരിത്രം കുറിച്ച വ്യാപാര കരാർ ഒപ്പിട്ട ശേഷമായിരുന്നു സംയുക്ത പ്രസ്താവന. ചെങ്കോട്ട സ്ഫോടനം, പഹൽഗാം ആക്രമണം എന്നിവയെ ശക്തമായി അപലപിച്ച പ്രസ്താവനയിൽ, അതിർത്തി കടന്നുള്ള ഭീകരവാദത്തെയും ഭീകരപ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നവരെയും നേരിടാൻ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി. യുക്രൈൻ യുദ്ധത്തിലും ഇറാനിലെ യുദ്ധ സാഹചര്യത്തിലും പ്രസ്താവനയിൽ ആശങ്ക രേഖപ്പെടുത്തി. യുക്രൈനിൽ സമാധാനം പുനഃസ്ഥാപിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്ര ഇടപെടലുകൾ ഉണ്ടാകുമെന്ന് യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ പ്രത്യാശ പ്രകടിപ്പിച്ചു.
വിശദവിവരങ്ങൾ
ലോകത്തെ ഏറ്റവും വലിയ വ്യാപാര കരാറിലാണ് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ഒപ്പ് വച്ചിരിക്കുന്നത്. ട്രംപിന്‍റെ ഭീഷണിയെ ധൈര്യപൂര്‍വം മറികടക്കാനുള്ള കരുത്താണ് കരാറിലേര്‍പ്പെട്ട ഇന്ത്യക്കും 27 രാജ്യങ്ങളുടെ കൂട്ടായ്മയായ യൂറോപ്യന്‍ യൂണിയനും കിട്ടിയിരിക്കുന്നത്. യുക്രെയ്ന്‍ യുദ്ധത്തിലും, ഇറാനിലെ സാഹചര്യത്തിലും ആശങ്കയറിച്ചുള്ള സംയുക്ത പ്രസ്താവനയും തീവ്രാവദത്തിലെ പാക് പങ്കിനെ കടുത്ത ഭാഷയില്‍ പരോക്ഷമായി വിമര്‍ശിച്ചതും ഇന്ത്യക്കുള്ള ശക്തമായ പിന്തുണയുടെ ആദ്യ സൂചനയായി. 2007ല്‍ തുടങ്ങിയ ചര്‍ച്ചകൾ രണ്ട് പതിറ്റാണ്ടിനിപ്പുറമാണ് യാഥാർത്ഥ്യമായത്. ബൗദ്ധിക സ്വത്തവകാശം, പൊതുസംഭരണം, തൊഴില്‍ മാനദണ്ഡങ്ങള്‍ തുടങ്ങി പല വിഷയങ്ങളില്‍ തട്ടി സ്തംഭിച്ച ചര്‍ച്ച 2022 ല്‍ പൊടി തട്ടിയെടുക്കുകയും ഇന്ന് പൂര്‍ത്തീകരിക്കുകയുമായിരുന്നു. കരാറോടെ അടുത്ത അഞ്ച് വര്‍ഷം കൊണ്ട് 50 ശതമാനത്തോളം കുതിച്ച് ചാട്ടമായിരിക്കും ഇന്ത്യയുടെ കയറ്റുമതിയിലുണ്ടാകുകയെന്നാണ് കണക്ക് കൂട്ടല്‍. ആഗോള ജി ഡി പിയുടെ 25 ശതമാനവും, ആഗോള വ്യാപാരത്തിന്‍റെ മൂന്നിലൊന്നുമാണ് കരാര്‍ പ്രതിനിധീകരിക്കുന്നത്. 200 കോടിയോളം പേര്‍ക്കാകും കരാറിന്‍റെ പ്രയോജനം ലഭിക്കുകയെന്നും വിലയിരുത്തപ്പെടുന്നു. അടുത്ത 15 വര്‍ഷം കൊണ്ട് നൂറ് ബില്യണ്‍ ഡോളറിന്‍റെ വിദേശ നിക്ഷേപമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. കയറ്റുമതി വര്‍ധിപ്പിക്കുന്നതിനൊപ്പം, ഉത്പാദന ശൃംഖലയില്‍ മുന്‍പന്തിയിലെത്താമെന്നുമാണ് വിലയിരുത്തല്‍.
തീരുവ ഭീഷണിക്കിടെ യൂറോപ്യന്‍ യൂണിയനുമായി ഇന്ത്യ ഏര്‍പ്പെട്ട കരാര്‍ ട്രംപിനെ ആശങ്കപ്പെടുത്തുന്നതാണ്. അമേരിക്കന്‍ പ്രസിഡന്‍റ് ഉയര്‍ത്തിയ തീരുവ ഭീഷണിക്കിടെയാണ് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും കരുക്കള്‍ നീക്കിയതെന്നതും ശ്രദ്ധേയമാണ്. കരാറിന് പിന്നാലെ റഷ്യ - യുക്രെയ്ന്‍ യുദ്ധത്തിന് ഇന്ധനം നല്‍കുന്നത് യൂറോപ്യന്‍ യൂണിയനാണെന്നും, ആ പ്രതിസന്ധി പരിഹരിക്കാന്‍ ഏറെ പരിശ്രമിച്ചുവെന്നുമുള്ള അമേരിക്കയുടെ പ്രതികരണം അതൃപ്തിയുടെ തെളിവാണ്. യുക്രെയന്‍ - റഷ്യ യുദ്ധം അവസാനിപ്പിക്കേണ്ടതാണെന്ന് കരാറിലെ സംയുക്ത പ്രസ്താവനയില്‍ യൂറോപ്യന്‍ യൂണിയന്‍റെ നിലപാട് ഉരുളക്ക് ഉപ്പേരിപോലെയുള്ള മറുപടിയാണെന്ന് വിലയിരുത്താം.


