കാനഡയുടെ ആക്ടിംഗ് ഹൈക്കമ്മീഷണർ ഉൾപ്പെടെയുള്ള കനേഡിയൻ നയതന്ത്രജ്ഞരെ ഇന്ത്യ പുറത്താക്കിയിരുന്നു. പിന്നാലെ, ഇന്ത്യൻ നയതന്ത്ര ഉദ്യോ​ഗസ്ഥരെ കാനഡയും പുറത്താക്കി.

ദില്ലി: ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വീണ്ടും സാധാരണ​ഗതിയിലാകുന്നു. കാനഡയിലെ ആൽബെർട്ടയിൽ നടന്ന ജി7 വേദിയിൽ ഇരു രാജ്യങ്ങളും തങ്ങളുടെ ഉന്നത നയതന്ത്ര ഉദ്യോ​ഗസ്ഥരെ പുനഃസ്ഥാപിക്കാൻ തീരുമാനിച്ചു. സിഖ് വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യയാണെന്ന കാനഡയുടെ ആരോപണത്തെത്തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിലുണ്ടായത്. 

കാനഡയുടെ ആക്ടിംഗ് ഹൈക്കമ്മീഷണർ ഉൾപ്പെടെയുള്ള കനേഡിയൻ നയതന്ത്രജ്ഞരെ ഇന്ത്യ പുറത്താക്കിയിരുന്നു. പിന്നാലെ, ഇന്ത്യൻ നയതന്ത്ര ഉദ്യോ​ഗസ്ഥരെ കാനഡയും പുറത്താക്കി. 

ജി 7 ഉച്ചകോടിയിൽ അതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കനേഡിയൻ പ്രധാനമന്ത്രി മൈക്ക് കാർണി ക്ഷണിച്ചിരുന്നു. കോമൺ‌വെൽത്ത് രാജ്യങ്ങൾക്കിടയിൽ അംബാസഡർമാർ നിർണായകമായതിനാൽ ഇരു രാജ്യങ്ങളും പുതിയ ഹൈക്കമ്മീഷണർമാരെ നിയമിക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഇരു രാജ്യങ്ങളിലെയും പൗരന്മാർക്കും ബിസിനസുകൾക്കും പതിവ് സേവനങ്ങൾ ലഭ്യമാകണമെന്ന ലക്ഷ്യത്തോടെയാണ് തീരുമാനമെന്നും ഇരുനേതാക്കളും അറിയിച്ചു. 

മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഭരണകാലത്താണ് തർക്കമുണ്ടായത്. കാനഡയിലെ ഇന്ത്യൻ പ്രവാസികളുടെ സജീവ സാന്നിധ്യത്തിന് പുറമെ, 9 ബില്യൺ ഡോളറിന്റെ വ്യാപാര ബന്ധത്തെയും പ്രശ്നങ്ങൾ പ്രതികൂലമായി ബാധിച്ചിരുന്നു. ആൽബെർട്ടയിൽ എത്തിയ മോദി, മൗണ്ടൻ റിസോർട്ടിലാണ് കാർണിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യ-കാനഡ ബന്ധം വളരെ പ്രധാനമാണെന്നും ഇന്ത്യയും കാനഡയും ഒരുമിച്ച് പ്രവർത്തിക്കണമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും ഇരു രാജ്യങ്ങളും ജനാധിപത്യ മൂല്യങ്ങൾ പങ്കിടുന്നുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി.

 മോദിയെ ജി7 ഉച്ചകോടിയിലേക്ക് സ്വാഗതം ചെയ്യാൻ കഴിഞ്ഞത് ഒരു വലിയ ബഹുമതിയാണെന്ന് കനേഡിയൻ പ്രധാനമന്ത്രി പറഞ്ഞു. മോദിയെ ഉച്ചകോടിയിലേക്ക് ക്ഷണിക്കാനുള്ള തീരുമാനത്തിനെതിരെ സിഖ് സംഘടനകളിലെ ചില വിഭാഗങ്ങളുടെ പ്രതിഷേധം കാർണി വകവെച്ചില്ല. തുടർന്ന് ഉച്ചകോടിക്ക് ഏറ്റവും അടുത്തുള്ള വലിയ നഗരമായ കാൽഗറിയിലെ തെരുവുകളിൽ സിഖ് പ്രതിഷേധക്കാർ റാലി നടത്തി.