നിജ്ജർ കൊലപാതകം: 'കാനഡയുടെ അന്വേഷണത്തോട് ഇന്ത്യ സഹകരിക്കണം', നിലപാട് ആവര്‍ത്തിച്ച് അമേരിക്ക
വിദേശ കാര്യമന്ത്രി എസ് ജയശങ്കറും യുഎസ് വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കനും തമ്മില്‍ കൂടിക്കാഴ്ച നടക്കാനിരിക്കേയാണ് അമേരിക്ക നിലപാടാവര്‍ത്തിക്കുന്നത്.

ദില്ലി: ഹര്‍ദീപ് സിംഗ് നിജ്ജറിന്‍റെ കൊലപാതകത്തില്‍ കാനഡ നടത്തുന്ന അന്വേഷണത്തോട് ഇന്ത്യ സഹകരിക്കണമെന്നാവര്‍ത്തിച്ച് അമേരിക്ക. വിദേശ കാര്യമന്ത്രി എസ് ജയശങ്കറും യുഎസ് വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കനും തമ്മില്‍ കൂടിക്കാഴ്ച നടക്കാനിരിക്കേയാണ് അമേരിക്ക നിലപാടാവര്‍ത്തിക്കുന്നത്. അതേസമയം, വിഷയത്തല്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് കടുപ്പിക്കുന്നതിനിടെ ദില്ലിയില്‍ ഖാലിസ്ഥാനി ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടു.
കാനഡ വിഷയം കത്തി നില്‍ക്കുന്നതിനിടെ ഇന്ത്യന്‍ സമയം ഇന്ന് രാത്രി 12 മണിക്കാണ് ജയശങ്കര്‍ ആന്‍റണി ബ്ലിങ്കന്‍ കൂടിക്കാഴ്ച നടക്കുന്നത്. യുഎന്‍ ജനറല്‍ അസംബ്ലിക്കിടെ ഇരു നേതാക്കളും കണ്ടെങ്കിലും ഇന്ത്യ കാനഡ നയതന്ത്ര വിഷയം ചര്‍ച്ചയായില്ലെന്നാണ് അമേരിക്ക വ്യക്തമാക്കിയത്. എന്നാല്‍ അന്വേഷണത്തോട് സഹകരിക്കണമെന്ന് ഒരുവേള ആന്‍റണി ബ്ലിങ്കന്‍ തന്നെ ആവശ്യപ്പെട്ട സാഹചര്യത്തില്‍ ഇന്നത്തെ കൂടിക്കാഴ്ച നിര്‍ണ്ണായകമാണ്. കൂടിക്കാഴ്ചയുടെ വിഷയം വ്യക്തമാക്കാനാവില്ലെന്നറിയിച്ച യുഎസ് വക്താവ് മാത്യു മില്ലര്‍, കൊലപാതകത്തില്‍ കാനഡ നടത്തുന്ന അന്വേഷണത്തോട് ഇന്ത്യ സഹകരിക്കണമെന്ന നിലപാട് നേരത്തെ മുമ്പോട്ട് വച്ചിരുന്നതാണെന്ന് പറഞ്ഞു. എന്നാല്‍ ഒരു തെളിവും കൈമാറാന്‍ കാനഡയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും, കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കില്ലെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബ്ലിങ്കനുമായുള്ള കൂടിക്കാഴ്ചയില്‍ വിഷയം ചര്‍ച്ചയായാല്‍ ഈ നിലപാട് വിദേശകാര്യമന്ത്രി ആവര്‍ത്തിച്ചേക്കും.
Also Read: ദില്ലിയിൽ വീണ്ടും ഖലിസ്ഥാൻ അനുകൂല ചുവരെഴുത്ത്
ഇതിനിടെ, ഹര്‍ദീപ് സുിംഗ് നിജ്ജര്‍ കാനഡയിലെ ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥരുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്ന മകന്‍ ബല്‍രാജ് സിംഗ് നിജ്ജറിന്‍റെ വെളിപ്പെടുത്തലിനോട് സര്‍ക്കാര്‍ ഇനിയും പ്രതികരിച്ചിട്ടില്ല. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ കാണുമായിരുന്നുവെന്ന വെളിപ്പെടുത്തല്‍ ഏറ്റെടുത്ത പ്രതിപക്ഷം സര്‍ക്കാരും തീവ്രവാദികളുമായുള്ള ബന്ധം കൂടുതല്‍ വെളിവായെന്ന് ആരോപിച്ചു. അതേസമയം ഖലിസ്ഥാന്‍ തീവ്രവാദത്തിനെതിരെ നടപടി കടുപ്പിക്കുന്നതിനിടെ ദില്ലിയില്‍ ഖലിസ്ഥാനി ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടത് കേന്ദ്ര സര്‍ക്കാര്‍ ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. സര്‍ക്കാരിനെ വെല്ലുവിളിച്ചുള്ളതെന്ന് സൂചനയുള്ള ചുവരെഴുത്തുകള്‍ കശ്മീരി ഗേറ്റ് ഫ്ലൈ ഓവറിലാണ് കണ്ടത്. മായ്ച്ചു കളഞ്ഞ ദില്ലി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ജി 20 ഉച്ചകോടി നടക്കുന്നതിനിടെ ദില്ലിയിലെ മെട്രോസ്റ്റേഷനുകളിലും ഖലിസ്ഥാനി ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.