ഓരോ ദിവസവും വഷളായി വരുന്ന ഇന്ത്യ - കാനഡ ബന്ധം; കാരണമെന്ത്? അനന്തരഫലങ്ങൾ എന്താകും
പഞ്ചാബ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സിഖുകാരുള്ളത് കാനഡയിലാണ്. ഏതാണ്ട് നാല് കോടിയോളമുള്ള കാനഡയിലെ ആകെ ജനസംഖ്യയിൽ 2.1 ശതമാനവും സിഖുകാരാണ്.

ഇന്ത്യയും കാനഡയും തമ്മിലെ ബന്ധത്തിൽ ഉലച്ചിലുകളുണ്ടാകാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ദിനംപ്രതി അത് കൂടുതൽ വഷളാകുകയുമാണ്. ഇരു രാജ്യങ്ങളും മുതിർന്ന നയതന്ത്ര പ്രതിനിധികളെ പരസ്പരം പുറത്താക്കുന്നത് വരെയെത്തി കാര്യങ്ങൾ. ഇന്ത്യയിലുള്ള കനേഡിയൻ പൗരന്മാർക്കും കാനഡയിലുള്ള ഇന്ത്യൻ പൗരന്മാർക്കും രണ്ട് കൂട്ടരും മുന്നറിയിപ്പുകളും നൽകിക്കഴിഞ്ഞു. പ്രശ്നം ഗുരുതരമാകുന്നതിനിടെ ഒരു ഖലിസ്ഥാൻ ഭീകരവാദികൂടി കാനഡയിൽ കൊല്ലപ്പെട്ടിട്ടുണ്ട്. നേരത്തെ കൊല്ലപ്പെട്ട ഖലിസ്ഥാൻ ഭീകരവാദി ഹർദിപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിന് സമാനമായാണ് സുഖ ദുനേകയും കൊല്ലപ്പെട്ടത് എന്നാണ് വിവരങ്ങൾ.
എന്താണ് ഇന്ത്യക്കും കാനഡയ്ക്കുമിടയിൽ സംഭവിക്കുന്നത്? എന്തായിരിക്കും ഇതിന്റെ അനന്തരഫലങ്ങൾ?
പഞ്ചാബ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സിഖുകാരുള്ളത് കാനഡയിലാണ്. ഏതാണ്ട് നാല് കോടിയോളമുള്ള കാനഡയിലെ ആകെ ജനസംഖ്യയിൽ 2.1 ശതമാനവും സിഖുകാരാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് കാനഡയിലേക്കുള്ള സിഖ് കുടിയേറ്റം ആരംഭിക്കുന്നത്. ഇന്ത്യയിൽ ഖലിസ്ഥാൻ പ്രസ്ഥാനത്തിനുണ്ടായ വളർച്ചയും പിന്നീട് അത് നേരിട്ട തകർച്ചയും ഈ കുടിയേറ്റത്തിന്റെ ആക്കം കൂട്ടി.
1974 മെയ് മാസത്തില്‍ രാജസ്ഥാനിലെ പൊഖ്റാനില്‍ ഇന്ത്യ നടത്തിയ ആണവ പരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ - കാനഡ ബന്ധത്തിൽ ഉലച്ചിലുകളുണ്ടായി. സമാധാന ആണവോര്‍ജ്ജത്തിനായി കാനഡ നല്‍കിയ കാന്‍ഡ്‌യു റിയാക്ടറുകള്‍ അഥവാ Canada Deuterium Uranium റിയാക്ടറുകൾ സൈനിക ആവശ്യത്തിന് ഇന്ത്യ ഉപയോഗിച്ചുവെന്നായിരുന്നു കാനഡയുടെ ആരോപണം. ഈ പ്രശ്നമുണ്ടാകുന്ന കാലത്ത് പഞ്ചാബില്‍ ഖലിസ്ഥാൻ പ്രസ്ഥാനം പിടിമുറുക്കുകയായിരുന്നു. രാജ്യത്ത് രാഷ്ട്രീയ പീഡനം നേരിടേണ്ടിവരുന്നു എന്നാരോപിച്ച് നിരവധി സിഖുകാര്‍ കാനഡയില്‍ അഭയാര്‍ത്ഥികളായി കുടിയേറാൻ തുടങ്ങിയതും ഈ സമയത്തുതന്നെയാണ്.
തുടക്കത്തിൽ കാനഡയിലേക്ക് കുടിയേറിയ ഖലിസ്ഥാൻ നേതാക്കളും അവരുടെ അനുയായികളും കാര്യമായ ഇംഗ്ലീഷ് പരിജ്ഞാനം ഉള്ളവരായിരുന്നില്ല. എന്നാൽ 21-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഈ സ്ഥിതിഗതികൾക്ക് മാറ്റമുണ്ടായി. ഖലിസ്ഥാൻ പ്രസ്ഥാനത്തോട് ചായ്‌വുള്ളവരും ഇംഗ്ലീഷ് പരിജ്ഞാനമുള്ളവരും വിദ്യാസമ്പന്നരുമായ ഒരുകൂട്ടം കാനഡയിൽ ഉയർന്നുവരാൻ തുടങ്ങി. ഇതിൽ പലരും 1980 കളിൽ കാനഡയിലേക്ക് കുടിയേറിയ ഖലിസ്ഥാൻ അനുകൂലികളുടെ മക്കളായിരുന്നു.
ഇത് കാനഡയിൽ ഖലിസ്ഥാൻ പ്രസ്ഥാനത്തിന് കൂടുതൽ വളർച്ചയുണ്ടാകാൻ കാരണമായി. 1990 കളുടെ അവസാനത്തോടെ ഇന്ത്യയില്‍ ഖലിസ്ഥാൻ പ്രസ്ഥാനം നിർജീവമായി. എന്നാൽ കാനഡയിൽ ഖലിസ്ഥാൻ വാദികളും ആ പ്രസ്ഥാനവും വളരെ സജീവമായി തുടരുകയാണുണ്ടായത്. ഇത് സംബന്ധിച്ച് ഇന്ത്യയുടെ ഭാഗത്തുനിന്ന് പലതവണ വിമർശനങ്ങളും പരാതികളും ഉയർന്നിരുന്നു.
ഖലിസ്ഥാൻ വാദികളോടുള്ള കാനഡയുടെ മൃദുസമീപനത്തെക്കുറിച്ച് 1982ൽ അന്ന് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അന്നത്തെ കനേഡിയന്‍ പ്രധാനമന്ത്രി പിയെറി ട്രൂഡോയോട് പരാതിപ്പെട്ടിരുന്നു. ഇപ്പോഴത്തെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പിതാവായിരുന്നു പിയെറി ട്രൂഡോ. 2010ലും ടൊറന്റോയില്‍ നടന്ന ജി-20 ഉച്ചകോടിയിൽ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഇതേ വിഷയത്തിലുള്ള ഇന്ത്യയുടെ അമര്‍ഷം കനേഡിയന്‍ പ്രധാനമന്ത്രിയായിരുന്ന സ്റ്റീഫന്‍ ഹാര്‍പറെ അറിയിച്ചിട്ടുണ്ട്.
2015 ൽ കാനഡയിൽ നടന്ന തെരഞ്ഞെടുപ്പിൽ ജസ്റ്റിൻ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടിക്ക് പലയിടത്തും ഖലിസ്ഥാൻ സംഘങ്ങളുടെ പിന്തുണ ലഭിച്ചു. പിന്നാലെ അധികാരത്തിലേറിയ ട്രൂഡോ തന്റെ മുപ്പതംഗ കാബിനറ്റിൽ നാല് സിഖ് വംശജരെ മന്ത്രിമാരായി നിയമിക്കുകയും ചെയ്തു. ഇതോടെ ഇന്ത്യക്കും കാനഡയ്ക്കും ഇടയിലെ നയതന്ത്രബന്ധത്തിൽ കൂടുതൽ പരസ്യമായ വിള്ളലുകളും വീണു. 2018ല്‍ എട്ടു ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനെത്തിയ ട്രൂഡോയെ സ്വീകരിക്കാന്‍ ഇന്ത്യയിലെ പ്രമുഖ മന്ത്രിമാര്‍ ആരും പോയില്ല.
ജസ്റ്റിൻ ട്രൂഡോയ്ക്കായി ദില്ലിയിലെ കാനഡ സ്ഥാനപതി കാര്യാലയം ഒരുക്കിയ വിരുന്ന് സത്കാരത്തിൽ ക്ഷണിതാവായി എത്തിയവരിൽ ഒരാൾ കുപ്രസിദ്ധ ഖലിസ്ഥാൻ വാദിയായ ജസ്പാല്‍ സിങ് അത്‌വാൽ ആയിരുന്നു. 1986 ൽ പഞ്ചാബ് മന്ത്രിയായിരുന്ന മല്‍കിയത് സിങ് സിദ്ധുവിനെ കാനഡയിലെ വാന്‍കൂവറില്‍വച്ച് വധിക്കാന്‍ ശ്രമിച്ചതിന് 20 വര്‍ഷം തടവില്‍ കിടന്നയാളാണ് അത്‌വാൽ. 2020 ൽ കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ ഇന്ത്യയിൽ കര്‍ഷകര്‍ നടത്തിയ പ്രതിഷേധത്തെ ട്രൂഡോ പിന്തുണച്ചതും വലിയ വാർത്തയായിരുന്നു.
1984 ലെ ബ്ലൂസ്റ്റാര്‍ ഓപ്പറേഷന്റെ 39-ാം വാര്‍ഷികത്തില്‍ കാനഡയില്‍ നടന്ന പരേഡിൽ പ്രദർശിപ്പിച്ച ഒരു ടാബ്ലോ ഇന്ത്യയിൽ വലിയ വിവാദങ്ങളുണ്ടാക്കി. ഇന്ദിരാഗാന്ധിയുടെ വധം പുനരാവിഷ്‌കരിക്കുന്ന ആ ടാബ്ലോയിൽ 'ദര്‍ബാര്‍ സാഹിബ് ആക്രമണത്തിനുള്ള പ്രതികാരം' എന്നെഴുതിയ പോസ്റ്ററുമുണ്ടായിരുന്നു. ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങളുടെ തുടക്കം ദില്ലിയിൽ നടന്ന ജി 20 ഉച്ചകോടിയിലായിരുന്നു എന്ന് വേണമെങ്കിൽ പറയാം. എന്നാൽ ഉച്ചകോടിക്ക് തൊട്ടുമുമ്പ് ഇന്ത്യയുമായുള്ള വ്യാപാരക്കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ താൽക്കാലികമായി നിര്‍ത്തുന്നതായി കാനഡ പ്രഖ്യാപിച്ചിരുന്നു.
ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ട്രൂഡോയ്ക്ക് അത്ര നല്ല സ്വീകരണമല്ല ലഭിച്ചതും. കാനഡയില്‍ ഖലിസ്ഥാൻവാദം കൂടിവരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങൾ നിയന്ത്രിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെടുക കൂടി ചെയ്തത് ട്രൂഡോയെ ശരിക്കും ചൊടിപ്പിച്ചു. ഇത് ജി 20 വേദിയിൽ ട്രൂഡോ അപമാനിതനായെന്ന വികാരം കാനഡയിലുമുണ്ടാക്കി. വിമാനം തകരാറിലായി ട്രൂഡോയും സംഘവും രണ്ട് ദിവസം ഡല്‍ഹിയില്‍ കുടുങ്ങുക കൂടി ചെയ്തത് പ്രശ്നങ്ങൾ വഷളാക്കിയെന്നുവേണം കരുതാൻ. തിരികെ കാനഡയിലെത്തിയ ട്രൂഡോ ജൂൺ 19 നു കാനഡയിൽവച്ച് കൊല്ലപ്പെട്ട ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ പുറത്താക്കി. പിന്നാലെ കാനഡയുടെ ഒരു നയതന്ത്ര പ്രതിനിധിയെ ഇന്ത്യയും പുറത്താക്കിയതോടെ ഇരുരാജ്യങ്ങളും തമ്മിലെ പോര് ലോകത്തിനുമുന്നിൽ കൂടുതൽ വെളിവാക്കപ്പെട്ടു.
ഇന്ത്യയുമായുള്ള പ്രശ്നത്തിൽ ട്രൂഡോ പിന്തുണ തേടി സമീപിച്ചിരിക്കുന്നത് യുഎസ്, യുകെ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളെയാണ്. ഈ രാജ്യങ്ങൾ ഇന്ത്യയുമായി വളരെ അടുത്ത ബന്ധം പുലർത്തുന്നവരുമാണ്. അതുകൊണ്ടുതന്നെ തങ്ങളുടെ രണ്ട അടുത്ത സുഹൃത് രാജ്യങ്ങൾ തമ്മിലുണ്ടാകുന്ന ഈ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് അമേരിക്ക ഉൾപ്പെടയുള്ള രാജ്യങ്ങളുടെ കൂടി ആവശ്യമാണ്. എങ്കിലും നിലവിൽ നടക്കുന്ന സംഭവവികാസങ്ങൾ അത്ര പ്രതീക്ഷ നൽകുന്നവയല്ല.
ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധം കൂടുതൽ മോശമായാൽ അത് കാനഡയിലുള്ള ഇന്ത്യൻ വംശജരെയും വിദ്യാർത്ഥികളെയും മറ്റും ഏത് തരത്തിലാകും ബാധിക്കുക എന്നും പറയാനാവില്ല. കൂടുതൽ ഗുരുതരമായ നിലയിലേക്ക് പ്രശ്നങ്ങളെ എത്തിക്കാതിരിക്കാൻ ഇരുകൂട്ടരും മുൻകൈ എടുക്കേണ്ടതുണ്ട്. അതേസമയം ഇന്ത്യയുടെ അഖണ്ഡതയ്ക്ക് കടുത്ത ഭീഷണിയുയർത്തുന്ന ഖലിസ്ഥാൻ വാദം പ്രോത്സാഹിപ്പിക്കുന്ന നിലപാടിൽനിന്ന് കാനഡ പിന്തിരിയേണ്ടതും വളരെ പ്രധാനമാണ്.
കരിങ്കോഴി ഇനത്തിൽപെട്ട കോഴി ഇട്ടത് വെറൈറ്റി മുട്ട! കാണാൻ ചെന്നിത്തലയിൽ നാട്ടുകാരുടെ തിരക്ക്