ശ്രീലങ്കൻ ജനതയ്കക്കുള്ള പിന്തുണ തുടരുമെന്ന് ഇന്ത്യ, നിലപാട് വിശദീകരിച്ച് ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ
കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് ഗോത്തബായ രജപക്സെയെ രാജ്യം വിടാൻ സഹായിച്ചുവെന്ന റിപ്പോർട്ടുകൾ തള്ളി ഇന്ത്യ. ഭാര്യ ലോമ രജപക്സെക്കൊപ്പം രാജ്യം വിടാൻ ഗോത്തബായയെ ഇന്ത്യ സഹായിച്ചുവെന്ന മാധ്യമ റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ വ്യക്തമാക്കി. ശ്രീലങ്കൻ ജനതയ്കക്കുള്ള ഇന്ത്യയുടെ പിന്തുണ തുടരുമെന്ന് ഹൈക്കമ്മീഷൻ അറിയിച്ചു.
ജനകീയ പ്രക്ഷോഭങ്ങൾ തുടരുന്നതിനിടെയാണ് ഭാര്യക്കൊപ്പം രജപക്സെ മാലിദ്വീപിലെത്തിയത്. സൈനിക വിമാനത്തിലാണ് പ്രസിഡന്റ് രക്ഷപ്പെട്ടതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഗോത്തബായയും കുടുംബവും ഇന്നലെ രണ്ട് തവണ രാജ്യം വിടാൻ ശ്രമിച്ചെങ്കിലും വിമാനത്താവളത്തിൽ വച്ച് യാത്രക്കാർ തന്നെ ഇവരെ തടഞ്ഞിരുന്നു. തുടർന്നാണ് സൈനികവിമാനത്തിൽ രക്ഷപ്പെട്ടത്. ആദ്യം മാലിദ്വീപിൽ വിമാനത്തിന് ലാൻഡ് ചെയ്യാൻ അനുമതി നൽകിയില്ലെങ്കിലും മാലിദ്വീപ് സ്പീക്കർ മജ്‍ലിസും മുൻ പ്രസിഡന്‍റ് മുഹമ്മദ് നഷീദും ഇടപെട്ടതോടെയാണ് വിമാനം ഇറക്കാൻ അനുമതിയായത്. ഇതിന് ഇന്ത്യ സഹായിച്ചുവെന്ന ആരോപണമാണ് ഉയർന്നത്.
ജനകീയ പ്രക്ഷോഭങ്ങൾക്കൊടുവിൽ രാജ്യം വിട്ട് ശ്രീലങ്കൻ പ്രസിഡന്‍റ്; ഭാര്യക്കൊപ്പം മാലിദ്വീപിലെത്തി
സുരക്ഷിതമായി രാജ്യം വിടാൻ അനുവദിച്ചാൽ രാജി നൽകാമെന്ന ഉപാധിയാണ് രജപക്സെ മുന്നോട്ട് വച്ചിരുന്നത്. ഗോത്തബായ രാജ്യം വിട്ടതോടെ പുതിയ പ്രസിഡന്‍റ് ആരാകുമെന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയെ പുതിയ പ്രസിഡന്റായി നാമനിർദേശം ചെയ്യാൻ പ്രതിപക്ഷ പാർട്ടികൾ ധാരണയിലെത്തി. അതേസമയം അധികാരത്തിൽ അള്ളിപ്പിടിച്ചിരിക്കുന്ന ഗോത്തബായ രാജി നൽകാതെ കൊട്ടാരം വിടില്ലെന്ന തീരുമാനത്തിലാണ് പ്രക്ഷോഭകാരികൾ.
