ഇസ്രയേലിനെ അപലപിച്ചുകൊണ്ട് പുറത്ത് വന്ന പ്രസ്താവനയിലുള്ള ചർച്ചയിൽ ഇന്ത്യ പങ്കാളിയല്ലെന്നുള്ള വിശദീകരണവും വന്നിട്ടുണ്ട്.
ടെഹ്റാന്‍: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇസ്രയേലിനെ അപലപിച്ച ഷങ്ഹായ് സഹകരണ സംഘടന. എന്നാല്‍ സംഘടന പുറത്തിറക്കിയ പ്രസതാവനയിൽ നിന്നും ഇന്ത്യ മാറിനില്‍ക്കുകയാണ്. സംഘർഷം ചർച്ചയിലൂടെ അവസാനിപ്പിക്കണമെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യം ഷാങ്ഹായ് സഹകരണ സംഘടനയെ അറിയിച്ചിരുന്നുവെന്നാണ് വിദേശകാര്യ വക്താവ് നിലവില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇസ്രയേലിനെ അപലപിച്ചുകൊണ്ട് പുറത്ത് വന്ന പ്രസ്താവനയിലുള്ള ചർച്ചയിൽ ഇന്ത്യ പങ്കാളിയല്ലെന്നുള്ള വിശദീകരണവും വന്നിട്ടുണ്ട്.
പശ്ചിമേഷ്യയില്‍ വീണ്ടും അശാന്തി പുകച്ച് ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്. ഇറാനിലെ സൈനിക, ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നടത്തിയ വ്യോമാക്രമണത്തിന് കനത്ത മറുപടി നല്‍കി ടെല്‍ അവീവിലേക്ക് അടക്കം ഇന്നലെ രാത്രി ഇറാന്‍ ശക്തമായ മിസൈലാക്രമണം നടത്തിയിരുന്നു. ലോകത്ത് ഏറ്റവും കരുത്തുറ്റത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇസ്രയേല്‍ വ്യോമ പ്രതിരോധ സംവിധാനത്തില്‍ വിള്ളല്‍ വീഴ്ത്തി ബാലിസ്റ്റിക് മിസൈലുകള്‍ ടെല്‍ അവീവില്‍ വീഴ്‌ത്താന്‍ ഇറാനായി. ബുധനാഴ്ച രാത്രിയില്‍ ഇസ്രായേല്‍ ഇറാനെതിരെ വ്യോമാക്രമണം നടത്തിയതോടെയാണ് പശ്ചിമേഷ്യ സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. ഇറാന്റെ ആണവ - സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേല്‍ ആക്രമണം. ഇതിന് പിന്നാലെ ഇറാന്‍ തിരിച്ചടിച്ചതോടെ മധ്യപൂര്‍വദേശത്ത് അശാന്തി രൂപപ്പെട്ടു. ഇരുരാജ്യങ്ങളും ശക്തമായ വ്യോമാക്രമണമാണ് നടത്തുന്നത്. ഇസ്രയേലിനെ നടുക്കി കൊണ്ടായിരുന്നു ഇറാന്റെ കനത്ത തിരിച്ചടി. ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ഇറാൻ നടത്തിയ ആക്രമണത്തിൽ 40 ഇസ്രായേലി പൗരന്മാർക്ക് പരിക്കേറ്റു. ജറുസലേമിൽ ഉഗ്ര സ്ഫോടനം ഉണ്ടായി. ഇറാന്റെ ആണവ ശാസ്ത്രജ്ഞരും സൈനിക മേധാവികളും അടങ്ങുന്ന ഉന്നത നിരയെ കഴിഞ്ഞ ദിവസം ഇസ്രായേൽ കൊലപ്പെടുത്തിയിരുന്നു. ഇതിന് തിരിച്ചടി ആയാണ് ഇറാന്റെ ആക്രമണം.
