ഇന്ത്യയും ഇറാനും സംയുക്തമായി വികസിപ്പിക്കുന്ന തുറമുഖം അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കുമുള്ള പ്രധാന കവാടമായാണ് ഇന്ത്യ കാണുന്നത്. തുറമുഖത്തിലെ ഇന്ത്യൻ നീക്കത്തിന് തടസ്സം വരാതിരിക്കാനുള്ള വഴികൾ ഇന്ത്യ ആലോചിക്കും

ദില്ലി: ഇറാനിലെ ഛാബഹാർ തുറമുഖത്തിന് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയത് വിലയിരുത്തി ഇന്ത്യ. ഇതുവരെ നൽകിയിരുന്ന ഇളവ് യു എസ് പിൻവലിച്ചത് ഇന്ത്യയുടെ ചരക്കു നീക്കത്തെ കാര്യമായി ബാധിച്ചേക്കും. ഇന്ത്യയും ഇറാനും സംയുക്തമായി വികസിപ്പിക്കുന്ന തുറമുഖം അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കുമുള്ള പ്രധാന കവാടമായാണ് ഇന്ത്യ കാണുന്നത്. തുറമുഖത്തിലെ ഇന്ത്യൻ നീക്കത്തിന് തടസ്സം വരാതിരിക്കാനുള്ള വഴികൾ ഇന്ത്യ ആലോചിക്കും. അമേരിക്ക പ്രഖ്യാപിച്ച ഇരട്ട തീരുവ നവംബർ അവസാനം പിൻവലിച്ചേക്കുമെന്ന സൂചനകൾക്കിടെയാണ് ഈ ഉപരോധം വരുന്നത് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.

നവംബർ അവസാനത്തോടെ ഇന്ത്യ - അമേരിക്ക വാണിജ്യ കരാറിന് അന്തിമ രൂപം നൽകാനാകും എന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരൻ കഴിഞ്ഞ ദിവസം സൂചന നൽകിയിരുന്നു. നരേന്ദ്ര മോദി അടുത്ത സുഹൃത്താണെങ്കിലും യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ തനിക്ക് ഇന്ത്യക്കെതിരെ തീരുവ ചുമത്തേണ്ടി വന്നു എന്നാണ് യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറയുന്നത്.

സൗദി-പാക് പ്രതിരോധ കരാർ: പ്രതികരിച്ച് ഇന്ത്യ

അതിനിടെ സൗദി-പാക് പ്രതിരോധ കരാറിൽ പ്രതികരിച്ച് ഇന്ത്യ രംഗത്തെത്തിയത് ആഗോള തലത്തിൽ ശ്രദ്ധേയമായി. സൗദി അറേബ്യയുമായുള്ളത് വിവിധ മേഖലകളിലെ തന്ത്രപ്രധാന പങ്കാളിത്തമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞത്. സൗദി- പാകിസ്ഥാൻ സൈനിക സഹകരണ കരാറിലെ അതൃപ്തി വ്യക്തമാക്കിയാായിരുന്നു പ്രതികരണം. സൗദിയും ഇന്ത്യയും കമ്മിലെ തന്ത്രപ്രധാന ബന്ധത്തിൽ രണ്ടു രാജ്യങ്ങളുടെയും താത്പര്യങ്ങളും വിഷയങ്ങളും പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഛാബഹാർ തുറമുഖത്തിൻറെ ഉപരോധ ഇളവ് അമേരിക്ക പിൻവലിച്ചത് പഠിക്കുകയാണെന്ന് വ്യക്തമാക്കിയ രൺധീർ ജയ്‌സ്വാൾ അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ നല്ല അന്തരീക്ഷത്തിൽ നടന്നുവെന്നും വ്യക്തമാക്കി.

നയതന്ത്ര വിജയമായി കണക്കാക്കി പാകിസ്ഥാൻ

സൗദി അറേബ്യയും പാകിസ്ഥാനും തമ്മിൽ പ്രതിരോധ കരാറിൽ ഒപ്പുവെച്ചതാണ് ഇന്ത്യയുടെ ആശങ്ക വർധിപ്പിക്കുന്നത്. ഈ കരാർ ഇന്ത്യയ്ക്ക് എതിരായ വലിയ നയതന്ത്ര വിജയമായി പാകിസ്ഥാൻ കണക്കാക്കുന്നു. സ്ഥിതിഗതികൾ ഇന്ത്യയും സൂക്ഷ്മമമായി നിരീക്ഷിക്കുന്നുണ്ട്. രണ്ടിൽ ഏതെങ്കിലും ഒരു രാജ്യത്തിനെതിരെയുള്ള ഏതൊരു ആക്രമണവും ഇരു രാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്നാണ് കരാറിൽ പറയുന്നത്. നാറ്റോ ശൈലിയിലുള്ള പ്രതിരാധ കരാറാണിത്. പാകിസ്ഥാനും സൗദി അറേബ്യയും തമ്മിൽ പതിറ്റാണ്ടുകളായി അനൗപചാരികമായി പ്രതിരോധ സഹകരണമുണ്ട്. എന്നാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ മേഖലയിലെ ബന്ധം ഔപചാരികമാക്കുന്നതിന്റെ ഭാഗമായുള്ള നീക്കമായാണ് പുതിയ കരാർ വിലയിരുത്തപ്പെടുന്നത്.