ദില്ലി: യുദ്ധത്തിനും മടിക്കില്ലെന്ന സന്ദേശമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നത്തെ വ്യോമ മിന്നലാക്രമണത്തിലൂടെ പാകിസ്ഥാനും ലോകത്തിനും നൽകിയിരിക്കുന്നത്. ഭീകരതയ്ക്കെതിരെ നയതന്ത്ര നീക്കങ്ങളുടെ കാലം കഴിഞ്ഞെന്നും ഇന്ത്യ പ്രഖ്യാപിക്കുന്നു. ഇന്ത്യാ പാകിസ്ഥാൻ ഏറ്റുമുട്ടൽ ആണവയുദ്ധത്തിലേക്ക് നയിക്കാം എന്ന് ലോകം ഭയക്കുമ്പോഴാണ് മോദി ഈ ആക്രമണ ശൈലി പുറത്തെടുക്കുന്നത്.

ഇന്ത്യയും പാകിസ്ഥാനും ആണവശക്തികളാണ്. അപ്പോൾ എങ്ങനെ സൈനിക പരിഹാരം ഉണ്ടാക്കും. ഇന്ത്യ അടിച്ചാൽ തിരിച്ചടിക്കും. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇതു പറഞ്ഞ് അഞ്ചാം ദിനം ആണ് ഇന്ത്യൻ വ്യോമസേനയുടെ ഈ ബോംബിംഗ്. 

പാക് അധീന കശ്മീർ ഇന്ത്യയുടെ പ്രദേശമെന്നാണ് ഏന്നും രാജ്യത്തിന്‍റെ അവകാശവാദം. അതിനാൽ പാക് അധീന കശ്മീരിലെ ക്യാംപുകൾക്ക് നേരെയുള്ള ആക്രമണം ഇന്ത്യ ഭൂമിയിൽ നിന്ന് മുമ്പും ചെയ്തിട്ടുണ്ട്. എന്നാൽ ഇത് പാകിസ്ഥാനുള്ളിൽ കടന്നു കയറിയുള്ള വൻ ഓപ്പറേഷനാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്ഥാന് നല്കുന്ന സന്ദേശങ്ങൾ ഇവയാണ്

1. അടിക്ക് ശക്തമായ തിരിച്ചടി എന്നതാവും ഇന്ത്യയുടെ നയം
2. പാകിസ്ഥാൻറെ പക്കൽ ആണവായുധം ഉണ്ട് എന്നത് ഇന്ത്യയ്ക്ക് പ്രശ്നമല്ല. യുദ്ധമെങ്കിൽ യുദ്ധത്തിന് തയ്യാറാണ്
3. ഭീകരർക്കെതിരെ പാകിസ്ഥാൻ നടപടി എടുക്കണമെന്ന് നയതന്ത്ര തലത്തിൽ ആവശ്യപ്പെടുന്ന കാലം കഴിഞ്ഞു. ഇനി നേരിട്ട് നടപടിയെടുക്കും
4. ലോകം എന്തു ചിന്തിക്കുന്നു എന്നത് പ്രശ്നല്ല. ഇന്ത്യയുടെ താല്പര്യം സംരക്ഷിക്കാൻ ആവശ്യമായത് ചെയ്യും

പാകിസ്ഥാൻ തിരിച്ചടിക്കും എന്നു പറഞ്ഞു കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ഏത് രീതിയിൽ കാര്യങ്ങൾ വികസിക്കും എന്ന് ഇപ്പോൾ പറയാനാവില്ല. അമേരിക്ക ഒസാമ ബിൻ ലാദൻറെ കാര്യത്തിൽ കാട്ടിയ നയം ഇന്ത്യയും സ്വീകരിക്കും എന്ന് പാകിസ്ഥാൻ കരുതിയിരുന്നില്ല. കരമാർഗ്ഗം ഉള്ള ഒരു നടപടിയേ പാകിസ്ഥാൻ പ്രതീക്ഷിച്ചിരുന്നുള്ളു എന്ന് ഇന്ത്യൻ വിമാനങ്ങൾ സുരക്ഷിതമായി മടങ്ങിയത് സൂചിപ്പിക്കുന്നു. 

1998ൽ ലോകത്തെ അവഗണിച്ച് എബി വാജ്പേയി ആണവപരീക്ഷണം നടത്തിയതു പോലുള്ള ഒരു നീക്കം മോദിയും നടത്തിയിരിക്കുന്നു.  2016ലെ മിന്നലാക്രമണത്തിനു ശേഷമുള്ള അന്തരീക്ഷം ഉത്തർപ്രദേശിൽ ബിജെപിയെ അധികാരത്തിലെത്തിക്കുന്നതിൽ ഒരു പങ്കു വഹിച്ചു. അതിനു അപ്പുറത്തുള്ള ഈ നടപടി രാഷ്ട്രീയ അന്തരീക്ഷം അനുകൂലമാക്കാൻ ബിജെപിയെ സഹായിക്കും.