റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന വാദം അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് ആവർത്തിക്കുന്നത് ഇന്ത്യ യുഎസ് ബന്ധത്തിൽ കല്ലുകടിയാകുന്നു
ദില്ലി: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന വാദം അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് ആവർത്തിക്കുന്നത് ഇന്ത്യ യുഎസ് ബന്ധത്തിൽ കല്ലുകടിയാകുന്നു. ട്രംപിനോട് എന്നും പ്രതികരിക്കേണ്ടതില്ലെന്ന നിലപാടാണ് നിലവില്‍ വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്. വ്യാപാര കരാറിന് സമയപരിധി നിശ്ചയിക്കാനാകില്ലെന്ന് വാണിജ്യമന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ യുക്രൈന്‍ പ്രസിഡൻറ് വ്ളോദിമിർ സെലൻസ്കിയുമായി നടത്തിയ വാർത്താസമ്മേളനത്തിനിടെയാണ് യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഇന്ത്യയെക്കുറിച്ച് വീണ്ടും പരാമർശം നടത്തിയത്. റഷ്യൻ എണ്ണ വാങ്ങേണ്ടെന്ന് ഇന്ത്യ തീരുമാനിച്ചു എന്നാണ് ട്രംപ് വ്യക്തമാക്കിയത്.
റഷ്യൻ എണ്ണ വാങ്ങുന്നത് നിര്‍ത്തും എന്ന് നരേന്ദ്ര മോദി തന്നെ അറിയിച്ചു എന്ന് വ്യാഴാഴ്ച ട്രംപ് പറഞ്ഞത് വിദേശകാര്യമന്ത്രാലയം തള്ളികളഞ്ഞിരുന്നു. ഇതിനു ശേഷവും ട്രംപ് ഈ വാദം ആവർത്തിച്ചത് സർക്കാരിന് തലവേദനയാകുകയാണ്. എന്തുകൊണ്ട് നരേന്ദ്ര മോദി നേരിട്ട് ഇതിനോട് പ്രതികരിക്കുന്നില്ലെന്ന് കോൺഗ്രസ് ചോദിച്ചു. എന്നാൽ ട്രംപിനോട് എന്നും പ്രതികരിക്കേണ്ട കാര്യമില്ലെന്ന് ഉന്നതവൃത്തങ്ങൾ ചൂണ്ടിക്കാട്ടി. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിറുത്താൻ കമ്പനികൾക്ക് ഇതുവരെ സർക്കാർ നിർദ്ദേശം നല്കിയിട്ടില്ല. അങ്ങനെ ഒരു തീരുമാനം എടുത്താൽ തന്നെ അത് വിപണി വിലയുടെ അടിസ്ഥാനത്തിലായിരിക്കുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. അതേസമയം ഇന്ത്യ അമേരിക്ക വ്യപാരകരാറിനുള്ള ചർച്ചകൾ നല്ല അന്തരീക്ഷത്തിലാണ് നടക്കുന്നതെന്ന് വാണിജ്യമന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു. ഏതൊക്കെ മേഖലകളിൽ യോജിപ്പിലെത്തിയെന്ന് തല്ക്കാലം പറയാനാവിലെന്നും മന്ത്രി വ്യക്തമാക്കി
ട്രംപിൻറെ സമ്മർദ്ദത്തിന് ഇന്ത്യ വഴങ്ങി എന്ന സന്ദേശം യുഎസ് നല്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് സർക്കാർ വ്യത്തങ്ങൾ പറയുന്നത്. നവംബർ അവസാനത്തോടെ കരാർ യാഥാർത്ഥ്യമാക്കാൻ നേരത്തെ ആലോചനയുണ്ടായിരുന്നെങ്കിലും പുതിയ സാഹചര്യതതിൽ ഇത് വൈകാനാണ് സാധ്യത.



