ഹോർമുസ് കടലിടുക്കിലെ സൈനിക നീക്കത്തിൽ പങ്കാളിയാവില്ലെന്ന് ഇന്ത്യ നിലപാടെടുത്തു. ഊർജ്ജ പ്രതിസന്ധി മറികടക്കുന്നതിനായി റഷ്യയിൽ നിന്ന് കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചർച്ചകൾ ആരംഭിച്ചു. നയതന്ത്ര നീക്കത്തിലൂടെ സമാധാനം പുനഃസ്ഥാപിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം
ദില്ലി: ഹോർമുസ് കടലിടുക്കിലെ ചരക്കു നീക്കം നിലച്ചതിൽ കടുത്ത ആശങ്ക അറിയിച്ചതിന് പിന്നാലെ റഷ്യൻ എണ്ണ കൂടുതലായി വാങ്ങാനുള്ള നീക്കം സജീവമാക്കി ഇന്ത്യ. ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് യു കെ വിളിച്ചയോഗത്തിൽ ഇന്ത്യ ശക്തമായ നിലപാടാണ് അറിയിച്ചത്. 60 രാജ്യങ്ങൾ പങ്കെടുത്ത യോഗത്തിൽ കടലിടുക്കിലെ ചരക്കു നീക്കം നിലച്ചതിൽ കടുത്ത ആശങ്ക ഇന്ത്യ അറിയിച്ചു. നയതന്ത്ര നീക്കത്തിലൂടെ സമാധാനം പുനസ്ഥാപിക്കണം എന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കുകയും ചെയ്തു. ചർച്ചയ്ക്ക് ഒടുവിലെ പ്രസ്താവനയിൽ ഇന്ത്യയുടെ നിലപാടും ഉൾപ്പെടുത്തിയത് നേട്ടമായി. ഹോർമുസിൽ സൈനിക നീക്കം ഉണ്ടായാൽ ഇന്ത്യ പങ്കാളിയാവില്ലെന്നാണ് സർക്കാർ നൽകുന്ന സൂചന. ഊർജ്ജ പ്രതിസന്ധി മറികടക്കാൻ റഷ്യയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങുന്നതിൽ കേന്ദ്രം ചർച്ച നടത്തി. ഇന്ത്യയിലെത്തിയ റഷ്യൻ ഉപപ്രധാനമന്ത്രിയുമായി നരേന്ദ്ര മോദി ഈക്കാര്യം സംസാരിച്ചു.
റഷ്യൻ എണ്ണയിൽ കണ്ണുവെച്ച് ഇന്ത്യ
റഷ്യയിൽ നിന്നുള്ള ഇറക്കുമതി മാർച്ചിൽ 90 ശതമാനം ഉയർന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഹോർമുസ് കടലിടുക്കിലുള്ള 18 ഇന്ത്യൻ കപ്പലുകളിൽ 5 എണ്ണത്തിന് കൂടി ഉടൻ കടലിടുക്ക് കടക്കാൻ അനുവാദം ലഭിക്കുമെന്നാണ് സൂചന. ഗ്രീൻ സാൻവി എന്ന എൽ പി ജി ടാങ്കറിന് ഹോർമുസ് കടക്കാൻ അനുവാദം ലഭിച്ചു. ഇതിനിടെ സംഘർഷം കൈകാര്യം ചെയ്തിൽ സർക്കാർ മികവ് കാട്ടിയെന്ന് കോൺഗ്രസ് എം പി ആനന്ദ്ശർമ്മ പറഞ്ഞത് കേന്ദ്രത്തിന് ഗുണമായി. വിഷയം പക്വമായാണ് ഇന്ത്യ കൈകാര്യം ചെയ്യുന്നതെന്നും കക്ഷി രാഷ്ട്രീയത്തിന്‍റെ അടിസ്ഥാനത്തിൽ വിഷയത്തെ കാണരുതെന്നും ആനന്ദ് ശർമ്മ പ്രതികരിച്ചു. ഹോർമുസ് കടക്കാനായതിൽ കൂടുതലും ഇന്ത്യൻ കപ്പലുകളാണെന്നും ആനന്ദ് ശർമ്മ ചൂണ്ടിക്കാട്ടി ഇന്ത്യ അമേരിക്കയ്ക്ക് കീഴടങ്ങിയെന്ന് രാഹുൽ ഗാന്ധി തുടർച്ചായി പറയുമ്പോഴാണ് പാർട്ടി പ്രവർത്തകസമിതി അംഗമായ ആനന്ദ് ശർമ്മ നരേന്ദ്രമോദിയുടെ നയത്തെ പുകഴ്ത്തുന്നത്.
