അമേരിക്ക, അർജൻറീന, ഹംഗറി, ഇസ്രായേൽ, മൈക്രോനേഷ്യ, നൗറു, പലാവു, പാപുവ ന്യൂ ഗിനിയ, എന്നീ എട്ട് രാജ്യങ്ങളാണ് എതിർത്ത് വോട്ട് ചെയ്തത്
ന്യൂയോർക്ക്: ഇസ്രയേലിനെതിരെ ഐക്യരാഷ്ട്ര സഭ പൊതുസഭയിൽ നിലപാട് പ്രഖ്യാപിച്ച് ഇന്ത്യ. ഇസ്രായേലിനെതിരായ രണ്ട് പ്രമേയങ്ങളെ അനുകൂലിച്ച് ഇന്ത്യ വോട്ടുചെയ്തു. പലസ്തീനിലെ അധിനിവേശം ഇസ്രയേൽ അവസാനിപ്പിക്കണമെന്നും സിറിയൻ ഗോലാനിൽ നിന്നും ഇസ്രയേൽ പിന്മാറണമെന്നുമുള്ള പ്രമേയങ്ങളിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. ഈ രണ്ട് പ്രമേയങ്ങളെയും അനുകൂലിച്ച് ഇന്ത്യ വോട്ട് രേഖപ്പെടുത്തുകയും ചെയ്തു.
പലസ്തീനിൽ സമാധാനപരമായ ഒത്തുതീർപ്പ് എന്ന പ്രമേയത്തിലടക്കമാണ് ഇന്ത്യ വോട്ട് ചെയ്തത്. സെനഗൽ ജനറൽ അസംബ്ലിയിൽ അവതരിപ്പിച്ച പ്രമേയമായിരുന്നു ഇത്. കിഴക്കൻ ജറുസലം ഉൾപ്പെടെ 1967 മുതൽ അധിനിവേശം നടത്തിയ മുഴുവൻ പലസ്തീൻ പ്രദേശങ്ങളിൽനിന്നും ഇസ്രായേൽ പിൻവാങ്ങുക, പശ്ചിമേഷ്യയിൽ സമഗ്രവും നീതിപൂർവകവും ശാശ്വതവുമായ സമാധാനം സ്ഥാപിക്കുക എന്നീ ആഹ്വാനങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു പ്രമേയം. 193 അംഗ സഭയിൽ 157 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. അമേരിക്ക, അർജൻറീന, ഹംഗറി, ഇസ്രായേൽ, മൈക്രോനേഷ്യ, നൗറു, പലാവു, പാപുവ ന്യൂ ഗിനിയ, എന്നീ എട്ട് രാജ്യങ്ങളാണ് എതിർത്ത് വോട്ട് ചെയ്തത്. കാമറൂൺ, ചെക്കിയ, ഇക്വഡോർ, ജോർജിയ, പരാഗ്വേ, യുക്രെയ്ൻ, ഉറുഗ്വേ എന്നീ രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുൽക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ അമേരിക്കയിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത തായ്വാനുമായി 385 മില്യണ്‍ ഡോളറിന്‍റെ (3200 കോടിയിലേറെ) ആയുധ കരാറിൽ യു എസ് ഒപ്പിട്ടു എന്നതാണ്. ചൈനയുമായി നിരന്തരം തുടരുന്ന തര്‍ക്കത്തിനിടെയാണ് ആയുധ സംഭരണത്തിനുള്ള തായ്വാന്‍ തീരുമാനം. പുതിയ കരാറിലൂടെ ഭീഷണികള്‍ നേരിടാന്‍ തായ്വാന്‍ പര്യാപ്തമാകുമെന്ന് അമേരിക്കന്‍ പ്രതിരോധ വകുപ്പ് പറഞ്ഞു. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് 385 ദശലക്ഷം ഡോളറിന്റെ മൂല്യത്തിലുള്ള എഫ് -16 യുദ്ധവിമാനങ്ങൾക്കും റഡാറുകൾക്കുമായി ആവശ്യമുള്ള സപെയർ ഭാഗങ്ങൾ തായ്വാനിലേക്ക് വിറ്റഴിക്കാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്. തായ്‌വാൻ പ്രസിഡന്റ് ലൈ ചിംഗ്-ടെയുടെ പസഫിക് സന്ദർശനത്തിന് മുന്നേയാണ് അമേരിക്കയുമായുള്ള കരാറിൽ തീരുമാനമായത്.
