ഐക്യരാഷ്ട്രസഭയിൽ കശ്മീർ വിഷയം ഉന്നയിച്ച പാകിസ്ഥാന് ഇന്ത്യയുടെ കനത്ത മറുപടി. പാക് കേന്ദ്രീകൃത ഭീകരവാദത്തിന് ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകി. പാക് അധീന കശ്മീരിലെ ജനങ്ങളുടെ അവകാശങ്ങൾ പാകിസ്ഥാൻ ഹനിക്കുകയാണെന്നും ഇന്ത്യ യുഎന്നിൽ വ്യക്തമാക്കി.
ദില്ലി: പാകിസ്ഥാന്റെ കേന്ദ്രീകൃത ഭീകരവാദത്തിന് ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്ന് ഇന്ത്യ. പാക് അധീന കശ്മീരിലെ ജനങ്ങൾക്കെതിരെ പാകിസ്ഥാൻ അക്രമം അഴിച്ചുവിടുകയാണെന്നും ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ ആഞ്ഞടിച്ചു. യുഎൻ പൊതുസഭയിൽ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് കശ്മീർ വിഷയം ഉയർത്തിയതിനാണ് ഇന്ത്യ മറുപടി നൽകിയത്. പാകിസ്ഥാൻ ഭീകര രാഷ്ട്രമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ പാക് മാധ്യമപ്രവർത്തകനോട് പറഞ്ഞു. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ മിഷനിലെ ഫസ്റ്റ് സെക്രട്ടറി പെറ്റൽ ഗലോട്ട് ആണ് പാകിസ്ഥാന് കനത്ത തിരിച്ചടി നൽകിയത്. പാക് കേന്ദ്രീകൃത ഭീകരവാദം ലോകത്തെ ആകെ ബാധിക്കുന്നു എന്ന് പെറ്റൽ ഗലോട്ട് പ്രസ്താവനയിൽ പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിലൂടെ ഭീകര താവളങ്ങൾ ഇന്ത്യ തകർത്തു. ഒളിക്കാൻ ഒരിടവും ഉണ്ടാകില്ല എന്ന സന്ദേശമാണ് ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ നൽകിയത്. കശ്മീർ വിഷയം ഉയർത്തുന്ന പാകിസ്ഥാൻ പാക് അധീന കശ്മീരിലെ ജനങ്ങളുടെ അവകാശങ്ങൾ ഹനിക്കുക ആണ്. തെരഞ്ഞെടുപ്പ് അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ സർക്കാരാണ് പാകിസ്ഥാനിൽ ഉള്ളതെന്ന പരോക്ഷ വിമർശനവും ഇന്ത്യ ഉയർത്തി. സിന്ധു നദിജല കരാറും കാശ്മീർ വിഷയവും പ്രസംഗത്തിൽ ഉയർത്തിയ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനാണ് ഇന്ത്യ ഈ മറുപടി നൽകിയത്.
യുഎന്നിലെത്തിയ ഷെഹ്ബാസ് ഷെരീഫിനോട് ഭീകരരെ സംരക്ഷിക്കുന്നത് എന്ന് അവസാനിപ്പിക്കും എന്ന് ഒരു മാധ്യമപ്രവർത്തക ചോദിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വലിയ തരംഗമായിരുന്നു. ഇന്നലെ യുഎന്നിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടെ ഒരു പാക് മാധ്യമപ്രവർത്തകൻ ഇതേ ചോദ്യം ഉയർത്താൻ നോക്കിയപ്പോഴാണ് എസ് ജയശങ്കർ ശക്തമായ പ്രതികരണം നൽകിയത്. ഇന്ത്യ-പാകിസ്ഥാൻ സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടത് ഡോണൾഡ് ട്രംപ് ആണെന്നും പാക് പ്രധാനമന്ത്രി യുഎൻ വേദിയിൽ ഇന്നലെ വ്യക്തമാക്കിയിരുന്നു. പാകിസ്ഥാന്റെ ഈ നീക്കത്തിൽ വീഴാതെ പാക് കേന്ദ്രീകൃത ഭീകരവാദം ചർച്ചയാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്.
