ഭീകരതയെ സഹായിക്കുന്ന പാക്കിസ്ഥാന്റെ നിലപാട് ഇന്ത്യയുടെ ദേശീയ സുരക്ഷയെ ബാധിക്കുന്നുവെന്ന് വ്യക്തമാക്കിയ ജനറൽ ദ്വിവേദി, സൈനികർക്ക് പൂർണ പിന്തുണയുണ്ടെന്ന് ഉറപ്പ് നൽകി
ബീക്കാനെർ: പാക്കിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യൻ കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി രംഗത്ത്. ബീക്കാനെറിലെ സൈനികരെ അഭിസംബോധന ചെയ്ത ജനറൽ ദ്വിവേദി, ഭീകരതയെ സഹായിക്കുന്ന പാക്കിസ്ഥാന്റെ നിലപാടിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചു. ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ കാട്ടിയ സംയമനം അടുത്ത തവണ ആവർത്തിക്കണമെന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാൻ കേന്ദ്രീകരിച്ചുള്ള ഭീകരപ്രവർത്തനങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകാൻ ഇന്ത്യക്കായി. ഇന്ത്യൻ സൈനികരുടെ ധൈര്യത്തെ അഭിനന്ദിച്ച ജനറൽ, അതിർത്തി സുരക്ഷയുടെ പ്രാധാന്യവും ഓർമിപ്പിച്ചു. പാകിസ്ഥാൻ ഭീകരതയെ സഹായിക്കുന്നത് ഉടൻ അവസാനിപ്പിക്കണമെന്നും ജനറൽ ദ്വിവേദി ആവശ്യപ്പെട്ടു. അല്ലെങ്കിൽ ഭൂപടം തന്നെ മാറ്റേണ്ടി വരുമെന്ന താക്കീതും കരസേന മേധാവി നൽകി. ഭീകരതയെ സഹായിക്കുന്ന പാക്കിസ്ഥാന്റെ നിലപാട് ഇന്ത്യയുടെ ദേശീയ സുരക്ഷയെ ബാധിക്കുന്നുവെന്ന് വ്യക്തമാക്കിയ ജനറൽ ദ്വിവേദി, സൈനികർക്ക് പൂർണ പിന്തുണയുണ്ടെന്ന് ഉറപ്പ് നൽകി. രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കാൻ സൈന്യം എല്ലാ നിമിഷവും സജ്ജമാണെന്നും ജനറൽ ദ്വിവേദി വിവരിച്ചു.
ഓപ്പറേഷൻ സിന്ദൂറിൽ എഫ് 16 ഉള്‍പ്പെടെ തകർത്തെന്ന് വ്യോമസേന മേധാവി
അതിനിടെ ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ ആക്രമണത്തില്‍ പക്കിസ്ഥാന്‍റെ 10 യുദ്ധവിമാനങ്ങള്‍ തകർത്തെന്ന് വ്യക്തമാക്കി വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ പി സിംഗും രംഗത്തെത്തി. പാക്കിസ്ഥാന്‍റെ അഞ്ച് എഫ് 16 ഉൾപ്പെടെയാണ് ഇന്ത്യൻ സൈന്യം തകത്തതെന്ന് വ്യോമസേന മേധാവി പറഞ്ഞു. 93 -ാമത് വ്യോമസേന ദിനാഘോഷത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന യുദ്ധം നീണ്ടു പോകുമ്പോൾ ഓപ്പറേഷൻ സിന്ദൂർ കുറഞ്ഞ ദിവസങ്ങൾക്കു ഉള്ളിൽ ലക്ഷ്യം കണ്ടു അവസാനിപ്പിക്കുക ആയിരുന്നു. മൂന്നു സേനകളും അവരുടെ കരുത്ത് കാട്ടി. 1971 ശേഷം രാജ്യം നേടിയ വലിയ വിജയങ്ങളിൽ ഒന്നാണിതെന്നും അദ്ദേഹം പറഞ്ഞു.
സർ ക്രീക്ക് മേഖലയിലെ സൈനിക നീക്കത്തിലും രാജ്നാഥ് സിംഗിന്‍റെ താക്കീത്
ഗുജറാത്ത് തീരത്തോട് ചേർന്നുള്ള സർ ക്രീക്ക് മേഖലയിൽ പാകിസ്ഥാൻ സൈനിക സാന്നിധ്യവും അടിസ്ഥാനസൗകര്യങ്ങളും വിപുലീകരിച്ചതിനെതിരെ കടുത്ത മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും രംഗത്തെത്തിയിരുന്നു. പാകിസ്ഥാൻ ഈ മേഖലയിൽ ഏതെങ്കിലും തെറ്റായ നീക്കം നടത്തിയാൽ, അത് 'ചരിത്രവും ഭൂമിശാസ്ത്രവും മാറ്റിമറിക്കുന്ന' ശക്തമായ പ്രതികരണത്തിന് കാരണമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. 'കറാച്ചിയിലേക്കുള്ള ഒരു വഴി സർ ക്രീക്ക് മേഖലയിലൂടെയാണ്' എന്ന് പാകിസ്ഥാൻ ഓർക്കണമെന്നും ഇന്ത്യയുടെ ഭാഗത്ത് നിന്ന് ശക്തമായ പ്രതികരണം ഉണ്ടാകുമെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി. റാൻ ഓഫ് കച്ചിലെ 96 കിലോമീറ്റർ നീളമുള്ള ചതുപ്പുനിലമായ സർ ക്രീക്ക്, ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വർഷങ്ങളായി തർക്കം നിലനിൽക്കുന്ന പ്രദേശമാണ്.


