പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ഹോർമുസ് കടലിടുക്ക് അടച്ച ഇറാനുമായി ചൈന നിർണായക ചർച്ച നടത്തി. തങ്ങളുടെ എണ്ണ, പ്രകൃതിവാതക കപ്പലുകൾക്ക് സുരക്ഷിത പാത ഉറപ്പാക്കാനാണ് ചൈനയുടെ ശ്രമം. ഇതിന് പിന്നാലെ ഒരു കപ്പൽ കടലിടുക്ക് കടന്നതായും വിവരമുണ്ട്. അതേസമയം യുദ്ധത്തെ തുടർന്നുള്ള പ്രതിസന്ധി ആഗോള എണ്ണ വിതരണത്തെയും വിലയെയും സാരമായി ബാധിച്ചിട്ടുണ്ട്.
ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ഇറാനുമായി നിർണായക ചർച്ച നടത്തി ചൈന. ഹോർമുസ് കടലിടുക്ക് അടച്ച ഇറാൻ്റെ നടപടി സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാനാണ് ചൈനയുടെ ഇടപെടൽ. ഹോർമുസ് കടലിടുക്ക് വഴി ചൈനയിലേക്ക് എണ്ണയും പ്രകൃതിവാതകവും വഹിച്ചുകൊണ്ടു പോകുന്ന കപ്പലുകൾക്ക് സുരക്ഷിതമായ പാത ഉറപ്പാക്കുന്നതിനായാണ് ചർച്ചയെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
യുദ്ധം കടുക്കുന്ന സാഹചര്യത്തിൽ, തങ്ങളുടെ എണ്ണക്കപ്പലുകൾക്കും ഖത്തറിൽ നിന്നുള്ള എൽഎൻജി കപ്പലുകൾക്കും ഹോർമുസ് കടലിടുക്ക് വഴി തടസ്സമില്ലാതെ കടന്നുപോകാൻ സഹായിക്കണമെന്നാണ് ആവശ്യം. നിലവിൽ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ് ചൈന. ചൈനയിലേക്കുള്ള എണ്ണ ഇറക്കുമതിയുടെ ഏകദേശം 45% ഹോർമുസ് കടലിടുക്ക് വഴിയാണ്. മേഖലയിൽ യുദ്ധം തുടരുന്നത് മൂലം കപ്പൽ ഗതാഗതം തടസ്സപ്പെട്ടത് ചൈനയ്ക്ക് വലിയ പ്രതിസന്ധിയാവും. ചൈനീസ് ഉടമസ്ഥതയിലുള്ളത് എന്ന സിഗ്നൽ നൽകി അയൺ മെയ്ഡൻ എന്ന ചൈനയിലേക്കുള്ള കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നതായും റോയിട്ടേഴ്‌സ് പറയുന്നു.
അതേസമയം അമേരിക്ക, ഇസ്രായേൽ, യൂറോപ്യൻ രാജ്യങ്ങളിലേക്കുമുള്ള കപ്പലുകളെ കടലിടുക്ക് വഴി കടത്തിവിടില്ലെന്ന് വ്യക്തമാക്കിയ ഇറാൻ, ഈ കപ്പലുകളെ ആക്രമിക്കുന്നുമുണ്ട്. ഇന്ത്യയിലേക്കുള്ള കപ്പലുകളടക്കം യുദ്ധത്തെ തുടർന്ന് നടുക്കടലിൽ കിടക്കുകയാണ്. ഹോർമുസ് കടലിടുക്ക് ഏതാണ്ട് പൂർണ്ണമായും അടഞ്ഞ അവസ്ഥയിലാണ്. ഇത് ആഗോള വിപണിയിൽ എണ്ണവില ഉയരാനും എണ്ണ വിതരണം തടസ്സപ്പെടാനും കാരണമായിട്ടുണ്ട്. ലോകത്തെ ആകെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്നത് ഹോർമുസ് കടലിടുക്ക് വഴിയാണ്. ഇറാനുമായി അടുത്ത ബന്ധമുള്ള രാജ്യമായതിനാലാണ് ചൈന തങ്ങളുടെ ആവശ്യം നേരിട്ട് ഇറാനുമായി ചർച്ച ചെയ്തത്. യുദ്ധത്തിലും ഇറാനൊപ്പമാണ് ചൈന നിൽക്കുന്നത്.


