ജമ്മു കശ്മീർ അതിർത്തിയിലൂടെ ഇന്ത്യൻ മണ്ണിലേക്ക് തീവ്രവാദികളെ കടത്തിവിടുക എന്ന ഉദ്ദേശ്യത്തോടെ പാക് മണ്ണിൽ നിന്ന് അതിർത്തിക്കടിയിലൂടെ പാക് സുരക്ഷാ ഉദ്യോഗസ്ഥർ നിർമിച്ച രണ്ടാമത്തെ തുരങ്കവും കണ്ടെത്തി ഇന്ത്യൻ സൈന്യം. ഇന്ത്യൻ അതിർത്തിക്ക് കുറുകെ ഭൂമിക്കടിയിലൂടെ പാകിസ്ഥാനിൽ നിന്ന് നിർമിക്കപ്പെട്ട രണ്ടാമത്തെ തുരങ്കമാണ് ഇതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് പത്രം റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ നവംബറിലാണ് ആദ്യത്തെ തുരങ്കം സൈന്യത്തിന്റെ കണ്ണിൽ പെടുന്നത്. 

കഴിഞ്ഞ നവംബർ അവസാനത്തോടെ കണ്ടെത്തപ്പെട്ട ആദ്യ തുരങ്കം പോലെ തന്നെ ഇതും വളരെ കൃത്യമായ എഞ്ചിനീയറിങ് മികവോടെയാണ് കമ്മീഷൻ ചെയ്യപ്പെട്ടിരിക്കുന്നത് എന്ന് ബിഎസ്എഫ് അധികൃതർ പറഞ്ഞു. പാക് മണ്ണിലെ ഭീകരവാദ പരിശീലന ക്യാംപുകളിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്ന കശ്മീരി യുവാക്കളെ, അവർ ട്രെയിനിങ് പൂർത്തിയാക്കുന്ന മുറയ്ക്ക്, തിരികെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ സഹായിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ മികച്ച സാങ്കേതിക വിദ്യയുടെ സഹായത്തോടു കൂടി കമ്മീഷൻ ചെയ്യപ്പെടുന്ന ഇത്തരം തുരങ്കങ്ങൾ പാകിസ്ഥാൻ പ്രയോജനപ്പെടുത്തുന്നത്. 

അതിർത്തി രേഖയിൽ നിന്ന് 300 അടി മാറിയാണ് ഈ തുരങ്കത്തിന്റെ പ്രവേശന മുഖം കാണപ്പെട്ടത്. ഇന്ത്യൻ ഭാഗത്തെ മുൾവേലിയുടെ അറുപത്തഞ്ചടി ഇപ്പുറത്താണ് സൈന്യം ഇത് കണ്ടെത്തിയിട്ടുള്ളത്. മൂന്നടി വ്യാസത്തിലുള്ള ഈ തുരങ്കത്തിന് ചുരുങ്ങിയത് 25 മുതൽ 30 അടി വരെ ആഴമുണ്ട് എന്നാണ് സൈന്യം പറയുന്നത്. ഇത്തരത്തിൽ എഞ്ചിനീയറിങ് പാടവത്തോടെ നിർമ്മിക്കപ്പെട്ട ഒരു തുരങ്കം, ഏറെ യാദൃച്ഛികമായി, കഴിഞ്ഞ നവംബറിൽ കണ്ടെത്തപ്പെട്ടതോടെ, സൈന്യം സമാനമായ വേറെയും തുരങ്കങ്ങൾ ഉണ്ടോ എന്ന് കണ്ടെത്താൻ വേണ്ടി പ്രത്യേക സംഘങ്ങളെ നിയോഗിച്ച്, അതിർത്തിമേഖലയിൽ വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. ആ തിരച്ചിലിന് ഒടുവിലാണ് ഈ രണ്ടാമത്തെ തുരങ്കം സൈന്യത്തിന്റെ കണ്ണിൽ പെടുന്നത്. 

ഇങ്ങനെ പട്രോളിംഗിന് പുറപ്പെട്ട ബിഎസ്എഫിന്റെ 173 ബറ്റാലിയന്റെ ആന്റി ടണലിംഗ് പാർട്ടി ആണ് ജമ്മുവിലെ കത്വ ജില്ലയിൽ ഇങ്ങനെ ഒരു തുരങ്കത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നത്. ഈ തുരങ്കത്തിന്റെ ഇന്ത്യൻ ഭാഗം ബലപ്പെടുത്താൻ ഉപയോഗിക്കപ്പെട്ടിരുന്നത് മെയ്ഡ് ഇൻ പാകിസ്ഥാൻ മണൽ ചാക്കുകൾ ആയിരുന്നു. 

2020 -ൽ ഇതുവരെ 930 തവണ പാകിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചിട്ടുണ്ട്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 54 ശതമാനം അധികമാണ് എന്നാണ് ബിഎസ്എഫ് പറയുന്നത്. പാകിസ്ഥാൻ സൈന്യത്തിന്റെ സ്ഥിരം നിഴഞ്ഞുകയറൽ തന്ത്രം ഏറെ പ്രസിദ്ധമാണ്. ആദ്യം അതിർത്തിയിൽ നിയുക്തരായ ബിഎസ്എഫ് സൈനികർക്ക് നേരെ യാതൊരു പ്രകോപനവും കൂടാതെ വെടിയുതിർക്കും. അതിനു ശേഷം, ഇങ്ങനെ ഒരു വെടിവെപ്പിനെ പ്രതിരോധിക്കുന്നതിൽ ബിഎസ്എഫ് സൈനികർ വ്യാപൃതരായിരിക്കുന്ന, അവരുടെ ശ്രദ്ധ തിരിയുന്ന നേരം നോക്കി തീവ്രവാദികളെ അതിർത്തിക്ക് കുറുകെ കയറ്റി വിടും. ഇതായിരുന്നു പാക് സൈന്യത്തിന്റെ ഇതുവരെയുള്ള പതിവ്.  എന്നാൽ ഇക്കൊല്ലം, അതിർത്തിക്ക് കുറുകെ തീവ്രവാദികളെ കടത്തിവിടാൻ വേണ്ടി മാത്രമല്ല, തങ്ങൾ തുരങ്കം നിർമിച്ചു കൊണ്ടിരിക്കുന്ന ഇടങ്ങളിൽ നിന്ന് ഇന്ത്യൻ സൈന്യത്തെ അകറ്റി നിർത്താനും  പാക് സൈന്യം ഈ ഷെല്ലിങ്ങും വെടിവെപ്പും ഒക്കെ മറയാക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ 22 ശതമാനം പേരെ പാക് ഏജന്റുമാർ ജമ്മു കാശ്മീരിൽ നിന്ന്, പാക് അധീന കശ്മീരിലുള്ള തീവ്രവാദ ക്യാമ്പുകളിലേക്ക് റിക്രൂട്ട് ചെയ്തിട്ടുണ്ട് എന്നതും സൈന്യത്തിന്റെ സംശയത്തിന് ബലം പകരുന്നു. 

എന്നാൽ അതേ സമയം, ഇങ്ങനെ റിക്രൂട്ട് ചെയ്യപ്പെട്ട പല തീവ്രവാദികളെയും കസ്റ്റഡിയിൽ എടുത്തുകൊണ്ട് ഇന്ത്യൻ സൈന്യവും ഏറെ ജാഗരൂകരായി പാക് സൈന്യത്തിന്റെ ഈ തന്ത്രങ്ങളെ പ്രതിരോധിക്കുന്നുണ്ട് എന്ന് സൈനിക വക്താക്കൾ അറിയിച്ചു. അതിനു പുറമെ, ഇത്തരത്തിലുള്ള തുരങ്കങ്ങളുടെ സാന്നിധ്യം കണ്ടെത്താനുള്ള തിരച്ചിലുകളും ഭാവിയിൽ ഊർജ്ജിതമാക്കും എന്നും സൈന്യം അറിയിച്ചു.