പാകിസ്ഥാനെ പിന്തുണച്ചതിന് തുർക്കിയിൽ നിന്നുള്ള ബേക്കറി ഉൽപ്പന്നങ്ങൾ ഇന്ത്യ ബഹിഷ്കരിക്കുന്നു. ഡ്രൈ ഫ്രൂട്ട്‌സ്, നട്‌സ്, ചോക്ലേറ്റുകൾ എന്നിവയുൾപ്പെടെയുള്ള ബേക്കറി ഉൽപ്പന്നങ്ങളും ബേക്കറി യന്ത്രങ്ങളും ബഹിഷ്കരണത്തിൽ ഉൾപ്പെടുന്നു
ദില്ലി: പാകിസ്ഥാൻ അനുകൂല നിലപാട് സ്വീകരിച്ച തുർക്കിയോടുള്ള ഇന്ത്യയുടെ പ്രതിഷേധം വിവിധ മേഖലകളിൽ ശക്തമാകുന്നു. തുർക്കിയിൽ നിന്നുള്ള ബേക്കറി, മിഠായി ഉൽപ്പന്നങ്ങൾ രാജ്യവ്യാപകമായി ബഹിഷ്‌കരിക്കാൻ ഇന്ത്യൻ ബേക്കേഴ്‌സ് ഫെഡറേഷൻ തീരുമാനിച്ചതാണ് ഇക്കൂട്ടത്തിൽ ഏറ്റവും പുതിയ വാർത്ത. ഡ്രൈ ഫ്രൂട്ട്‌സ്, നട്‌സ്, ചോക്ലേറ്റുകൾ തുടങ്ങി തുർക്കിയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ബേക്കറി ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനാണ് ഇന്ത്യൻ ബേക്കേഴ്‌സ് ഫെഡറേഷന്‍റെ തീരുമാനം. ജെല്ലുകൾ, ഫ്ലേവർ അഡിറ്റീവുകൾ, പാക്കേജിംഗ് സൊല്യൂഷനുകൾ തുടങ്ങി, തുർക്കിയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ബേക്കറി യന്ത്രങ്ങൾ അടക്കമുള്ളവ ബഹിഷ്കരിക്കുമെന്ന് ബേക്കേഴ്‌സ് ഫെഡറേഷൻ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത ഓപ്പറേഷൻ സിന്ദൂറിൽ കനത്ത പ്രഹരമേറ്റ ഭീകരനും ജെയ്‌ഷെ മുഹമ്മദ് (ജെ ഇ എം) തലവനുമായ മസൂദ് അസറിന് പാകിസ്ഥാൻ സർക്കാരിൽ നിന്ന് 14 കോടി രൂപ നഷ്ടപരിഹാരം ലഭിച്ചേക്കുമെന്നതാണ്. മെയ് 7 ന് പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര ക്യാമ്പുകളിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പ്രഖ്യാപിച്ചിരുന്നു. ആക്രമണങ്ങളിൽ 100 ലധികം ഭീകരർ കൊല്ലപ്പെട്ടതായി ഇന്ത്യൻ സൈന്യം അറിയിച്ചിരുന്നു. ഓപ്പറേഷൻ സിന്ദൂരിലെ ലക്ഷ്യങ്ങളിലൊന്ന് ബഹാവൽപൂരിലെ ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനമായിരുന്നു. ആക്രമണത്തിൽ അസ്ഹറിന്റെ കുടുംബത്തിലെ 14 പേർ കൊല്ലപ്പെട്ടെന്നാണ് ഇന്ത്യൻ സേന വ്യക്തമാക്കുന്നത്. അസറിന്റെ മൂത്ത സഹോദരിയും ഭര്‍ത്താവും ഉള്‍പ്പടെയാണ് കൊല്ലപ്പെട്ടത്. 2000 ത്തിൽ പാകിസ്ഥാന്റെ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐ എസ് ഐ) ആണ് ജെയ്‌ഷെ മുഹമ്മദ് സൃഷ്ടിച്ചതെന്ന് ആരോപിക്കപ്പെടുന്നു. 2001 ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണം, 2016 ലെ ഉറി ആക്രമണം, 2019 ലെ പുൽവാമ ആക്രമണം എന്നിവയുൾപ്പെടെ ഇന്ത്യയിൽ നടന്ന നിരവധി മാരകമായ ഭീകരാക്രമണങ്ങൾക്ക് ജെയ്ഷെ മുഹമ്മദ് ഉത്തരവാദിയാണ്. 2019 മെയ് 1 ന് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ അസ്ഹറിനെ അന്താരാഷ്ട്ര ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തി. 1999 ൽ കാണ്ഡഹാറിലേക്ക് തട്ടിക്കൊണ്ടുപോയ ഇന്ത്യൻ എയർലൈൻസ് വിമാനത്തിലെ യാത്രക്കാർക്ക് പകരമായി ഇന്ത്യ വിട്ടയച്ച മൂന്ന് തീവ്രവാദികളിൽ ഒരാളായിരുന്നു മസൂദ് അസർ.


