ലണ്ടന്‍: കൊവിഡ് 19നെ പ്രതിരോധിക്കാനുള്ള പോരാട്ടത്തില്‍ പങ്കുചേരാന്‍ വീണ്ടും ഡോക്ടറായി ഇന്ത്യന്‍ വംശജയായ മിസ് ഇംഗ്ലണ്ട് ഭാഷ മുഖര്‍ജി. ഒരു യാത്രയുടെ ഭാഗമായി ഇന്ത്യയിലെത്തിയ ഭാഷ കൊവിഡ് വ്യാപനം മൂലം ഇംഗ്ലണ്ടില്‍ സ്ഥിതിഗതികള്‍ മോശമായതോടെ തിരികെ പോകുകയും ഡോക്ടറായി വീണ്ടും സേവനരംഗത്തേക്ക് ഇറങ്ങാന്‍ തീരുമാനിക്കുകയുമായിരുന്നു.  

കൊല്‍ക്കത്തയില്‍ ജനിച്ച ഭാഷ 2019 ഓഗസ്റ്റിലാണ് മിസ് ഇംഗ്ലണ്ട് കിരീടം സ്വന്തമാക്കിയത്. മിസ് ഇംഗ്ലണ്ടായതോടെ മെഡിക്കല്‍ കരിയറില്‍ നിന്നും താല്‍ക്കാലികമായി മാറി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് വരികയായിരുന്നു.

ഡോക്ടറായി തിരികെ ജോലിയില്‍ പ്രവേശിക്കുക എന്നത് പ്രയാസമേറിയ തീരുമാനമല്ലെന്നും ഈ സാഹചര്യത്തില്‍ വീണ്ടും ഡോക്ടറാകേണ്ടത് അനിവാര്യമാണെന്നും 24കാരിയായ ഭാഷ പറഞ്ഞു. നാലാഴ്ച മുമ്പ് വരെ ഇന്ത്യയിലായിരുന്നു ഭാഷ. യുകെയില്‍ കൊവിഡ് വ്യാപിച്ച് സ്ഥിതി രൂക്ഷമാണെന്ന് പില്‍ഗ്രിം ആശുപത്രിയിലെ മുന്‍ സഹപ്രവര്‍ത്തകര്‍ അറിയിച്ചപ്പോള്‍ തിരികെ ഇംഗ്ലണ്ടിലേക്ക് പോകുകയായിരുന്നു. രണ്ടാഴ്ചത്തെ സെല്‍ഫ് ക്വാറന്റൈന് ശേഷം ഭാഷ ജോലിയില്‍ പ്രവേശിക്കും. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക