അയര്‍ലണ്ടിലെ എല്ലാ ഇന്ത്യക്കാരും സ്വന്തം സുരക്ഷ കണക്കാക്കി മുന്‍കരുതല്‍ സ്വീകരിക്കണമെന്നും വിജനമായ സ്ഥലങ്ങളിലേക്ക് പോകരുതെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഡബ്ലിന്‍: വിജനമായ സ്ഥലങ്ങളിലേക്ക് പോകരുത്, പ്രത്യേകിച്ച് രാത്രികാലങ്ങളില്‍... അയര്‍ലണ്ടില്‍ ഇന്ത്യക്കാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ ഡബ്ലിനിടെ ഇന്ത്യന്‍ എംബസി പുറപ്പെടുവിച്ച മുന്നറിയിപ്പാണിത്. അതീവ ജാഗ്രത പുലര്‍ത്തണമെന്ന് എംബസി ഇന്ത്യക്കാരോട് നിര്‍ദ്ദേശിച്ചു. ഇന്ത്യന്‍ വംശജരായ ആളുകള്‍ക്കെതിരെ അയര്‍ലണ്ടില്‍ കൗമാരക്കാരുടെ സംഘം ആക്രമണം അഴിച്ചുവിടുന്ന സാഹചര്യത്തിലാണ് ഈ സുരക്ഷ മുന്നറിയിപ്പ്.
അടുത്തിടെയായി അയര്‍ലണ്ടില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് നേരെയുള്ള ശാരീരിക ആക്രമണങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യമുണ്ടെന്നും ഇക്കാര്യത്തില്‍ എംബസി അയര്‍ലണ്ടിലെ അധികൃതരുമായി ബന്ധപ്പെട്ട് വരികയാണെന്നും ഡബ്ലിനിടെ ഇന്ത്യന്‍ എംബസി പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം അയര്‍ലണ്ടിലെ എല്ലാ ഇന്ത്യക്കാരും സ്വന്തം സുരക്ഷക്കായി മുന്‍കരുതല്‍ സ്വീകരിക്കണമെന്നും വിജനമായ പ്രദേശങ്ങളിലേക്ക്, പ്രത്യേകിച്ച് പ്രവൃത്തി സമയം കഴിഞ്ഞും ഏറെ വെകിയും രാത്രികാലങ്ങളിലും പോകരുതെന്നും എംബസി മുന്നറിയിപ്പ് നല്‍കുന്നു. അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടുന്നതിനായി എംബസിയുടെ നമ്പറും നല്‍കിയിട്ടുണ്ട്. ഫോൺ- 08994 23734, ഇ-മെയിൽ- cons.dublin@mea.gov.in
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് അയര്‍ലന്‍ഡിൽ ഇന്ത്യൻ പൗരനെ ഒരു സംഘം ആളുകള്‍ ആക്രമിച്ചത്. മര്‍ദിച്ചതിനൊപ്പം അര്‍ധനഗ്നനാക്കുകയും ചെയ്തു. ഇന്ത്യൻ പൗരനായ 40കാരനാണ് മര്‍ദനത്തിനിരയായത്. മുഖത്തും കാലുകള്‍ക്കുമടക്കം പരിക്കേറ്റു. ശനിയാഴ്ച ഡബ്ളിനില്‍ വെച്ചാണ് സംഭവം ഉണ്ടായത്. ആമസോണിലെ ജീവനക്കാരനാണ് ആക്രമണത്തിന് ഇരയായത്. ഡബിളിനെ പാര്‍ക്ക് ഹിൽ റോഡിൽ വെച്ചാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ അയര്‍ലന്‍ഡിലെ ഇന്ത്യൻ അംബാസഡര്‍ അഖിലേഷ് മിശ്ര അപലപിച്ചിരുന്നു. ക്രൂരമായ ആക്രമണത്തിനാണ് ഇരയായതെന്നും ഇരയായ വ്യക്തിക്ക് ആവശ്യമായ പിന്തുണ നൽകുന്ന അയര്‍ലന്‍ഡിലെ ജനങ്ങളോടും നന്ദിയുണ്ടെന്നും കൊണ്ടുവരണമെന്നും അഖിലേഷ് മിശ്ര എക്സിൽ കുറിച്ചിരുന്നു.
