ഇസ്രായേൽ-ഇറാൻ യുദ്ധസാഹചര്യം കനത്തതോടെ ഇറാനിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് ടെഹ്‌റാനിലെ ഇന്ത്യൻ എംബസി നിർദേശിച്ചു. നിലവിൽ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ എത്രയും വേഗം രാജ്യം വിടണമെന്നും അതീവ ജാഗ്രത പാലിക്കണമെന്നും എംബസി എക്സിലൂടെ അറിയിച്ചു.
ദില്ലി: നിലവിലെ യുദ്ധസാഹചര്യങ്ങൾ കണക്കിലെടുത്ത് ഇറാനിലേക്കുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് ടെഹ്‌റാനിലെ ഇന്ത്യൻ എംബസി. നിലവിൽ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരോട് ലഭ്യമായ യാത്രാമാർഗ്ഗങ്ങൾ ഉപയോഗിച്ച് എത്രയും വേഗം രാജ്യം വിടാനും എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. എക്സിലൂടെയാണ് എംബസി കടുത്ത ജാഗ്രതാ നിർദേശം നൽകിയത്. ഇറാനിലെ തെക്കുപടിഞ്ഞാറൻ മേഖലയിലുള്ള മഹ്ഷഹറിലെ പെട്രോകെമിക്കൽ സമുച്ചയത്തിന് നേരെ ഇസ്രായേൽ വ്യോമസേന ശക്തമായ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.
കൂടുതൽ ആക്രമണങ്ങളിൽ നിന്ന് പിന്മാറണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് അവഗണിച്ച് മധ്യ-പടിഞ്ഞാറൻ ഇറാനിലെ സൈനിക താവളങ്ങൾക്ക് നേരെയടക്കം ഇസ്രായേൽ വ്യോമാക്രമണം നടത്തുകയായിരുന്നു. ഈ സാഹചര്യത്തിൽ ഇറാനിൽ തുടരുന്ന ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പിന്തുടരണമെന്നും എംബസി വ്യക്തമാക്കി. എന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടായാൽ ബന്ധപ്പെടാനായി ഹെൽപ്പ്‌ലൈൻ നമ്പറുകളും നൽകിയിട്ടുണ്ട്. മേഖലയിൽ ഇസ്രായേൽ-ഇറാൻ യുദ്ധം കനക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനാണ് ഈ അടിയന്തിര നീക്കം.


