അബുദാബിയിലെ അൽ ഷവമേഖിൽ മിസൈൽ അവശിഷ്ടം പതിച്ച് ഇന്ത്യക്കാരന് പരിക്കേറ്റു. ഇറാന്‍റെ ആക്രമണം ഉയർത്തുന്നത് സ്ഥായിയായ സുരക്ഷാ ആശങ്കയെന്ന് യുഎഇ നയതന്ത്ര ഉപദേഷ്ടാവ് പ്രതികരിച്ചു
ദുബൈ: അബുദാബിയിൽ തകർന്ന മിസൈൽ അവശിഷ്ടം പതിച്ച് ഇന്ത്യക്കാരന് പരിക്ക്. അൽ ഷവമേഖിൽ ആണ് സംഭവം. പരിക്ക് ഗുരുതരമല്ലെന്നും ചികിത്സയിലാണെന്നുമാണ് അറിയിപ്പ്. അതിനിടെ കുവൈത്തും സൌദി അറേബ്യയും ആക്രമണങ്ങളെ പ്രതിരോധിക്കുന്നു എന്ന് അതത് രാജ്യങ്ങളിലെ സേന അറിയിച്ചു.
അതേസമയം ഇറാന്‍റെ ആക്രമണം ഉയർത്തുന്നത് സ്ഥായിയായ സുരക്ഷാ ആശങ്കയെന്ന് യുഎഇ നയതന്ത്ര ഉപദേഷ്ടാവ് പ്രതികരിച്ചു. തങ്ങളുടെ ലക്ഷ്യം കേവലം വെടിനിർത്തലിൽ ഒതുങ്ങില്ല. മേഖലയിൽ ആണവ സുരക്ഷ ഉൾപ്പെടെ ഉറപ്പാക്കുന്ന ശാശ്വത സമാധാനം ആണ് ആലോചന. ഇറാന്റെ ആക്രമണം ആഴത്തിലുള്ള ജിയോ പൊളിറ്റിക്കൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. വർധിച്ച അമേരിക്കൻ സഹകരണം, സംയുക്ത ഗൾഫ് സുരക്ഷ എന്നിവ ഉണ്ടാകുമെന്ന് അൻവർ ഗർഗഷ് പറഞ്ഞു.
അതേസമയം ഹോർമുസ് കടലിടുക്കിൽ നിലപാട് വ്യക്തമാക്കി ഇറാൻ. ഹോർമുസ് കടലിടുക്ക് അടച്ചിട്ടില്ലെന്നും കപ്പൽ ഗതാഗതം നിലച്ചിട്ടില്ലെന്നും ഇറാൻ വ്യക്തമാക്കി. കപ്പൽ ഗതാഗതം നിയന്ത്രിച്ചത് പ്രതിരോധം എന്ന നിലയിൽ മാത്രമാണ്. ഇറാനെ ആക്രമിക്കുന്ന ശത്രു പക്ഷത്തുള്ളവർക്ക് മാത്രമാണ് വിലക്ക്. അമേരിക്കയേയും ഇസ്രയേലിനെയും അനുവദിക്കില്ല. കൂടുതൽ അപകടം ഒഴിവാക്കാൻ കൂടിയാണ് നിയന്ത്രണം. ഇറാന്റെ നിർദേശങ്ങളാനുസരിക്കുന്നവർക്ക് കടന്നുപോകാമെന്നും അറിയിച്ചു.



