പെരുന്നാൾ ദിനത്തിൽ ഇറാന്‍റെ മിസൈൽ ജറുസലേമിലെ അൽ-അഖ്‌സ പള്ളിക്ക് സമീപം പതിച്ചതായി ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം. 'മത' ഭരണകൂടത്തിന്റെ യഥാർത്ഥ മുഖം പുറത്തുവന്നെന്ന വിമർശനത്തോടെ വീഡിയോ പങ്കുവച്ചു.
ജറുസലേം: ഇറാനിൽ നിന്ന് തൊടുത്ത മിസൈൽ പെരുന്നാൾ ദിനത്തിൽ ജറുസലേമിൽ പതിച്ചെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം. ദൃശ്യം പുറത്തുവിട്ടു. അൽ-അഖ്സ പള്ളിയിൽ നിന്ന് ഏതാനും മീറ്റർ അകലെയാണ് മിസൈൽ പതിച്ചതെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. "ഈദുൽ ഫിത്തർ ആഘോഷത്തിനിടെ ഇറാന്‍റെ മിസൈൽ ജറുസലേമിൽ പതിച്ചു. മുസ്ലിങ്ങളും ക്രിസ്ത്യാനികളും ജൂതന്മാരും ഏറ്റവും പുണ്യസ്ഥലമായി കാണുന്ന ഇടത്തു നിന്നും ഏതാനും മീറ്റർ അകലെ. 'മത' ഭരണകൂടത്തിന്റെ യഥാർത്ഥ മുഖമാണിത്"- എന്നു കുറിച്ചാണ് ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം എക്‌സിൽ വീഡിയോ പോസ്റ്റ് ചെയ്തത്.
ജറുസലേമിലെ ഓൾഡ് സിറ്റിയിലെ കുന്നിൻചെരുവിൽ സ്ഫോടനത്തിൽ ഗർത്തം രൂപപ്പെട്ടു. അവശിഷ്ടങ്ങൾ റോഡിൽ ചിതറിത്തെറിച്ചു. ടെമ്പിൾ മൗണ്ടിൽ ആഘാതം അനുഭവപ്പെട്ടെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു. ഇസ്രയേലിനെ തകർക്കുക എന്ന ലക്ഷ്യവുമായി സാധാരണ ജനങ്ങൾ ജീവിക്കുന്ന സ്ഥലങ്ങളിലും പുണ്യസ്ഥലങ്ങളിലും വിവേചനരഹിതമായി ആക്രമണം നടത്തുകയാണ് ഇറാനെന്ന് ഐഡിഎഫ് ആരോപിച്ചു. സുരക്ഷാ ആശങ്കകൾ കണക്കിലെടുത്ത് അൽ അഖ്സ പള്ളിയിൽ പ്രവേശനം നിഷേധിച്ചിരുന്നതിനാൽ പെരുന്നാൾ നമസ്കാരത്തിനായി നൂറുകണക്കിന് മുസ്ലീം വിശ്വാസികൾ പള്ളിക്ക് പുറത്ത് ഒത്തുകൂടിയിരുന്നു. ഫെബ്രുവരി 28 ന് ഇസ്രയേലും അമേരിക്കയും ഇറാനെതിരെ സൈനിക നടപടി ആരംഭിച്ചതിനുശേഷം, ജറുസലേമിലെ ഏറ്റവും പാവനമായി കരുതപ്പെടുന്ന മൂന്ന് പുണ്യസ്ഥലങ്ങളും ഇസ്രയേൽ അടച്ചു. അൽ-അഖ്‌സ പള്ളി, ഹോളി സെപൽച്ചർ ചർച്ച്, വെസ്റ്റേണ്‍ വാൾ എന്നിവയാണ് അടച്ചത്.
നാതാൻസ് ആണവ നിലയം ആക്രമിക്കപ്പെട്ടത് അന്താരാഷ്ട്ര ആണവോർജ ഏജൻസി
അതിനിടെ ഇറാന്‍റെ ആണവ കേന്ദ്രമായ നാതാൻസ് ആണവ നിലയം ആക്രമിക്കപ്പെട്ടത് അന്താരാഷ്ട്ര ആണവോർജ ഏജൻസി സ്ഥിരീകരിച്ചു. ഇറാന്റെ ഏറ്റവും പ്രധാന ആണവ സമ്പുഷ്ടീകരണ കേന്ദ്രമാണ് നാതാൻസ് നിലയം. ആക്രമണം സമ്പുഷ്ടീകരണ പദ്ധതിയെ നിശ്ചലമാക്കും. നിലവിൽ ആണവ വികിരണമില്ലെന്നാണ് സ്ഥിരീകരണം. അതേസമയം സൈനിക നീക്കങ്ങൾ ലക്ഷ്യത്തോടടുത്തെന്ന് അവകാശപ്പെട്ട്, ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാൻ ആലോചിക്കുന്നതായി അമേരിക്കൻ പ്രസിഡൻഡ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇറാനിൽ തങ്ങളുടെ പോർവിമാനം ആക്രമിക്കപ്പെട്ടതായും സുരക്ഷിതമാണെന്നും ഇസ്രയേൽ അറിയിച്ചു.
ഇന്ത്യൻ മഹാസമുദ്രത്തിലെ യുഎസ് - യുകെ സൈനിക താവളമായ ഡീഗോ ഗാർഷ്യയെ ലക്ഷ്യം വച്ച് രണ്ട് ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തെന്ന് ഇറാൻ അവകാശപ്പെട്ടു. 'ഇറാന്റെ മിസൈലുകളുടെ ദൂരപരിധി ശത്രുക്കൾ സങ്കൽപ്പിച്ചതിലും അപ്പുറമാണെന്ന് കാണിക്കുന്ന സുപ്രധാന ചുവടുവയ്പ്പ്' എന്നാണ് ഡീഗോ ഗാർഷ്യയെ ലക്ഷ്യമിട്ടതിനെ ഇറാനിലെ വാർത്താ ഏജൻസിയായ മെഹ്ർ വിശേഷിപ്പിച്ചത്. ആക്രമണ ശ്രമം പരാജയപ്പെട്ടെങ്കിലും 4000 കിലോമീറ്റർ അകലെയുള്ള ദ്വീപ് ലക്ഷ്യമാക്കി മിസൈൽ തൊടുക്കാൻ ഇറാന് കഴിഞ്ഞത് യുഎസിനെയും യൂറോപ്പിനെയും ആശങ്കയിലാക്കിയിട്ടുണ്ട്. ഇറാൻ എത്താൻ കഴിയുന്ന മിസൈൽ ദൂരപരിധി 2000 കിലോമീറ്ററാണ് എന്നായിരുന്നു ഇതുവരെയുള്ള ധാരണ. ആക്രമണത്തെ ബ്രിട്ടൻ അപലപിച്ചു.


