യുകെയില്‍ യുവതിയെ ബലാത്സംഗം ചെയ്ത ഇന്ത്യന്‍ പൗരന് 15 വര്‍ഷം തടവു ശിക്ഷ.  ബലാത്സംഗം, ലൈംഗികാതിക്രമം, മോഷണം തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ശിക്ഷ.

ലണ്ടന്‍: യുവതിയെ ബലാത്സംഗം ചെയ്യുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കൊള്ളയടിക്കുകയും ചെയ്ത ഇന്ത്യന്‍ പൗരന് യുകെയില്‍ 15 വര്‍ഷം തടവു ശിക്ഷ. തെക്കു കിഴക്കന്‍ ലണ്ടനിലെ ഐസല്‍വര്‍ത്ത് ക്രൗണ്‍ കോടതിയാണ് ദില്‍ജിത് ഗ്രെവാള്‍ എന്ന ഇന്ത്യക്കാരന് ശിക്ഷ വിധിച്ചത്. 

ബലാത്സംഗം, ലൈംഗികാതിക്രമം, മോഷണം തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ശിക്ഷ. ഈ വര്‍ഷം ഏപ്രലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 30-കാരിയായ യുവതി താമസിക്കുന്ന സ്ഥലത്തെത്തിയ 28 -കാരനായ പ്രതി ഇവരെ ബലാത്സംഗം ചെയ്യുകയും പിന്നീട് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കൊള്ളയടിക്കുകയുമായിരുന്നു. ഏകദേശം രണ്ടര മണിക്കൂര്‍ ഇയാള്‍ യുവതിയെ ഉപദ്രവിച്ചതായി കോടതി കണ്ടെത്തി. ബലാത്സംഗത്തിന് ശേഷം യുവതിയുടെ ഫോണ്‍ കൈക്കലാക്കിയ ശേഷമാണ് പ്രതി മോഷണം നടത്തിയത്. പിന്നീട് ഇയാള്‍ പോയ ശേഷം യുവതി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.