ഇന്ത്യൻ കോടീശ്വരന്മാർ ഇപ്പോൾ വിദേശ രാജ്യങ്ങളിൽ ഒരു 'പ്ലാൻ ബി' എന്ന നിലയിൽ നിക്ഷേപം നടത്തുന്നു. ഇന്ത്യ വിടാതെ തന്നെ ആഗോള യാത്ര, വിദ്യാഭ്യാസം, ബിസിനസ്സ് എന്നിവ സുഗമമാക്കുകയാണ് ലക്ഷ്യം. റിയൽ എസ്റ്റേറ്റ് വഴിയുള്ള 'ഗോൾഡൻ വിസ' നിയമങ്ങൾ കർശനമായതോടെ, യുഎഇ, പോർച്ചുഗൽ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലെ ഫണ്ടുകളിലേക്കും സ്റ്റാർട്ടപ്പുകളിലേക്കും നിക്ഷേപം മാറുന്നു.

കാലങ്ങളായി ഇന്ത്യയിലെ കോടീശ്വരന്മാര്‍ തങ്ങളുടെ സമ്പത്ത് വളര്‍ത്തിയിരുന്നത് രാജ്യത്തെ ബിസിനസുകളിലൂടെയും റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളിലൂടെയുമാണ്. എന്നാല്‍, ഇപ്പോള്‍ രണ്ടാമതൊരു രാജ്യത്ത് ഒരു വീട് സ്വന്തമാക്കുന്നതിനുള്ള നിക്ഷേപം നടത്തുന്ന പ്രവണത കൂടി കോടീശ്വരന്‍മാരുടെയിടയിലുണ്ട്. ഇന്ത്യ വിട്ടുപോകുക എന്നതല്ല ഇവരുടെ ലക്ഷ്യം. മറിച്ച്, എന്തിനും തയ്യാറായി ഒരു 'പ്ലാന്‍ ബി' കരുതുക എന്നതാണ്. ലോകമെമ്പാടും തടസങ്ങളില്ലാതെ യാത്ര ചെയ്യാനും, കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാനും, അന്താരാഷ്ട്ര ബിസിനസ് ഹബ്ബുകളിലേക്ക് എളുപ്പത്തില്‍ കടന്നുചെല്ലാനും, ഒപ്പം അനുദിനം മാറിക്കൊണ്ടിരിക്കുന്ന അനിശ്ചിതത്വങ്ങളില്‍ നിന്നൊരു പരിരക്ഷ നേടാനും ഈ ബാക്കപ്പ് പ്ലാന്‍ അവരെ സഹായിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഈ പ്രവണത അതിവേഗം വര്‍ദ്ധിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അവധിക്കാല വസതികളില്‍ നിന്ന് 'ഗ്ലോബല്‍ ബാക്കപ്പിലേക്ക്'

ഒരു ദശാബ്ദം മുമ്പ് വരെ ലണ്ടനിലോ ദുബായിലോ സിംഗപ്പൂരിലോ ഒരു വീട് സ്വന്തമാക്കുന്നത് ഒരു സ്റ്റാറ്റസ് സിംബലായിരുന്നു. അത് ലൈഫ്സ്‌റ്റൈലിന്റെ ഭാഗമായിരുന്നു. എന്നാല്‍ ആ ചിന്താഗതി ഇന്ന് പാടെ മാറിയിരിക്കുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കാര്യങ്ങള്‍ മാറിമറിഞ്ഞു. യുദ്ധങ്ങള്‍, ഉപരോധങ്ങള്‍, പെട്ടെന്നുള്ള നികുതി മാറ്റങ്ങള്‍, വിസ നിയമങ്ങളിലെ നിയന്ത്രണങ്ങള്‍ എന്നിവയെല്ലാം ലോക യാത്രകളെയും ബിസിനസുകളെയും ബാധിച്ചു തുടങ്ങി. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് പുതിയൊരു വീട് കൂടി ഇവര്‍ വാങ്ങുന്നത്. ഇന്ത്യന്‍ നിയമപ്രകാരം ഒരാള്‍ക്ക് ഇരട്ട പൗരത്വം അനുവദനീയമല്ല. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ ഒന്നിലധികം റെസിഡന്‍സികള്‍ (താമസാനുമതി) സ്വന്തമാക്കുന്നതിന് തടസമില്ല. അതായത്, ഒരു കുടുംബത്തിന് തങ്ങളുടെ ഇന്ത്യന്‍ പാസ്പോര്‍ട്ട് നിലനിര്‍ത്തിക്കൊണ്ട് തന്നെ ആവശ്യമുള്ളപ്പോള്‍ മറ്റൊരു രാജ്യത്ത് താമസിക്കാനും പഠിക്കാനും ബിസിനസ് ചെയ്യാനുമുള്ള നിയമപരമായ അവകാശം നേടാനാകും.

പുതിയ ട്രെന്‍ഡ്

വിദേശത്ത് ഒരു അപ്പാര്‍ട്ട്‌മെന്റ് വാങ്ങുക, റെസിഡന്‍സി പെര്‍മിറ്റ് നേടുക എന്നതൊക്കെയായിരുന്നു പഴയ രീതി. എന്നാല്‍ ആ മോഡല്‍ ഇപ്പോള്‍ ഏതാണ്ട് അവസാനിച്ചു. പല രാജ്യങ്ങളും റിയല്‍ എസ്റ്റേറ്റ് വഴിയുള്ള 'ഗോള്‍ഡന്‍ വിസ' നിര്‍ത്തലാക്കുകയോ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയോ ചെയ്തു. ഇതോടെ നിക്ഷേപകര്‍ നിയന്ത്രിത ഫണ്ടുകള്‍, സര്‍ക്കാര്‍ ബോണ്ടുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ബിസിനസ്സ് ലിങ്ക്ഡ് റൂട്ടുകള്‍ എന്നിവയിലേക്ക് തിരിഞ്ഞു.കുട്ടികളുടെ വിദ്യാഭ്യാസത്തിനും ലോകയാത്രകള്‍ക്കുമായി ഫണ്ട് നിക്ഷേപങ്ങളിലൂടെ ഒരു യൂറോപ്യന്‍ റെസിഡന്‍സി കൂടി സ്വന്തമാക്കുക എന്നതാണ് പുതിയ രീതി.

കോടീശ്വരന്മാര്‍ പോകുന്നത് എങ്ങോട്ട്? എത്ര മുടക്കും?

ഇന്ത്യന്‍ സമ്പന്നരെ ആകര്‍ഷിക്കുന്ന വിദേശ രാജ്യങ്ങളിലും ഇപ്പോള്‍ മാറ്റം വന്നിട്ടുണ്ട്. പഴയ തലമുറ അമേരിക്കയിലേക്ക് പോകാനാണ് താല്‍പര്യപ്പെട്ടിരുന്നതെങ്കില്‍, ഇന്നത്തെ കുടുംബങ്ങള്‍ യുഎഇ, പോര്‍ച്ചുഗല്‍, ഗ്രീസ്, ഇറ്റലി, മാള്‍ട്ട, ചില കരീബിയന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കാണ് നിക്ഷേപം മാറ്റുന്നത്.

മികച്ച ബിസിനസ് അന്തരീക്ഷം, ഇന്ത്യയോടുള്ള സാമീപ്യം, അനുകൂലമായ നികുതി വ്യവസ്ഥകള്‍ എന്നിവ കാരണം യുഎഇ തന്നെയാണ് ഇപ്പോഴും പ്രിയ ഇടം. യൂറോപ്പിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന നിക്ഷേപകരെ പോര്‍ച്ചുഗല്‍ ആകര്‍ഷിക്കുന്നു. ഏകദേശം 2.5 കോടി മുതല്‍ 5 കോടി രൂപ വരെയാണ് ഇവര്‍ അവിടുത്തെ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത്. യൂറോപ്പിലെ മറ്റൊരു മികച്ച സ്ഥമായി ഗ്രീസ് മാറിയിട്ടുണ്ട് (2.5 കോടി മുതല്‍ 8 കോടി രൂപ വരെയാണ് നിക്ഷേപ പരിധി). കുറഞ്ഞ ചിലവില്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തിക്കൊണ്ടുള്ള വിസകളിലൂടെ ഇറ്റലിയും ഈ മേഖലയിലേക്ക് കടന്നുവരുന്നുണ്ട്.