സൗദി അറേബ്യയിൽ ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചവരെ കണ്ടെത്താനുള്ള പരിശോധന ആഭ്യന്തര മന്ത്രാലയം ശക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 14,154 നിയമലംഘകരെ സുരക്ഷാസേന പിടികൂടുകയും 12,600 പേരെ നാടുകടത്തുകയും ചെയ്തു. നിയമലംഘകർക്ക് സഹായം നൽകുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

റിയാദ്: സൗദി അറേബ്യയിൽ ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച് കഴിയുന്നവരെ കണ്ടെത്താനുള്ള പരിശോധന ആഭ്യന്തര മന്ത്രാലയം ശക്തമാക്കി. കഴിഞ്ഞ ഒരാഴ്ചക്കിടെ 12,600 പേരെ സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്തി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇക്കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 14,154 നിയമലംഘകരാണ് സുരക്ഷാസേനയുടെ പിടിയിലായത്. ജൂലൈ 23 മുതൽ 29 വരെയുള്ള കണക്കുകളാണ് അധികൃതർ പുറത്തുവിട്ടത്.

പിടിയിലായവരുടെ കണക്കുകൾ

താമസരേഖ (ഇഖാമ) ലംഘനം: 7,103 പേർ, അതിർത്തി ലംഘനം (അനധികൃത കടന്നുകയറ്റം): 3,654 പേർ, തൊഴിൽ നിയമലംഘനം: 3,397 പേർ. അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ 1,418 പേരെയാണ് അതിർത്തി സുരക്ഷാസേന പിടികൂടിയത്. ഇവരിൽ 54% പേർ യെമനികളും 45% പേർ ഇത്യോപ്യക്കാരുമാണ്. ബാക്കി ഒരു ശതമാനം പേർ മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരാണ്. കൂടാതെ, സൗദിയിൽ നിന്ന് നിയമവിരുദ്ധമായി പുറത്തേക്ക് കടക്കാൻ ശ്രമിച്ച 23 പേരും നിയമലംഘകർക്ക് താമസമോ യാത്രാസൗകര്യമോ നൽകി സഹായിച്ച 17 പേരും അറസ്റ്റിലായിട്ടുണ്ട്. നിലവിൽ 2,492 സ്ത്രീകൾ ഉൾപ്പെടെ 30,700 ആളുകൾക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണ്. 18,000 പേർക്ക് ഔട്ട്പാസ് (യാത്രാരേഖകൾ) തയാറാക്കുന്നതിനായി അതത് രാജ്യങ്ങളുടെ എംബസികൾക്ക് കൈമാറി. 5,424 പേരുടെ വിമാന ടിക്കറ്റുകൾ ശരിയാക്കിവരുന്നു.

അനധികൃതമായി ആളുകളെ രാജ്യത്ത് എത്തിക്കാനോ, അവർക്ക് താമസ സൗകര്യമോ മറ്റ് സഹായങ്ങളോ നൽകാനോ മുതിരുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയുമാണ് ശിക്ഷ. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനങ്ങളും വസ്തുവകകളും കണ്ടുകെട്ടും. കുറ്റക്കാരുടെ വിവരങ്ങളും ചിത്രങ്ങളും മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തും.