ആര്‍എസ്എഫ് സൈനികരിലൊരാൾ നിങ്ങള്‍ക്ക് ഷാരൂഖ് ഖാനെ അറിയുമോ എന്ന് ചോദിക്കുന്നതും, ആദർശ് നിലത്ത് കൂപ്പുകൈകളോടെ ഇരിക്കുന്നതും ക്യാമറയ്ക്ക് മുന്നിൽ ഒഡീഷ സർക്കാരിനോട് സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നതും പുറത്തുവിട്ട വീഡിയോയിലുണ്ട്.
പോർട്ട് സുഡാൻ: ആഭ്യന്തര കലഹം രൂക്ഷമായ ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ ഇന്ത്യക്കാരനെ വിമത സേന തട്ടിക്കൊണ്ടുപോയി. ഒഡീഷയിലെ ജഗത്സിംഗ്പുര്‍ ജില്ലയില്‍ നിന്നുള്ള 36-കാരനായ ആദര്‍ശ് ബെഹ്റയെയാണ് സുഡാനിലെ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് (ആര്‍എസ്എഫ്) തട്ടിക്കൊണ്ടുപോയത്. ഇയാളുടെ മോചനത്തിനായി ശ്രമങ്ങള്‍ നടന്നുവരികയാണ്. ആദർശിന്‍റെ മോചനത്തിനായി സുഡാനിലെ അധികൃതരുമായും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവുമായും തന്റെ രാജ്യം അടുത്ത ഏകോപനം നടത്തുന്നുണ്ടെന്ന് ഇന്ത്യയിലെ സുഡാന്‍ അംബാസഡര്‍ മുഹമ്മദ് അബ്ദല്ല അലി എല്‍തോം പറഞ്ഞു.
ഇതിനിടെ ആദര്‍ശ് ബെഹ്റ ആര്‍എസ്എഫ് സൈനികര്‍ക്കൊപ്പം ഇരിക്കുന്ന വീഡിയോ അന്താരാഷ്ട്ര മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലൂടേയുംപുറത്ത് വന്നിട്ടുണ്ട്. ആര്‍എസ്എഫ് സൈനികരിലൊരാൾ ആദർശ് ബെഹ്‌റയോട് നിങ്ങള്‍ക്ക് ഷാരൂഖ് ഖാനെ അറിയുമോ എന്നും വീഡിയോയില്‍ ചോദിക്കുണ്ടെന്ന് ദേശീയ മാധ്യമമായ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ആദർശ് നിലത്ത് കൂപ്പുകൈകളോടെ ഇരിക്കുന്നതും ക്യാമറയ്ക്ക് മുന്നിൽ ഒഡീഷ സർക്കാരിനോട് സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നതും പുറത്തുവിട്ട വീഡിയോയിലുണ്ട്
ഖാർത്തൂമിൽ നിന്ന് ഏകദേശം 1000 കിലോമീറ്റർ അകലെയുള്ള അൽ ഫാഷിർ നഗരത്തിൽ നിന്നാണ് തട്ടിക്കൊണ്ടുപോയത്. ആഭ്യന്തരയുദ്ധം രൂക്ഷമായതോടെ സുഡാന്റെ തലസ്ഥാനമായ ഖാർത്തൂമിൽ നിന്നും 13 ദശലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചിരുന്നു.സൗത്ത് ദാര്‍ഫൂറിലെ ആര്‍എസ്എഫിന്റെ ശക്തികേന്ദ്രമായ ന്യാളയിലേക്കാകാം ഇയാളെ കൊണ്ടുപോവാൻ സാധ്യതയെന്ന് സുഡാന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു. ആദർശ് ബെഹ്റ ഉടൻ സുരക്ഷിതനായി തിരിച്ചെത്തുമെന്നും എംബസി അധികൃതർ പറഞ്ഞു. 2022 മുതല്‍ സുഡാനിലെ സുകാരതി പ്ലാസ്റ്റിക് ഫാക്ടറി എന്ന കമ്പനിയിലാണ് ആദർശ് ബെഹ്റ ജോലി ചെയ്യുന്നത്. സുമിത്രയാണ് ഭാര്യ. ഇവർക്ക് എട്ടും മൂന്നും വയസ്സുള്ള രണ്ട് ആണ്‍മക്കളുണ്ട്.


