കോറി ബോമാനെതിരെ അനായാസ വിജയമായിരുന്നു അഫ്താബിന്റേത്. കുറ്റകൃത്യങ്ങളും പൗരന്റെ സുരക്ഷയും മുൻനിർത്തിയായിരുന്നു അഫ്താബിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം.

സിൻസിനാറ്റി: ട്രംപ് വിരുദ്ധ വികാരം ശക്തമായ അമേരിക്കയിൽ ഇടക്കാല തിരഞ്ഞെടുപ്പുകളിൽ യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസിന്റെ അർദ്ധസഹോദരനും തോൽവി. സിൻസിനാറ്റി മേയർ തെരഞ്ഞെടുപ്പിൽ മത്സരിച്ച കോറി ബോമാനാണ് പരാജയപ്പെട്ടത്. ഇന്ത്യൻ വംശജനായ അഫ്താബ് പുരേവാലിനോടാണ് തോൽവി ഏറ്റുവാങ്ങിയത്. 78 ശതമാനം വോട്ട് നേടിയാണ് 42 കാരനായ അഫ്താബ് പുരേവാൽ കോറി ബോമാനെ പരാജയപ്പെടുത്തിയത്. 2021ലാണ് അഫ്താബ് പുരേവാൽ ആദ്യമായി മേയർ സ്ഥാനത്ത് എത്തിയത്. സ്വതന്ത്ര സ്ഥാനാർത്ഥിയാണെങ്കിലും അഫ്താബ് പുരേവാലിന്റെ ആഭിമുഖ്യം ഡെമോക്രാറ്റിക് പാർട്ടിയാണ്. മേയർ ആകുന്നത് മുൻപ് അഭിഭാഷകനായി ജോലി ചെയ്തിരുന്ന വ്യക്തിയാണ് അഫ്താബ് പുരേവാൽ. കോറി ബോമാന്റെ ആദ്യ തെരഞ്ഞെടുപ്പായിരുന്നു സിൻസിനാറ്റിയിലേത്. 

കോറി ബോമാനെതിരെ അനായാസ വിജയമായിരുന്നു അഫ്താബിന്റേത്. കുറ്റകൃത്യങ്ങളും പൗരന്റെ സുരക്ഷയും മുൻനിർത്തിയായിരുന്നു അഫ്താബിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. ട്രംപിന്റെ നയങ്ങളോടുള്ള വിയോജിപ്പിന്റെ വിധിയെഴുത്തായി ഇത്തവണ തെരഞ്ഞെടുപ്പ് ഫലങ്ങൾ. കുടിയേറ്റ വിഭാഗവും, മുസ്ലിം മതസ്ഥരും സ്ത്രീകളുമായിരുന്നു ഇത്തവണ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥികളെന്നതാണ് ശ്രദ്ധേയമായത്.

ഡെമോക്രാറ്റിക് സ്ഥാനാർത്ഥികളിലേറെയും കുടിയേറ്റ വിഭാഗവും, മുസ്ലിം മതസ്ഥരും സ്ത്രീകളും 

ട്രംപിന്റെ പ്രസ്താവനകൾ കൊണ്ട് ലോകം ഉറ്റുനോക്കിയ ന്യൂയോർക്ക് സിറ്റി മേയർ തെരഞ്ഞെടുപ്പിൽ, ട്രംപിന് വലിയ തിരിച്ചടി നൽകി ഡെമോക്രാറ്റ് സ്ഥാനാർത്ഥി സൊഹ്റാൻ മംദാനി ചരിത്ര വിജയം നേടിയിരുന്നു. വിര്‍ജീനിയയുടെ ചരിത്രത്തിലെ ആദ്യ വനിതാ ഗവര്‍ണറായി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി അബിഗെയ്ല്‍ സ്പാന്‍ബെര്‍ഗര്‍ വിജയിച്ചു. ന്യൂജേഴ്‌സി ഗവര്‍ണര്‍ തിരഞ്ഞെടുപ്പിലും ഡെമോക്രാറ്റിക് പാര്‍ട്ടിക്കാണ് വിജയം. മൈക്കീ ഷെറിലാണ് ന്യൂജേഴ്‌സി ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ടത്.

ഇന്ത്യൻ വംശജനായ സൊഹ്റാൻ മംദാനി അമേരിക്കയിലെ ഏറ്റവും വലിയ നഗരത്തിന്റെ തലവനായത് ട്രംപിന് കനത്ത തിരിച്ചടി നൽകിക്കൊണ്ടാണ്. ന്യൂയോര്‍ക്കിന്റെ ചരിത്രത്തിലെ ആദ്യ മുസ്ലിം മേയർ, ദക്ഷിണേഷ്യകാരനായ ആദ്യ മേയര്‍, ഏറ്റവും പ്രായംകുറഞ്ഞ മേയർ അങ്ങനെ ഒരുപാട് റെക്കോഡുകളുമായാണ് ട്രംപിന്റെ കടുത്ത എതിരാളിയായ സൊഹ്‌റാന്‍ മംദാനിയുടെ വമ്പൻ വിജയം. ഇന്ത്യൻ വംശജയായ സംവിധായക മീര നായരുടെയും യുഗാണ്ടൻ എഴുത്തുകാരൻ മഹമൂദ് മംദാനിയുടെയും മകനാണ് സൊഹ്റാൻ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം