അപൂർവ ജനിതക രോഗമായ ന്യൂറോഫൈബ്രോമാറ്റോസിസ് ടൈപ്പ് 1 മായാണ് അമിത് ഘോഷ് ജനിച്ചത്.

ബർമിംഗ്ഹാം: ഇന്ത്യൻ വംശജനായ അമിത് ഘോഷിന് തന്റെ മുഖത്തിന്റെ അസാധാരണത്വം കാരണം ലണ്ടനിലെ ഒരു കഫേയിൽ നിന്ന് ഭക്ഷണം പോലും ലഭിച്ചില്ലെന്ന് പരാതി. കഫേയിലുണ്ടായിരുന്ന എല്ലാവരും ഒരു പ്രേതത്തിനെ നോക്കും പോലെ തന്നെ നോക്കിയെന്ന് അമിത് പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അമിതിനെ കണ്ടതും ഇവിടെ ഇനി സർവ്വീസില്ലെന്ന് പറഞ്ഞ് ജീവനക്കാരി നടന്നകന്നെന്നും, എന്നാൽ അപ്പോഴും അവിടെ ആളുകൾ ഇരിക്കുന്നുണ്ടായിരുന്നുവെന്നും അമിത് പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു. 

അപൂർവ ജനിതക രോഗമായ ന്യൂറോഫൈബ്രോമാറ്റോസിസ് ടൈപ്പ് 1 മായാണ് അമിത് ഘോഷ് ജനിച്ചത്. ഞരമ്പുകളിൽ കാൻസർ അല്ലാത്ത തരത്തിലുള്ള മുഴകൾ വളരുന്ന ഒരു അവസ്ഥയാണിത്. തന്റെ ജനിതക രോഗം കാരണം തനിക്കുണ്ടായ അനുഭവങ്ങളിൽ നിന്നെല്ലാം പാഠം ഉൾക്കൊണ്ട് കുട്ടികൾക്ക് സ്കൂളുകളിലെത്തി പ്രചോദനം നൽകുകയാണ് അമിത്. തന്റെ അനുഭവങ്ങൾ 'ബോൺ ഡിഫറന്റ്' എന്ന അദ്ദേഹത്തിന്റെ കുട്ടികളുടെ പുസ്തകത്തിലും ചേർത്തിട്ടുണ്ട്. 

പതിനൊന്നാം വയസിൽ തന്റെ ഇടത് കണ്ണ് അദ്ദേഹത്തിന് നീക്കം ചെയ്യേണ്ടി വന്നു. പിന്നീട് സ്കൂൾ കാലത്തെ ക്രിക്കറ്റ് കളി വരെ ജീവിതത്തിൽ വഴിത്തിരിവായി. സമൂഹത്തിലെ കളിയാക്കലുകളെയെല്ലാം നേരിടാൻ ഭാര്യ പിയാലി ഒരുപാട് സഹായിച്ചുവെന്ന് അദ്ദേഹം പറയുന്നു. ഭാര്യയാണ് സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങാൻ പ്രചോദനമായത്. 2023 ന്റെ തുടക്കത്തിൽ ആരംഭിച്ച ടിക് ടോക് ഇപ്പോൾ ഏകദേശം 200,000 ഫോളോവേഴ്‌സും ദശലക്ഷക്കണക്കിന് ലൈക്കുകളും നേടി. തന്റെ അനുഭവങ്ങൾ പങ്കുവെച്ച്, അമിത് കൂടുതൽ ആത്മവിശ്വാസം നേടിയെടുത്തു. ഇപ്പോൾ മുഴുവൻ സമയ മോട്ടിവേഷൻ സ്പീക്കറാണ് അമിത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...