അമേരിക്കയിലെ കാലിഫോർണിയയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഐസിഇ ഏജന്റുമാർ തട്ടിക്കൊണ്ടുപോയെന്ന് വ്യാജപ്രചാരണം നടത്തിയ ഇന്ത്യൻ വംശജൻ അറസ്റ്റിലായി.

കാലിഫോർണിയ: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം, യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ഏജന്റുമാർ തട്ടിക്കൊണ്ടുപോയതാണെന്ന വ്യാജപ്രചാരണം നടത്തിയ 28 കാരനായ ഇന്ത്യൻ വംശജൻ അമേരിക്കയിൽ പിടിയിൽ. കാലിഫോർണിയയിലെ സക്രമെന്റോയിൽ താമസിച്ചുവരികയായിരുന്ന ജാസ്മിൻ ഗിൽ (30) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഗുര്‍വിന്ദര്‍ ഗില്‍ ആണ് അറസ്റ്റിലായത്.

സെപ്റ്റംബർ 30 നാണ് ജാസ്മിനെ കാണാതായത്. ബന്ധുക്കൾ നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ വീടിന് മുന്നിലെ തപാൽ പെട്ടി പരിശോധിക്കാൻ പോയ ഭാര്യയെ അനധികൃത കുടിയേറ്റക്കാരെ കസ്റ്റഡിയിലെടുക്കുന്ന ഫെഡറൽ ഏജൻസിയായ ഐസിഇ ഉദ്യോഗസ്ഥർ പിടിച്ചുകൊണ്ടുപോവുകയായിരുന്നുവെന്നാണ് ഭർത്താവ് ഗുരീന്ദർ ഗിൽ പോലീസിനോട് പറഞ്ഞത്. എന്നാൽ പോലീസ് ഐസിഇ ഏജൻസിയുമായി ബന്ധപ്പെട്ടപ്പോൾ അങ്ങനെയൊരു റെയ്ഡോ കസ്റ്റഡിയിലെടുക്കലോ ആ പ്രദേശത്ത് നടന്നിട്ടില്ലെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഗുരീന്ദറിന്റെ മൊഴികളിൽ നിരവധി വൈരുദ്ധ്യങ്ങൾ കണ്ടെത്തി. ജാസ്മിനും ഗുരീന്ദറും തമ്മിൽ വിവാഹമോചന കേസും കുഞ്ഞിന്റെ അവകാശത്തെച്ചൊല്ലിയും തർക്കങ്ങൾ നിലനിന്നിരുന്നതായും പോലീസ് സംഘത്തിന് വിവര ലഭിച്ചു.

അതിനിടെ, ഒക്ടോബർ 1 ന് എൽ ഡൊറാഡോ കൗണ്ടിയിലെ കാട്ടുപ്രദേശത്ത് കത്തിക്കരിഞ്ഞ നിലയിൽ മനുഷ്യശരീര അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇത് കൊല്ലപ്പെട്ട ജാസ്മിൻ ഗില്ലിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. കൊലപാതക കുറ്റം ചുമത്തി ഗുരീന്ദർ ഗില്ലിന്റെ അറസ്റ്റ് രേഖപ്പെടുത്തി.