വെല്ലിംഗടണ്‍: സംസ്കൃതത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ന്യൂസിലാന്‍ഡ് പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജന്‍. ഗൌരവ് ശര്‍മ്മ എന്ന ന്യൂസിലാന്‍ഡ് എംപിയാണ് ബുധനാഴ്ച സംസ്കൃതത്തില്‍  സത്യപ്രതിജ്ഞ ചെയ്ത് ചരിത്രമായത്. ഹിമാചല്‍ പ്രദേശുകാരനാണ് മുപ്പത്തിമൂന്നുകാരനായ ഗൌരവ് ശര്‍മ്മ. ഹാമില്‍ട്ടണ്‍ വെസ്റ്റില്‍ നിന്നുള്ള ലേബര്‍ പാര്‍ട്ടിയുടെ എംപിയാണ് ഗൌരവ് ശര്‍മ്മ. 

ന്യൂസിലാന്‍ഡ് പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന പ്രായം കുറഞ്ഞ ജനപ്രതിനിധികളിലൊരാള്‍ കൂടിയാണ് ഗൌരവ് ശര്‍മ്മ. ന്യൂസിലാന്‍ഡിലെ ഗോത്രവര്‍ഗക്കാരുടെ മാവോരി ഭാഷയിലും പാര്‍ലമെന്‍റ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. എന്തുകൊണ്ട് ഹിന്ദി തെരഞ്ഞെടുത്തില്ലെന്ന ചോദ്യത്തിനും ഗൌരവിന് മറുപടിയുണ്ട്. പഹാരിയാണ് തന്‍റെ മാതൃഭാഷ, അതിന് പിന്നാലെ വരു്നനത് പഞ്ചാബിയാണ്. എല്ലാവരേയും സന്തോഷിപ്പിക്കുക സാധ്യമല്ല. സംസ്കൃതം എല്ലാ ഇന്ത്യന്‍ ഭാഷകളേയും, പ്രത്യേകിച്ച് എനിക്ക് സംസാരിക്കാന്‍ അറിയാത്ത ഭാഷകളുടേയും സ്മരണ നല്‍കുന്ന ഒന്നാണ്. 

ഹാമില്‍ട്ടണ്‍ വെസ്റ്റില്‍ നാഷണല്‍ പാര്‍ട്ടിയുടെ ടിം മസിന്‍ഡോയെ 4386 വോട്ടിനാണ് ഗൌരവ് തോല്‍പ്പിച്ചത്. 2017ലെ തെരഞ്ഞെടുപ്പിലും ഗൌരവ് മത്സരിച്ചിരുന്നു. 1996ലാണ് ഗൌരവ് ന്യൂസിലാന്‍ഡിലെത്തുന്നത്. പിതാവിന് ആറുവര്‍ഷത്തോളം ജോലി ഇല്ലാതിരുന്നത് കുടുംബത്തിന്‍റെ സാമ്പത്തിക ഭദ്രതയെ സാരമായി ബാധിച്ചിരുന്നു. അന്ന് സഹായകമായത് സാമൂഹ്യ സുരക്ഷ പദ്ധതിയായിരുന്നുവെന്നും ഗൌരവ് പ്രതികരിക്കുന്നു.