കാനഡയിൽ ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ടു. ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസിൻ്റെ ഡഫെറിൻ ഡിറ്റാച്ച്മെൻ്റിലെ കോൺസ്റ്റബിളായ തരുൺ ബലി കൊല്ലപ്പെട്ടത്. നസികാരോഗ്യ ആശുപത്രിയിൽനിന്ന് രക്ഷപ്പെട്ട ആൾ വാഹനം ഇടിപ്പിടിച്ചാണ് കൊലപ്പെടുത്തിയത്.
ഒൻ്റാറിയോ: കാനഡയിൽ ഇന്ത്യൻ വംശജനായ പൊലീസ് ഉദ്യോഗസ്ഥൻ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടു. ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസിൻ്റെ ഡഫെറിൻ ഡിറ്റാച്ച്മെൻ്റിലെ കോൺസ്റ്റബിളായ തരുൺ ബലി ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 18 വയസ്സുകാരനെ പൊലീസ് പിടികൂടി. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12:30 ഓടെ വടക്കൻ ഒൻ്റാറിയോയിലെ ഹേഴ്സ്റ്റ് മേഖലയ്ക്ക് സമീപം കേസന്വേഷണം നടത്തുമ്പോഴാണ് ആക്രമണമുണ്ടായത്. മാനസികാരോഗ്യ ആശുപത്രിയിൽനിന്ന് രക്ഷപ്പെട്ട ആളാണ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്. ഇയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഉദ്യോഗസ്ഥനെ വാഹനം ഇടിപ്പിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ തരുൺ ബലിക്ക് പിന്നീട് മരണം സംഭവിച്ചു.
മരിച്ച തരുൺ ബലി പഞ്ചാബ് വംശജനാണ്. രണ്ടര വർഷമായി ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസിൽ പ്രവർത്തിച്ചുവരികയായിരുന്നു. അശോക് ബലി - നീന ബലി ദമ്പതികളുടെ മകനാണ്. പഞ്ചാബിലെ നങ്കൾ സ്വദേശികളായിരുന്ന കുടുംബം പിന്നീട് കാനഡയിലെ ടൊറൻ്റോയിലേക്ക് കുടിയേറുകയായിരുന്നു. പഞ്ചാബ് വംശജയും കാനഡയിലെ താമസക്കാരിയുമായ കോമൾ ആണ് തരുണിൻ്റെ ഭാര്യ. രണ്ട് വർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. പൊലീസിനെ ആക്രമിച്ചതിനും അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനും പ്രതിക്കെതിരെ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
കോൺസ്റ്റബിൾ തരുൺ ബലി ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടുവെന്നും അതീവ ദുഃഖമുണ്ടെന്നും ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് കമ്മീഷണർ തോമസ് കാരിക്കെ എക്സിലൂടെ അറിയിച്ചു. മറ്റുള്ളവരെ സേവിക്കാനുള്ള അദ്ദേഹത്തിന്റെ ധീരതയും പ്രതിബദ്ധതയും ഒരിക്കലും വിസ്മരിക്കപ്പെടില്ലെന്ന് അദ്ദേഹം പറഞ്ഞു. കോൺസ്റ്റബിൾ തരുൺ ബലിയുടെ മരണവാർത്ത തന്നെ അങ്ങേയറ്റം ദുഃഖിപ്പിക്കുന്നു എന്ന് ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡും പറഞ്ഞു. ബലിയുടെ മരണം പ്രവിശ്യയെ സംബന്ധിച്ചിടത്തോളം വലിയൊരു നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


