അക്കാദമിക് കൂടിക്കാഴ്ചകള്‍ക്കിടയില്‍ ആഷ്ലി ജെ ടെല്ലിസ് ചൈനീസ് ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചകളും സംശയത്തിന്റെ നിഴലിലാണ്
വാഷിംഗ്ടൺ: പ്രതിരോധ രംഗത്തെ അതീവ സുരക്ഷാ രേഖകൾ കൈവശം വച്ചതിനും ചൈനീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയെന്നും ആരോപിച്ച് ഇന്ത്യന്‍ വംശജനായ നയതന്ത്ര വിദഗ്ധന്‍ അമേരിക്കയില്‍ അറസ്റ്റില്‍. കാര്‍ണഗീ എന്‍ഡോവ്മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ പീസില്‍ സീനിയര്‍ ഫെലോയായ ഇന്ത്യന്‍ വംശജനായ ആഷ്ലി ജെ ടെല്ലിസിനെയാണ് അറസ്റ്റ് ചെയ്തത്. ചാരപ്രവൃത്തിയാണ് ദശാബ്ദങ്ങളായി യുഎസ് ഗവണ്‍മെന്റിന്റെ ഉപദേഷ്ടാവായിരുന്ന ആഷ്ലി ജെ ടെല്ലിസിനെതിരെ ചുമത്തിയിട്ടുള്ളത്. അക്കാദമിക് കൂടിക്കാഴ്ചകള്‍ക്കിടയില്‍ ആഷ്ലി ജെ ടെല്ലിസ് ചൈനീസ് ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചകളും സംശയത്തിന്റെ നിഴലിലാണ്. പ്രതിരോധവുമായി ബന്ധപ്പെട്ട രേഖകള്‍ അനധികൃതമായി കൈവശം വച്ചുവെന്നും സൂക്ഷിച്ചുവെന്നും സുരക്ഷിതമായ സ്ഥലങ്ങളില്‍ നിന്ന് രഹസ്യ രേഖകള്‍ നീക്കം ചെയ്യുകയും ചൈനീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തുവെന്നാണ് ആഷ്ലി ജെ ടെല്ലിസിനെതിരെയുള്ള ആരോപണം.
10 വർഷം തടവും 2 കോടിയിലേറെ പിഴയും ലഭിക്കാവുന്ന കുറ്റം
1000 പേജിലധികം വരുന്ന രേഖകള്‍ ആഷ്ലി ജെ ടെല്ലിസിന്റെ പക്കല്‍ നിന്ന് കണ്ടെത്തിയെന്നാണ് ആരോപണം. ദേശീയ പ്രതിരോധവുമായി ബന്ധപ്പെട്ട രേഖകള്‍ കൈവശം വെച്ചത് ഫെഡറല്‍ സുരക്ഷാ പ്രോട്ടോക്കോളുകളുടെ ലംഘനമാണെന്ന് അധികൃതർ വിശദമാക്കുന്നത്. 10 വര്‍ഷം വരെ തടവും 2,50,000 ഡോളര്‍(22184225 രൂപ) പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ടാറ്റാ ചെയർ ഫോർ സ്ട്രാറ്റജിക് അഫയർസിലെ മുതിർന്ന ഫെലോയും 64കാരനുമായ ആഷ്ലി ജെ ടെല്ലിസിനെ വാരാന്ത്യത്തിലാണ് അറസ്റ്റ് ചെയ്തത്. അക്കാദമിക് രംഗത്തും നയരൂപീകരണ രംഗത്തും ഒരുപോലെ ശ്രദ്ധേയനായ വ്യക്തിയാണ് ആഷ്ലി ജെ ടെല്ലിസ്. ഇന്തോ അമേരിക്ക ആണവ കരാര്‍ ചര്‍ച്ച ചെയ്യുന്നതില്‍ പ്രധാന പങ്കുവഹിച്ചുകൊണ്ട് അണ്ടര്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോര്‍ പൊളിറ്റിക്കല്‍ അഫയേഴ്സിന്റെ സീനിയര്‍ ഉപദേഷ്ടാവായും ആഷ്ലി ജെ ടെല്ലിസ് സേവനം ചെയ്തിരുന്നു.
മുൻ അമേരിക്കൻ പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്ല്യു. ബുഷിന്റെ പ്രത്യേക സഹായിയായും സ്ട്രാറ്റജിക് പ്ലാനിങ് ആന്‍ഡ് സൗത്ത് വെസ്റ്റ് ഏഷ്യയുടെ സീനിയര്‍ ഡയറക്ടറായും ദേശീയ സുരക്ഷാ കൗണ്‍സിലിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സേവനത്തിന് മുമ്പ്, ടെല്ലിസ് റാന്‍ഡ് കോര്‍പ്പറേഷനില്‍ സീനിയര്‍ പോളിസി അനലിസ്റ്റായും പ്രൊഫസറായും പ്രവര്‍ത്തിച്ചിരുന്നു.


