ലണ്ടന്‍: ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥി ഇംഗ്ലണ്ടില്‍ കൊല്ലപ്പെട്ടു. ഇംഗ്ലണ്ടിലെ മിഡ്‍ലാന്‍റില്‍ ഒരു പബ്ബിന് സമീപമുണ്ടായ ആക്രമണത്തിലാണ് 20കാരനായ അര്‍ജുന്‍ സിംഗ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 20കാരനായ യുവാവിനെ അറസ്റ്റ് ചെയ്തതായി നോട്ടിംഗ്ഹാംഷെയര്‍ പൊലീസ് പറഞ്ഞു. ശനിയാഴ്ചയാണ് അര്‍ജുന്‍ സിംഹിന് ആക്രമണത്തില്‍ പരിക്കേറ്റത്. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ചയോടെ ഇയാള്‍ മരിക്കുകയായിരുന്നു. 

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഒരാള്‍ കസ്റ്റഡിയിലുണ്ടെന്നും ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ റിച്ചാര്‍ഡ് മോങ്ക് പറഞ്ഞു. സംഭവത്തിന്‍റെ ദൃക്സാക്ഷികളെ വിസ്തരിക്കാനുണ്ടെന്നും ദൃശ്യങ്ങള്‍ പരിശോധിക്കാനുണ്ടെന്നും അതിന് ശേഷം മാത്രമേ എന്തെങ്കിലും പറയാനാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. ഞെട്ടിക്കുന്നതും ദുഃഖകരവുമാണ് അര്‍ജുന്‍റെ മരണമെന്ന് യൂണിവേഴ്സിറ്റി പ്രതികരിച്ചു.