യുഎഇ സന്ദർശനത്തിനിടെ രാജ്യത്തിന് നേരെയുണ്ടായ ആക്രമണങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായി അപലപിച്ചു. അബുദാബിയിൽ നിർണായക കൂടിക്കാഴ്ച നടന്നു.  യുഎഇയുടെ വിവേകത്തെയും മനോധൈര്യത്തെയും പ്രശംസിച്ച അദ്ദേഹം, പ്രാദേശിക സമാധാനത്തിനും സുരക്ഷയ്ക്കും ഇന്ത്യയുടെ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്യുകയും ധാരണാ പത്രങ്ങൾ കൈമാറുകയും ചെയ്തു.

അബുദാബി: യുഎഇക്ക് നേരെ നടന്ന ആക്രമണങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ആക്രമണങ്ങൾ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. രാജ്യ സുരക്ഷയ്ക്കും ഐക്യത്തിനും പരമാധികാരത്തിനും യുഎഇ എടുക്കുന്ന നടപടികൾ സ്വാഗതം ചെയ്യുന്നതായും മോദി പറഞ്ഞു. മേഖലയിൽ നിലനിൽക്കുന്ന സങ്കീർണ്ണമായ രാഷ്ട്രീയ-സുരക്ഷാ സാഹചര്യങ്ങൾക്കിടയിലും യുഎഇ നേതൃത്വം പ്രകടിപ്പിക്കുന്ന വിവേകത്തെയും മനോധൈര്യത്തെയും അദ്ദേഹം പ്രശംസിച്ചു. വെള്ളിയാഴ്ച അബുദാബിയിലെ പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിയെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആലിംഗനം ചെയ്താണ് സ്വീകരിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

യുഎഇ തന്‍റെ രണ്ടാമത്തെ വീടാണെന്ന് മോദി പറഞ്ഞു. തനിക്ക് നൽകിയ ഊഷ്മളമായ സ്വീകരണത്തിന് അദ്ദേഹം ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തി. പ്രയാസകരമായ ഘട്ടങ്ങളിൽ യുഎഇയിലെ ഇന്ത്യൻ സമൂഹത്തെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെ പരിപാലിക്കുന്നതിനും സംരക്ഷിക്കുന്നതിനും യുഎഇ സർക്കാരിനോടും രാജകുടുംബത്തോടും പ്രധാനമന്ത്രി കടപ്പാട് അറിയിച്ചു.

ഫെബ്രുവരിയിൽ യുഎഇ ലക്ഷ്യമിട്ടുണ്ടായ ഇറാനിയൻ ആക്രമണങ്ങളെ മോദി ശക്തമായി അപലപിച്ചു. ഇത്തരം ആക്രമണങ്ങൾ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും ഈ സാഹചര്യത്തെ യുഎഇ നേരിട്ട രീതി അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു. ആഗോളതലത്തിൽ പ്രതിഫലിക്കുന്ന പ്രാദേശിക സംഘർഷങ്ങൾ പരിഹരിക്കാൻ ചർച്ചകൾക്കും നയതന്ത്രത്തിനുമാണ് ഇന്ത്യ മുൻഗണന നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് സുരക്ഷിതമായും തടസ്സമില്ലാതെയും നിലനിർത്തുന്നത് ഇന്ത്യയുടെ മുൻഗണനാ പട്ടികയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും ഇന്ത്യയുടെ പൂർണ്ണ പിന്തുണയും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. ഇന്ത്യയും -യുഎഇയും ധാരണ പത്രങ്ങൾ കൈമാറുകയും ചെയ്തു.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് അബുദാബി ആകാശത്ത് പ്രവേശിച്ച പ്രധാനമന്ത്രിയുടെ വിമാനത്തിന് അകമ്പടിയായി യുഎഇയുടെ അത്യാധുനിക യുദ്ധവിമാനങ്ങൾ പറന്നു. പ്രധാനമന്ത്രി സഞ്ചരിച്ചിരുന്ന 'എയർ ഇന്ത്യ വൺ' (ബോയിംഗ് 777-300ER) വിമാനത്തിന് ഇരുവശത്തുമായി യുഎഇ വ്യോമസേനയുടെ എഫ്-16 ബ്ലോക്ക് 60 'ഡെസേർട്ട് ഫാൽക്കൺ' യുദ്ധവിമാനങ്ങൾ അകമ്പടി നൽകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി. ഒരു വിദേശ രാജ്യത്തെ ഭരണത്തലവന് നൽകാവുന്ന ഏറ്റവും ഉയർന്ന ആദരവുകളിൽ ഒന്നായാണ് ഈ അകമ്പടിയെ നയതന്ത്ര ലോകം കാണുന്നത്. മധ്യേഷ്യയിലെ യുദ്ധസാഹചര്യം മൂലം ആഗോളതലത്തിൽ ഊർജ്ജ പ്രതിസന്ധി രൂക്ഷമായ സമയത്താണ് മോദിയുടെ ഈ സന്ദർശനം എന്നത് പ്രാധാന്യമർഹിക്കുന്നു.