1,00,000 ഡോളർ വരെ കവറേജ് ലഭിക്കുന്ന സൂപ്പർ വിസ ട്രാവൽ ഇൻഷുറൻസ് പോളിസി ആലീസ് എടുത്തിരുന്നു. പക്ഷേ അവരുടെ ക്ലെയിം ആദ്യം നിരസിക്കപ്പെട്ടു.
ഒട്ടാവ: ആറ് മാസത്തെ സൂപ്പർ വിസയിൽ കാനഡയിലെത്തിയ 88 വയസ്സുകാരിയായ ഇന്ത്യക്കാരിക്ക് ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതോടെ നൽകേണ്ടിവന്നത് 96,000 കനേഡിയൻ ഡോളർ (57 ലക്ഷം രൂപ). ഇൻഷുറൻസ് പോളിസിയുണ്ടായിട്ടും ആദ്യം ക്ലെയിം നിരസിക്കപ്പെട്ടു. സംഭവം വാർത്തയായതോടെ ഇൻഷുറൻസ് കമ്പനി തീരുമാനം പുനപരിശോധിക്കുമെന്ന് അറിയിച്ചു.
ആലീസ് ജോൺ എന്ന 88കാരിയാണ് ഒന്‍റാറിയോയിലെ ബ്രാംപ്ടണിൽ മകൻ ജോസഫ് ക്രിസ്റ്റിയെയും കുടുംബത്തെയും കാണാനെത്തിയത്. അതിനിടയിൽ അടിയന്തരമായി ആവശ്യമായി വന്ന വൈദ്യസഹായം ആ കുടുംബത്തിന് വലിയ ആഘാതമായി മാറുകയായിരുന്നുവെന്ന് കാനഡയിലെ സിടിവി ന്യൂസ് റിപ്പോർട്ട് ചെയ്തു.
ചുമ, ശ്വാസതടസ്സം, പനി എന്നിവ ബാധിച്ചതോടെ ആലീസ് ജോണിനെ ഹാമിൽട്ടൺ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് ആഴ്ചത്തെ ആശുപത്രി വാസത്തിനിടെ ആലീസിന് വെന്‍റിലേറ്റർ സഹായം വേണ്ടിവന്നു. 1,00,000 ഡോളർ വരെ കവറേജ് ലഭിക്കുന്ന സൂപ്പർ വിസ ട്രാവൽ ഇൻഷുറൻസ് പോളിസി ആലീസ് എടുത്തിരുന്നു. പക്ഷേ അവരുടെ ക്ലെയിം നിരസിക്കപ്പെട്ടു. നിങ്ങൾക്ക് എപ്പോഴെങ്കിലും ഹൃദയ സംബന്ധമായ അസുഖം കണ്ടെത്തിയിട്ടുണ്ടെങ്കിൽ ഈ പോളിസി പ്രകാരം കവറേജിന് അർഹതയില്ല എന്നാണ് അറിയിപ്പ് ലഭിച്ചത്.
ഈ അറിയിപ്പ് വലിയ ഞെട്ടലുണ്ടാക്കിയെന്ന് ജോസഫ് ക്രിസ്റ്റി പറഞ്ഞു. മൂന്ന് വർഷമായുള്ള ഡോക്ടറുടെ ഒരു കുറിപ്പടിയിലും 'കൺജസ്റ്റീവ് ഹാർട്ട് ഫെയിലിയർ' എന്ന പദം ഉണ്ടായിരുന്നില്ലെന്ന് ക്രിസ്റ്റി പറഞ്ഞു. ക്ലെയിം നിരസിക്കപ്പെട്ടതോടെ ആശുപത്രിവാസത്തിന്‍റെ മുഴുവൻ ചെലവും കുടുംബം വഹിക്കണമെന്ന അവസ്ഥയായി. ശരിക്കും നിരാശ തോന്നിയെന്ന് ജോണ്‍ ക്രിസ്റ്റി പറഞ്ഞു.
മുൻ ആരോഗ്യ പ്രശ്നങ്ങൾ രേഖപ്പെടുത്തേണ്ടതില്ലാത്ത ബേസിക് ഇൻഷുറൻസ് പോളിസിയാണ് കുടുംബം തെരഞ്ഞെടുത്തത്. ഈ പോളിസി പ്രകാരം സാധാരണയായി വൈദ്യചികിത്സ തേടിയതിനുശേഷം മാത്രമേ നിലവിലുള്ള രോഗങ്ങളെ കുറിച്ച് ചോദ്യം വരൂ. ആലീസ് ക്രിസ്റ്റിയുടെ ഇൻഷുറൻസ് നിരസിക്കപ്പെട്ടത് സംബന്ധിച്ചുള്ള പ്രതികരണത്തിനായി സിടിവി ന്യൂസ് ഇൻഷുറൻസ് കമ്പനിയെ ബന്ധപ്പെട്ടു. തുടർന്ന് പുനപരിശോധനയ്ക്ക് ശേഷം ക്ലെയിം അംഗീകരിക്കാൻ ഇൻഷുറൻസ് കമ്പനി തീരുമാനിച്ചതായി സിടിവി ന്യൂസ് റിപ്പോർട്ട് ചെയ്തു. അങ്ങനെ ആലീസിനും കുടുംബത്തിനും 57 ലക്ഷം രൂപയുടെ വലിയ സാമ്പത്തിക ബാധ്യത ഒഴിവായി.
