ക്വാലാലംപൂർ: കൊവിഡ് 19 ബാധയെ തുടർന്ന് ഇന്ത്യയിലേക്ക് മടങ്ങാൻ ശ്രമിച്ച ഇന്ത്യക്കാർ മലേഷ്യയിൽ കുടുങ്ങി കിടക്കുന്നു. മലേഷ്യയുടെ തലസ്ഥാനമായ ക്വലാലംപൂരിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇന്ത്യൻ സംഘം കുടുങ്ങി കിടക്കുന്നത്. രണ്ട് ദിവസത്തിലേറെയായി ഇവരിൽ പലരും വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുകയാണ്. 

ഇതിനിടെ ക്വലാലംപൂരിൽ നിന്നും ഇന്ത്യയിലേക്ക് പ്രത്യേക വിമാനം പോയെങ്കിലും ഇതേക്കുറിച്ചുള്ള ഒരു അറിയിപ്പും വിമാനത്താവളത്തിൽ ലഭിച്ചില്ലെന്ന് കുടുങ്ങി കിടക്കുന്നവർ പറയുന്നു. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ ബുക്കിംഗ് തീർന്നെന്ന മറുപടിയാണ് കിട്ടിയതെന്നും കുടുങ്ങി കിടക്കുന്നവർ പരാതിപ്പെടുന്നു. കൈയിലുള്ള പണമെല്ലാം തീർന്നുതുടങ്ങിയെന്നും അടിയന്തരമായി കേന്ദ്രസർക്കാർ വിഷയത്തിൽ ഇടപെടണമെന്നും ഇവർ ആവശ്യപ്പെടുന്നു. 

മലേഷ്യയിലെ ഇന്ത്യൻ എംബസിയിൽ നിന്നും ഒരു തരത്തിലുള്ള സഹായവും ലഭിച്ചില്ലെന്നും കുടുങ്ങി കിടക്കുന്നവർ ആരോപിക്കുന്നുണ്ട്. ഏതാണ്ട് അൻപതിലേറെ ഇന്ത്യക്കാരാണ് കൊവിഡ് 19 ഭീതി നിലനിൽക്കുന്ന മലേഷ്യയിൽ നിന്നും രക്ഷപ്പെടാനാവാതെ കുടുങ്ങിയത്. ഇവരിലേറെയും മലയാളികളും തമിഴ്നാട്ടിൽ നിന്നുമാണ്.

മലേഷ്യയെ കൂടാതെ ഫിലിപ്പീൻസിലും ഇന്ത്യക്കാ‍‌​‌‌‌‍‌‍‌‌ർ കുടുങ്ങി കിടക്കുന്നുണ്ട്.  ഫിലിപ്പിയൻസിലും മലേഷ്യയിലും കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കണം എന്നാവിശ്യപ്പെട്ട് പി.കെ. കുഞ്ഞാലിക്കുട്ടി എം പി ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്.