ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ, ഹോങ്കോങ്, ഷാങ്ഹായ് ഉൾപ്പെടെ ആറ് പ്രമുഖ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കുന്നു. യാത്രക്കാരുടെ എണ്ണത്തിൽ വരാനിരിക്കുന്ന കുറവും വർധിച്ച പ്രവർത്തനച്ചെലവുമാണ് ഇതിന് കാരണം. ജൂലൈ മുതൽ സെപ്റ്റംബർ വരെയാണ് സർവീസുകൾ നിർത്തിവെക്കുന്നത്.

ദില്ലി: ഹോങ്കോങ്, ഷാങ്ഹായ് ഉൾപ്പെടെയുള്ള ആറ് പ്രമുഖ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കുന്നതായി ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ. വരാനിരിക്കുന്ന പാദത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായേക്കാവുന്ന കുറവും വർദ്ധിച്ചുവരുന്ന പ്രവർത്തനച്ചെലവുകളും കണക്കിലെടുത്ത് സർവീസുകൾ പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മൂന്ന് മാസത്തേക്കാണ് സർവീസുകൾ നിർത്തിവെക്കുന്നത്. ജൂലൈ 1 മുതൽ ഹോങ്കോങ്, ഷാങ്ഹായ് (ചൈന), ഹോ ചി മിൻ സിറ്റി (വിയറ്റ്നാം), ക്രാബി (തായ്‌ലൻഡ്), ലങ്കാവി (മലേഷ്യ) എന്നിവിടങ്ങളിലേക്ക് സർവീസുകൾ ഉണ്ടായിരിക്കില്ല. ജൂലൈ 3 മുതൽ സീം റീപ് (കംബോഡിയ) വിമാനത്താവളത്തിലേക്കും സർവീസ് ഉണ്ടായിരിക്കില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സെപ്റ്റംബർ 30 വരെയാണ് എല്ലാ സർവീസുകളും നിർത്തിവെക്കുന്നത്. തുടർന്ന് സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ ഒക്ടോബർ 1 മുതൽ ഈ റൂട്ടുകളിലേക്കുള്ള ബുക്കിംഗുകൾ പുനരാരംഭിക്കുമെന്നും ഇൻഡിഗോ അറിയിച്ചു. ഡിമാൻ്റ് വർദ്ധിക്കുകയാണെങ്കിൽ ഒക്ടോബർ ഒന്നിന് മുൻപ് തന്നെ സർവീസുകൾ പുനഃസ്ഥാപിക്കാൻ തയ്യാറാണെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത മൂന്ന് മാസം സാധാരണ ഈ റൂട്ടുകളിൽ യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവ് അനുഭവപ്പെടാറുണ്ട്. ഉയർന്ന ഇന്ധനവില, വ്യോമപാത നിയന്ത്രണങ്ങൾ എന്നിവ കാരണം പ്രവർത്തനച്ചെലവ് വലിയ രീതിയിൽ ഉയർന്നതാണ് കമ്പനിയെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്.

ഇൻഡിഗോയുടെ ഭൂരിഭാഗം അന്താരാഷ്ട്ര സർവീസുകളെയും ഇത് ബാധിക്കില്ല. ആഴ്ചയിൽ 1,800-ലധികം അന്താരാഷ്ട്ര സർവീസുകൾ ഇൻഡിഗോ നിലവിൽ നടത്തുന്നുണ്ട്. റൂട്ടുകളിലെ താൽക്കാലിക മാറ്റം കാരണം ബുക്കിംഗുകളിൽ മാറ്റം വരുന്ന യാത്രക്കാരെ കമ്പനി നേരിട്ട് വിവരങ്ങൾ അറിയിക്കുമെന്നും യാത്ര പുറപ്പെടുന്നതിന് മുൻപ് വെബ്‌സൈറ്റ് വഴി ഏറ്റവും പുതിയ വിവരങ്ങൾ പരിശോധിക്കണമെന്നും ഇൻഡിഗോ നിർദ്ദേശിച്ചു.