ജക്കാർത്ത: മനുഷ്യ ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒരു വസ്തുവായി മൊബൈൽ ഫോണുകൾ മാറിക്കഴിഞ്ഞു. ഭൂരിഭാ​ഗം പേരും  ഒരു ദിവസത്തിന്റെ ഏറിയ പങ്കും ചെലവഴിക്കുന്നത് മൊബൈൽ ഫോണുകളിലാണ്. കുട്ടികൾ ഉൾപ്പടെയുള്ളവർക്ക്  മൊബൈൽ ഫോൺ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിക്കഴിഞ്ഞു. ഫോണുകളുടെ അമിതമായ ഉപയോ​ഗത്തിൽ നിന്ന് കുട്ടികളെ വ്യതിചലിപ്പിക്കാൻ വ്യത്യസ്ഥമായ ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്തോനേഷ്യയിലെ ഒരു ന​ഗരം.

മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ച് സമയം നഷ്ടപ്പെടുത്താതിരിക്കാന്‍ കുട്ടികള്‍ക്ക് കോഴി കുഞ്ഞുങ്ങളും മുളകു വിത്തുകളും നല്‍കിയിരിക്കുകയാണ് വെസ്റ്റ് ജാവയിലെ ബന്ദുംഗ് നഗരം. ഇതിനായി 2000 കോഴികളും 1500 വിത്തുകളുമാണ് പ്രൈമറി സ്‌കൂളുകളില്‍ വിതരണം ചെയ്തത്. നാല് ദിവസം പ്രായമായ കോഴി കുഞ്ഞുങ്ങളെയാണ് കുട്ടികൾക്ക് നൽകിയത്. 

കുട്ടികൾക്ക് കൈമാറിയ കൂടുകളിൽ 'എന്നെ നന്നായി പരിപാലിക്കുക' എന്ന സ്റ്റിക്കറും ഒട്ടിച്ചിരുന്നു. രക്ഷിതാക്കൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ഈ പദ്ധതിയ്ക്ക് ലഭിച്ചിരിക്കുന്നത്. കുട്ടികളില്‍ അച്ചടക്കം ഉണ്ടാകാന്‍ ഈ പദ്ധതി സഹായകരമാകുമെന്നാണ് അവരുടെ പ്രതീക്ഷ. ഫോണ്‍ ഉപയോഗം കുറച്ച് സസ്യങ്ങളെ പരിപാലിക്കുന്നതിനും മൃഗങ്ങളെ വളര്‍ത്തുന്നതിലും കുട്ടികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ചിലര്‍ പറയുന്നു.