ഇന്തോനേഷ്യയിലെ ആച്ചെ പ്രവിശ്യയിൽ വിവാഹേതര ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനും മദ്യപിച്ചതിനും ദമ്പതികൾക്ക് 140 ചാട്ടവാറടി ശിക്ഷ നൽകി. ശരിയത്ത് നിയമപ്രകാരം പരസ്യമായി ശിക്ഷ നടപ്പാക്കുന്നതിനിടെ യുവതി ബോധരഹിതയായി.
ജക്കാർത്ത: ഇന്തോനേഷ്യയിലെ ആച്ചെ പ്രവിശ്യയിൽ വിവാഹേതര ലൈംഗിക ബന്ധത്തിലേർപ്പെട്ടതിനും മദ്യപിച്ചതിനും ദമ്പതികൾക്ക് 140 തവണ വീതം പരസ്യമായി ചാട്ടവാറടി. ഇന്തോനേഷ്യയിൽ ശരിയത്ത് നിയമം നടപ്പിലാക്കുന്ന ഒരേയൊരു സ്ഥലമായ ആച്ചെയിൽ അവിവാഹിതരായ ദമ്പതികൾ തമ്മിലുള്ള ലൈംഗിക ബന്ധം കർശനമായി നിരോധിച്ചിരിക്കുന്നു. പൊതു പാർക്കിൽ ജനം നോക്കിനിൽക്കെയാണ് ശിക്ഷ നടപ്പാക്കിയത്. ശിക്ഷ ലഭിച്ചതിന് ശേഷം സ്ത്രീ ബോധരഹിതയായി. വിവാഹത്തിന് പുറത്തുള്ള ലൈംഗിക ബന്ധത്തിന് 100 ചാട്ടവാറടിയും മദ്യപിച്ചതിന് 40 ചാട്ടവാറടിയും ഉൾപ്പെടെ ആകെ 140 ചാട്ടവാറടികളാണ് ദമ്പതികൾക്ക് ലഭിച്ചതെന്ന് ബന്ദ ആച്ചെയിലെ ശരിയ പോലീസ് മേധാവി മുഹമ്മദ് റിസാൽ എഎഫ്‌പിയോട് പറഞ്ഞു.
2001-ൽ ആച്ചെയ്ക്ക് പ്രത്യേക സ്വയംഭരണാവകാശം നൽകി ശരിയത്ത് നടപ്പിലാക്കിയതിനുശേഷം ചുമത്തിയ ഏറ്റവും ഉയർന്ന ചൂരൽ അടികളിൽ ഒന്നാണിതെന്ന് പറയുന്നു. ഇസ്ലാമിക നിയമങ്ങൾ ലംഘിച്ചതിന് മറ്റ് നാല് പേരും ചാട്ടവാറടിക്ക് ശിക്ഷിക്കപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥനും അയാളുടെ സ്ത്രീ പങ്കാളിയും ഉൾപ്പെടെയാണ് ശിക്ഷക്ക് വിധേയരായത്. ഈ ദമ്പതികൾക്ക് 23 വീതം അടികൾ ലഭിച്ചു. ചൂതാട്ടം, മദ്യപാനം, സ്വവർഗ ലൈംഗികത, വിവാഹത്തിന് പുറത്തുള്ള ലൈംഗിക ബന്ധങ്ങൾ എന്നിവയുൾപ്പെടെ നിരവധി കുറ്റകൃത്യങ്ങൾക്ക് അടിയാണ് ശിക്ഷ. കഴിഞ്ഞ വർഷം, ലൈംഗിക ബന്ധത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഷരിയ കോടതി രണ്ട് പുരുഷന്മാരെ പരസ്യമായി 76 തവണ വീതം ചാട്ടവാറടിക്ക് വിധേയരാക്കി.
