മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രായം കാരണം ഉറങ്ങിപ്പോകുന്നു എന്നത് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമായിരുന്നു. ബൈഡനെ 'സ്ലീപ്പി ജോ' എന്ന് ട്രംപ് ഇപ്പോഴും കളിയാക്കാറുണ്ട്.

ചിലപ്പോൾ ശത്രുരാജ്യത്തെ പ്രസിഡന്റിനെ തട്ടിക്കൊണ്ടുപോകൽ, ചിലപ്പോൾ താരിഫ്, മറ്റു ചിലപ്പോൾ ഗ്രീൻലാൻഡ്, ക്യൂബ, കൊളംബിയ എന്നിവർക്ക് നേരിട്ടുള്ള ഭീഷണി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇപ്പോൾ പലരുടെയും ഉറക്കം കെടുത്തിയിരിക്കുകയാണ്. എന്നാൽ ലോകത്തിന്റെ ഉറക്കം കെടുത്തിയ ട്രംപ് തന്നെ നിർണായക സമയങ്ങളിൽ ഉറങ്ങിപ്പോവുകയാണോ? 'ഉറങ്ങുന്ന പ്രസിഡന്റിന്റെ' വീഡിയോ വൈറലായതോടെ ട്രംപ് തന്നെ ഇപ്പോൾ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. 

കഴിഞ്ഞ മാസം വൈറ്റ് ഹൗസിൽ നടന്ന ഒരു പ്രധാന കാബിനറ്റ് മീറ്റിംഗിൽ പ്രസിഡന്റ് ട്രംപ് ഏറെ നേരം കണ്ണടച്ചിരിക്കുന്നത് കണ്ടിരുന്നു. 79 വയസ്സുള്ള ട്രംപ് പ്രധാനപ്പെട്ട മീറ്റിംഗിനിടെ ഉറക്കം തൂങ്ങുന്നത് വൈറൽ വീഡിയോയിൽ വ്യക്തമായി കാണാം. ജോ ബൈഡൻ പ്രായം കാരണം ഉറങ്ങിപ്പോകുന്നു എന്നത് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമായിരുന്നു. അധികാരത്തിൽ തിരിച്ചെത്തിയാലും ബൈഡനെ 'സ്ലീപ്പി ജോ' (ഉറക്കംതൂങ്ങി ജോ) എന്ന് ട്രംപ് ഇപ്പോഴും കളിയാക്കാറുണ്ട്. ആ കളിയാക്കൽ ഇപ്പോൾ ട്രംപിന് തന്നെ തിരിച്ചടിയായിരിക്കുകയാണ്. ഏതാനും മാസങ്ങൾക്കുള്ളിൽ 80 വയസ്സ് തികയാൻ പോകുന്ന യുഎസ് പ്രസിഡന്റ് ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ്.

ട്രംപിന്റെ വിശദീകരണം

"അന്ന് ഞാൻ ഉറങ്ങിയിട്ടില്ല. കുറച്ചധികം നേരം കണ്ണടച്ചിരുന്നുവെന്ന് മാത്രം. കാരണം, ആ മീറ്റിംഗ് വളരെ ദൈർഘ്യമേറിയതായിരുന്നു, അതിന്റെ മുഷിച്ചിൽ മാറ്റാനാണ് ഞാൻ കണ്ണടച്ചത്" ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞത് ഇങ്ങനെ. എന്നാൽ ട്രംപ് എന്തുതന്നെ പറഞ്ഞാലും, പ്രസിഡന്റിനെ അടുത്തു നിന്ന് കാണുന്ന ചില മാധ്യമപ്രവർത്തകർ പറയുന്നത്, അദ്ദേഹത്തിന് ജോലി ചെയ്യാനുള്ള ആഗ്രഹവും ഊർജ്ജവുമുണ്ട്, പക്ഷേ ഇപ്പോൾ പ്രായം അദ്ദേഹത്തെ ബാധിച്ചു തുടങ്ങിയിരിക്കുന്നു എന്നാണ്. ട്രംപിന് ഇപ്പോൾ അധികം കഠിനാധ്വാനം ചെയ്യാൻ കഴിയുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. അടുത്തിടെ ട്രംപിന്റെ കയ്യിൽ ഒരു മുറിവ് കണ്ടിരുന്നു. ഇത് അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചും പലരും ചോദ്യങ്ങൾ ഉയർത്താൻ കാരണമായിരുന്നു.

Scroll to load tweet…

മാസങ്ങൾക്കുള്ളിൽ 80 വയസ്സ് തികയുന്ന ട്രംപ്

വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, താൻ ഉറങ്ങിപ്പോയി എന്ന ആരോപണം ട്രംപ് വ്യക്തമായി നിഷേധിച്ചു. ട്രംപ് പറഞ്ഞു, "മുമ്പത്തെ മീറ്റിംഗ് ഏകദേശം മൂന്ന് മണിക്കൂർ നീണ്ടുനിന്നു, അതിൽ ഒരു നീണ്ട പത്രസമ്മേളനവും ഉൾപ്പെടുന്നു. പലരും പറഞ്ഞു, ഞാൻ ആ മീറ്റിംഗിൽ ഉറങ്ങിപ്പോയെന്ന്. എന്നാൽ, അത് തീർത്തും തെറ്റാണ്. ഞാൻ ഉറങ്ങിയിട്ടില്ല. മറിച്ച്, ആ സാഹചര്യം വളരെ വിരസമായതുകൊണ്ടാണ് ഞാൻ കണ്ണടച്ചത്." മീറ്റിംഗ് വളരെ ബോറിംഗ് ആയിരുന്നുവെന്നും അവിടെ നിന്ന് വേഗം പുറത്തുകടക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.