ഉച്ചകഴിഞ്ഞുള്ള പ്രാർത്ഥന നടത്തുന്നതിനിടെയാണ് നിർമാണത്തിലിരുന്ന കെട്ടിടം വിദ്യാർഥികളുടെ മുകളിലെക്ക് തകർന്നു വീണത്. ഏഴ് മുതൽ പതിനൊന്ന് വരെ ക്ലാസുകളിൽ പഠിക്കുന്ന 12 നും 18 നും ഇടയിൽ പ്രായമുള്ള ആൺകുട്ടികളാണ് അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗവും
ജക്കാർത്ത: ഇന്തോനേഷ്യയിൽ സ്കൂൾ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണ സംഖ്യ ഉയരുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം സ്കൂളിൽ നിന്ന് 54 മൃതദേഹങ്ങൾ കണ്ടെത്തി. കാണാതായ പതിമൂന്നിലധികം പേർക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. 104 പേർ സുരക്ഷിതരാണെന്നും അധികൃതർ പറഞ്ഞു. ജക്ക്ഹാമറുകൾ ഘടിപ്പിച്ച ഖനന യന്ത്രങ്ങൾ ഉപയോഗിച്ചാണ് ഇപ്പോൾ പരിശോധന തുടരുന്നത്. നിരവധി കെട്ടിടാവശിഷ്ടങ്ങൾ ഇതിനകം നീക്കം ചെയ്തതായും അധികൃതർ അറിയിച്ചു. കെട്ടിടത്തിന്‍റെ കോൺക്രീറ്റ് സ്ലാബുക്കൾ ഇളകി വിഴുന്നത് രക്ഷാപ്രവർത്തന്നതിന് വലിയ വെല്ലുവിളിയാണെന്നും അവർ വ്യക്തമാക്കി. ജാവയിലെ സിഡോർജ് പട്ടണത്തിലെ അൽ ഖോസിനി സ്കൂൾ കെട്ടിടമാണ് സെപ്തംബർ 29 ന് തകർന്നു വീണത്.
അപകടം പ്രാർത്ഥനക്കിടെ
പരമ്പരാഗത ഇസ്ലാമിക് ബോർഡിങ്ങ് സ്കൂളിലാണ് അപകടമുണ്ടായത്. ഉച്ചകഴിഞ്ഞുള്ള പ്രാർത്ഥന നടത്തുന്നതിനിടെയാണ് നിർമാണത്തിലിരുന്ന കെട്ടിടം വിദ്യാർഥികളുടെ മുകളിലെക്ക് തകർന്നു വീണത്. ഏഴ് മുതൽ പതിനൊന്ന് വരെ ക്ലാസുകളിൽ പഠിക്കുന്ന 12 നും 18 നും ഇടയിൽ പ്രായമുള്ള ആൺകുട്ടികളാണ് അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗവും. 2,000 ത്തിലധികം കുട്ടികളാണ് പെസാൻട്രെൻ എന്നറിയപ്പെടുന്ന ഈ ബോർഡിങ് സ്‌കൂളിൽ പഠിക്കുന്നത്.
വ്യാപക പ്രതിഷേധം
രണ്ട് നില കെട്ടിടത്തിലായിരുന്നു വിദ്യാലയത്തിന്‍റെ പ്രവർത്തനം. എന്നാൽ അനുമതിയില്ലാതെ ഇതിന് മുകളിൽ രണ്ട് നില കൂടി പണിഞ്ഞതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. നിലവാരമില്ലാത്ത നിർമാണമാണ് ദുരന്തത്തിന് കാരണമെന്ന് പുറത്തുവന്നതോടെ ഇന്തോനേഷ്യയിലെ അനധികൃത നിർമാണത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
