ഇന്ത്യൻ മഹാസമുദ്രത്തിലെ യുഎസ്-യുകെ സൈനിക താവളമായ ഡീഗോ ഗാർഷ്യയെ ലക്ഷ്യമിട്ട് ഇറാൻ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തു. ആക്രമണ ശ്രമം പരാജയപ്പെട്ടെങ്കിലും, ഇറാന്റെ മിസൈൽ ദൂരപരിധി പ്രതീക്ഷിച്ചതിലും ഇരട്ടിയാണെന്ന് ഇതോടെ വ്യക്തമായി.

വാഷിങ്ടണ്‍: ഇന്ത്യൻ മഹാസമുദ്രത്തിലെ യുഎസ് - യുകെ സൈനിക താവളമായ ഡീഗോ ഗാർഷ്യയെ ലക്ഷ്യം വച്ച് രണ്ട് ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തെന്ന് ഇറാൻ അവകാശപ്പെട്ടു. 'ഇറാന്റെ മിസൈലുകളുടെ ദൂരപരിധി ശത്രുക്കൾ സങ്കൽപ്പിച്ചതിലും അപ്പുറമാണെന്ന് കാണിക്കുന്ന സുപ്രധാന ചുവടുവയ്പ്പ്' എന്നാണ് ഡീഗോ ഗാർഷ്യയെ ലക്ഷ്യമിട്ടതിനെ ഇറാനിലെ വാർത്താ ഏജൻസിയായ മെഹ്ർ വിശേഷിപ്പിച്ചത്. ആക്രമണ ശ്രമം പരാജയപ്പെട്ടെങ്കിലും 4000 കിലോമീറ്റർ അകലെയുള്ള ദ്വീപ് ലക്ഷ്യമാക്കി മിസൈൽ തൊടുക്കാൻ ഇറാന് കഴിഞ്ഞത് യുഎസിനെയും യൂറോപ്പിനെയും ആശങ്കയിലാക്കിയിട്ടുണ്ട്. ഇറാൻ എത്താൻ കഴിയുന്ന മിസൈൽ ദൂരപരിധി 2000 കിലോമീറ്ററാണ് എന്നായിരുന്നു ഇതുവരെയുള്ള ധാരണ. ആക്രമണത്തെ ബ്രിട്ടൻ അപലപിച്ചു. അമേരിക്കയ്ക്ക് താവളങ്ങൾ അനുവദിച്ചിട്ടുണ്ടോയെന്ന് ജർമ്മനിയോട് ഇറാൻ ആരാഞ്ഞു.

രാജ്യത്തിന്റെ മിസൈലുകൾക്ക് 2000 കിലോമീറ്റർ വരെ എത്താൻ കഴിയുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഖ്ചി മുമ്പ് പറഞ്ഞിരുന്നു. എന്നാൽ ഡീഗോ ഗാർഷ്യ ഇറാനിൽ നിന്ന് ഏകദേശം 4000 കിലോമീറ്റർ അകലെയാണ്. അതായത് ടെഹ്‌റാന്റെ ബാലിസ്റ്റിക് മിസൈലുകളുടെ പൊതുവായി അംഗീകരിക്കപ്പെട്ട ദൂരത്തിന്റെ ഇരട്ടിയാണിത്. ഇത് ഇറാന്‍റെ ഇനിയും പുറത്തു വന്നിട്ടില്ലാത്ത മിസൈൽ ശേഷി തുറന്നുകാട്ടുന്നു. ഒരു മിസൈൽ തകർത്തുവെന്നും മറ്റൊന്ന് ലക്ഷ്യത്തിലെത്തും മുൻപ് പരാജയപ്പെട്ടുവെന്നുമാണ് യുഎസ് അധികൃതർ പറയുന്നത്. ആക്രമണം ലക്ഷ്യത്തിൽ എത്തിയില്ലെങ്കിലും, ഇറാന്റെ ആയുധശേഷിയെ വില കുറച്ചു കാണാൻ കഴിയില്ലെന്ന നിലയിലേക്ക് യുഎസിനെ കൊണ്ടുചെന്നെത്തിക്കുകയാണ്.

ഇത് ഇന്ത്യൻ മഹാസമുദ്രത്തിലെ യുഎസിന്റെയും യുകെയുടെയും തന്ത്രപരമായ ആസൂത്രണത്തിന് അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണ്. ഒരു യുഎസ് താവളവും പൂർണ്ണമായും എത്തിച്ചേരാനാകാത്തതല്ല എന്നതാണ് ഈ ആക്രമണത്തിലൂടെ വ്യക്തമാകുന്നത്. വിയറ്റ്നാം യുദ്ധത്തിൽ അമേരിക്കയ്ക്കുണ്ടായ തിരിച്ചടിയാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അമേരിക്കയെ ഓർമ്മിപ്പിക്കുന്നത്.

ഡീഗോ ഗാർഷ്യ: ഇന്ത്യൻ മഹാസമുദ്രത്തിലെ തന്ത്രപ്രധാന കേന്ദ്രം

ഹെവി ബോംബറുകൾ, നിരീക്ഷണ വിമാനങ്ങൾ, നിർണായക ലോജിസ്റ്റിക്സ് ഇൻഫ്രാസ്ട്രക്ചർ എന്നിവയുള്ള തന്ത്ര പ്രധാന സൈനിക താവളമാണ് ഡീഗോ ഗാർഷ്യ. ഇറാന്‍റെ മിസൈൽ ആക്രമണ ശ്രമം അമേരിക്കയെ ഉയർന്ന നിലവാരമുള്ള മിസൈൽ പ്രതിരോധ സംവിധാനം ഒരുക്കാൻ നിർബന്ധിതമാക്കിയിരിക്കുകയാണ്. ഹോർമുസ് കടലിടുക്കിൽ സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് ഡീഗോ ഗാർഷ്യയിൽ മിസൈൽ ആക്രമണ ശ്രമം നടന്നത്.

"കൂട്ടായ സ്വയം പ്രതിരോധം" എന്ന പേരിലാണ് മിഡിൽ ഈസ്റ്റിലെ തങ്ങളുടെ താവളങ്ങളിൽ യുഎസിന്‍റെ സൈനിക നീക്കം യുകെ അംഗീകരിച്ചത്. യുകെയിൽ നിന്ന് വളരെ വൈകിയുള്ള പ്രതികരണമാണ് ഉണ്ടായതെന്നും അവർ വേഗത്തിൽ പ്രവർത്തിക്കേണ്ടതായിരുന്നുവെന്നും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. ഹോർമുസിന്‍റെ സുരക്ഷയ്ക്കായി ശ്രമം നടത്താത്തതിനെ തുടർന്ന് ട്രംപ് നേരത്തെ യൂറോപ്യൻ രാജ്യങ്ങളെ രൂക്ഷമായി വിമർശിച്ചിരുന്നു.

അതിനിടെ ഇറാന്‍റെ ആണവ കേന്ദ്രമായ നാതാൻസ് ആണവ നിലയം ആക്രമിക്കപ്പെട്ടത് അന്താരാഷ്ട്ര ആണവോർജ ഏജൻസി സ്ഥിരീകരിച്ചു. ഇറാന്റെ ഏറ്റവും പ്രധാന ആണവ സമ്പുഷ്ടീകരണ കേന്ദ്രമാണ് നാതാൻസ് നിലയം. ആക്രമണം സമ്പുഷ്ടീകരണ പദ്ധതിയെ നിശ്ചലമാക്കും. നിലവിൽ ആണവ വികിരണമില്ലെന്നാണ് സ്ഥിരീകരണം. അതേസമയം സൈനിക നീക്കങ്ങൾ ലക്ഷ്യത്തോടടുത്തെന്ന് അവകാശപ്പെട്ട്, ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാൻ ആലോചിക്കുന്നതായി അമേരിക്കൻ പ്രസിഡൻഡ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇറാനിൽ തങ്ങളുടെ പോർവിമാനം ആക്രമിക്കപ്പെട്ടതായും എന്നാൽ സുരക്ഷിതമാണെന്നും ഇസ്രയേൽ അറിയിച്ചു.