പുതിയ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്‌സ് ചീഫിനെ നിയമിച്ച് ഇറാൻ. ബ്രിഗേഡിയർ ജനറൽ മജീദ് ഖദാമിയെയാണ് ഇറാൻ റെവല്യൂഷണറി ഗാർഡ്‌സ് ഇന്റലിജൻസ് വിഭാഗത്തിന്റെ പുതിയ തലവനായി നിയമിച്ചത്.

ടെഹ്‌റാൻ: പുതിയ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്‌സ് മേധാവിയെ നിയമിച്ച് ഇറാൻ. ബ്രിഗേഡിയർ ജനറൽ മജീദ് ഖദാമിയെയാണ് ഇറാൻ റെവല്യൂഷണറി ഗാർഡ്‌സ് ഇന്റലിജൻസ് വിഭാഗത്തിന്റെ പുതിയ തലവനായി നിയമിച്ചത്. കഴിഞ്ഞയാഴ്ച ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട മുഹമ്മദ് കസെമിക്ക് പകരമായാണ് മജീദ് ഖദാമി ചുമതലയേറ്റത്. ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർനയാണ് ഇക്കാര്യം പുറത്തു വിട്ടത്.

ഞായറാഴ്ച ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ റെവല്യൂഷണറി ഗാർഡ്‌സ് ഉദ്യോഗസ്ഥരായ ഹസ്സൻ മൊഹാഗെഗ്, മൊഹ്‌സെൻ ബാഗേരി എന്നിവരും കൊല്ലപ്പെട്ടിരുന്നു. ജൂൺ 13 ന് ഹൊസൈൻ സലാമി കൊല്ലപ്പെട്ടതിനെത്തുട‌‌ർന്ന് മേജ‌ർ ജനറൽ മുഹമ്മദ് പാക്പോ‌ർ ആണ് ഈ സ്ഥാനത്തിരുന്നത്. പിന്നീട് മുഹമ്മദ് പാക്പോ‌ർ ആണ് ബ്രിഗേഡിയർ ജനറൽ മജീദ് ഖദാമിയെ റെവല്യൂഷണറി ഗാർഡ്‌സ് ചീഫായി മജീദ് ഖദാമിയെ നിയമിച്ചത്.

കഴിഞ്ഞയാഴ്ച ഇറാനിലെ ആണവ, സൈനിക കേന്ദ്രങ്ങളിൽ ഇസ്രായേൽ ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. ഇറാൻ ആണവായുധം വികസിപ്പിക്കുന്നതിനൊരുങ്ങുകയാണെന്ന് ഇസ്രായേൽ പ്രതികരിച്ചിരുന്നു. എന്നാൽ ഈ വാദത്തെ ഇറാൻ പൂ‌ർണമായും തള്ളിയിരുന്നു.

ഇസ്രയേലിന്റെ കടുത്ത ആക്രമണത്തിൽ ഇറാന്റെ നിരവധി ഐആ‌ർജിസി( ഇസ്ലാമിക് റെവല്യൂഷണറി ​ഗാ‌ർഡ്സ് കോപ്സ്) ഉന്നത ഉദ്യോ​ഗസ്ഥ‌ർ കൊല്ലപ്പെട്ടിരുന്നു. ഇതെത്തുട‌ർന്ന് ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ ഇസ്രയേലിലെ ഒരു ആശുപത്രി തകർന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനയി മുഹമ്മദ് പാക്പോ‌റിനെ ചീഫ് ആയി നിയമിച്ചപ്പോൾ ഇനി നരകത്തിന്റെ കവാടങ്ങൾ തുറക്കുമെന്ന് ഇസ്രയേലിനോട് ഭീഷണി മുഴക്കിയിരുന്നു.

അതേ സമയം, ഇറാനെതിരായ ആക്രമണത്തിൽ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. ഇറാന്റെ ആണവ ശേഷി നര്‍വീര്യമാക്കാൻ തങ്ങൾ ഒറ്റയ്ക്ക് പ്രവര്‍ത്തിക്കും. അമേരിക്ക പിന്തുണയ്ക്കുന്ന കാര്യം പ്രസിഡന്റ് ട്രംപിന്റെ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഇറാനിലെ അധികാര മാറ്റം ഔദ്യോഗികമായി ഇസ്രയേൽ ലക്ഷ്യമിടുന്നില്ല. പക്ഷെ അന്തിമ ഫലം അതായിരിക്കും. അധികാര മാറ്റത്തെ കുറിച്ച് ഇറാനിലെ ജനങ്ങൾ തന്നെ തീരുമാനം എടുക്കട്ടേയെന്നും നെതന്യാഹു പറഞ്ഞു.