ഇറാൻ തങ്ങളുടെ പൗരന്മാരോട് സ്മാർട്ട്‌ഫോണുകളിൽ നിന്ന് വാട്ട്‌സ്ആപ്പ് ഇല്ലാതാക്കാൻ ആവശ്യപ്പെട്ടതിൽ ആശങ്കയുണ്ടെന്ന് വാട്ട്‌സ്ആപ്പ് പ്രസ്താവനയിൽ പറഞ്ഞു.
ടെഹ്റാൻ: ഇസ്രായേലുമായി സംഘർഷം മൂർച്ഛിക്കുന്ന സാഹചര്യത്തിൽ സ്മാർട്ട് ഫോണുകളിൽ നിന്ന് വാട്സ് ആപ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ഇറാൻ സർക്കാർ. ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷനിലൂടെയാണ് വാട്സ് ആപ് നീക്കം ചെയ്യണമെന്ന് പൊതുജനങ്ങളോട് ആവശ്യപ്പെട്ടത്. ഫേസ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും മാതൃ കമ്പനിയായ മെറ്റയുടെ ഉടമസ്ഥതയിലുള്ളതാണ് വാട്ട്‌സ്ആപ്പ്. നേരത്തെ തന്നെ ഇറാൻ നിരവധി സോഷ്യൽ മീഡിയ ആപ്പുകളുടെ ലഭ്യത തടഞ്ഞിരുന്നു.
നിരോധനം ഉണ്ടായിരുന്നിട്ടും, പ്രോക്‌സികളും വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കുകളും ഉപയോഗിച്ച് ആളുകൾ സോഷ്യൽമീഡിയ ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. 2022-ൽ രാജ്യത്തെ സദാചാര പോലീസ് കസ്റ്റഡിയിലെടുത്ത സ്ത്രീയുടെ മരണത്തിൽ സർക്കാരിനെതിരെ നടന്ന ബഹുജന പ്രതിഷേധത്തിനിടെ ഇറാൻ വാട്ട്‌സ്ആപ്പും ഗൂഗിൾ പ്ലേ സ്റ്റോറും നിരോധിച്ചിരുന്നു. കഴിഞ്ഞ വർഷം അവസാനത്തോടെ ആ വിലക്ക് നീക്കി.
ഇറാൻ തങ്ങളുടെ പൗരന്മാരോട് സ്മാർട്ട്‌ഫോണുകളിൽ നിന്ന് വാട്ട്‌സ്ആപ്പ് ഇല്ലാതാക്കാൻ ആവശ്യപ്പെട്ടതിൽ ആശങ്കയുണ്ടെന്ന് വാട്ട്‌സ്ആപ്പ് പ്രസ്താവനയിൽ പറഞ്ഞു. ആളുകൾക്ക് ഏറ്റവും ആവശ്യമുള്ള സമയത്ത് ഞങ്ങളുടെ സേവനങ്ങൾ ബ്ലോക്ക് ചെയ്യാൻ പറയുന്നത് ഉചിതമല്ലെന്നും വാട്ട്‌സ്ആപ്പ് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉപയോഗിക്കുന്നതാണെന്നും സേവന ദാതാവിന് ഉപഭോക്താക്കളുടെ സന്ദേശം വായിക്കാൻ കഴിയില്ലെന്നും വാട്സ് ആപ് വ്യക്തമാക്കി.
ആർക്കൊക്കെ സന്ദേശങ്ങൾ അയയ്ക്കുന്നു എന്നതിന്റെ ലോഗുകൾ ഞങ്ങൾ സൂക്ഷിക്കുന്നില്ല. ആളുകൾ പരസ്പരം അയയ്ക്കുന്ന സ്വകാര്യ സന്ദേശങ്ങൾ ട്രാക്ക് ചെയ്യുന്നില്ല. ഒരു സർക്കാരിനും ഞങ്ങൾ ബൾക്ക് വിവരങ്ങൾ നൽകുന്നില്ലെന്നും വാട്സ് ആപ് പ്രസ്താവനയിൽ പറയുന്നു. അതേസമയം, ബുധനാഴ്ച ഇസ്രായേൽ-ഇറാൻ സംഘർഷം ആറാം ദിവസത്തിലേക്ക് കടന്നു.

