പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ, അമേരിക്കയുടെ എഫ്-35 സ്റ്റെൽത്ത് യുദ്ധവിമാനം തങ്ങൾ ആക്രമിച്ച് കേടുപാടുകൾ വരുത്തിയതായി ഇറാൻ റവല്യൂഷനറി ഗാർഡ് കോർപ്സ് അവകാശപ്പെട്ടു. വിമാനം അടിയന്തരമായി ലാൻഡ് ചെയ്തെന്ന് യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചെങ്കിലും, ആക്രമണത്തെക്കുറിച്ചുള്ള ഇറാന്‍റെ വാദത്തോട് പ്രതികരിച്ചിട്ടില്ല.  

വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ സംഘർഷം മൂന്നാം വാരത്തിലേക്ക് കടക്കുകയാണ്. ലോകത്തിലെ ഏറ്റവും വികസിതമെന്ന് കരുതപ്പെടുന്ന അമേരിക്കയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനമായ എഫ്-35 (F-35) ഇറാൻ ആക്രമിച്ച് കേടുപാടുകൾ ഉണ്ടാക്കിയതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇറാൻ റവല്യൂഷനറി ഗാർഡ് കോർപ്സ് ആണ് ഇക്കാര്യം അറിയിച്ചത്. മിഡിൽ ഈസ്റ്റിലെ യുഎസ് സൈനിക താവളത്തില്‍ ഈ വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത വിവരം യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. എന്നാൽ ഇറാന്‍റെ ആക്രമണത്തെ കുറിച്ച് പ്രതികരണം നടത്തിയിട്ടില്ല. എന്താണ് സംഭവിച്ചതെന്നറിയാൻ അന്വേഷണം ആരംഭിച്ചതായി ക്യാപ്റ്റൻ ടിം ഹോക്കിൻസിനെ ഉദ്ധരിച്ച് ‘സിഎൻഎൻ’ റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണം സ്ഥിരീകരിക്കപ്പെട്ടാൽ ഇറാന്‍റെ ശക്തമായ നീക്കമായിരിക്കും ഇത്. റഡാറുകളുടെ കണ്ണ് വെട്ടിക്കാൻ ശേഷിയുള്ളതാണ് എഫ്-35 വിമാനം. വിമാനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചെങ്കിലും പൈലറ്റ് സുരക്ഷിതനാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. ഇറാന് മുകളിൽ പറക്കുമ്പോഴാണ് വിമാനത്തിന് അടിയന്തര ലാൻഡിങ് ആവശ്യമായി വന്നതെന്ന് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു.

ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തങ്ങൾ തകർത്തുവെന്നും യുദ്ധത്തിൽ അമേരിക്കയ്ക്കാണ് മേൽക്കൈ എന്നും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അവകാശപ്പെടുമ്പോഴാണ് എഫ്-35 വിമാനം ആക്രമിച്ചതായുള്ള ഇറാന്‍റെ അവകാശവാദം പുറത്തുവരുന്നത്. ഫെബ്രുവരി അവസാനം ആരംഭിച്ച ഈ യുദ്ധത്തിൽ ഇതുവരെ 10 റീപ്പർ ഡ്രോണുകൾ ഉൾപ്പെടെ 16 അമേരിക്കൻ വിമാനങ്ങൾ തകരുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്. മൂന്ന് എഫ്-15 വിമാനങ്ങൾ കുവൈത്ത് അബദ്ധത്തിൽ വെടിവെച്ചിട്ടിരുന്നു. കഴിഞ്ഞ ആഴ്ച ഇറാഖിൽ തകർന്നുവീണ കെസി-135 ടാങ്കർ വിമാനത്തിലെ ആറ് സൈനികരും കൊല്ലപ്പെട്ടിരുന്നു.

എന്താണ് എഫ്-35 വിമാനം?

സ്റ്റെൽത്ത് സാങ്കേതികവിദ്യ ഉപയോഗിച്ചതിനാൽ ശത്രുക്കളുടെ റഡാറുകളിൽ പെടാതെ പറക്കാൻ ഇതിന് കഴിയും. ശത്രുവിമാനങ്ങളെ തകർക്കാനും തന്ത്രപ്രധാന കേന്ദ്രങ്ങളിൽ കൃത്യതയോടെ ബോംബ് ഇടാനും ചാരപ്പണി നടത്താനും ഇത് ഉപയോഗിക്കുന്നു. ഏകദേശം 100 ദശലക്ഷം ഡോളറിലധികം (ഏകദേശം 800 കോടി രൂപ) വിലവരുന്നതാണ് ഓരോ വിമാനവും. അമേരിക്കയെ കൂടാതെ ഇസ്രായേലും ഈ വിമാനം ഇറാനെതിരായ ആക്രമണങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്