ടെഹ്‌റാന്‍: കൊവിഡ് 19 വൈറസ് ബാധ ഏറ്റവുമധികം ബാധിച്ച രാജ്യങ്ങളില്‍ ഉള്‍പ്പെടുന്ന ഇറാനില്‍ മരണസംഖ്യ 3000 കടന്നു. ഇന്ന് മാത്രം 138 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടതെന്ന് ഇറാനിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 3,036 പേര്‍ക്കാണ് കൊവിഡ് മഹാമാരി മൂലം ജീവന്‍ നഷ്ടമായത്. പുതുതായി 2,987 പേര്‍ക്ക് ഇറാനില്‍ കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 47,593 ആയി ഉയര്‍ന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന 15,473 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായതെന്നും എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, കൊവിഡ് രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ് ലോകത്തെമ്പാടും. സ്‌പെയിനില്‍ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ഇവിടെ മാത്രം 9053 പേര്‍ മരിച്ചു. ഇത് മൂന്നാമത്തെ രാജ്യത്തിലാണ് ഒരു ലക്ഷത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്.

അമേരിക്കയും ഇറ്റലിയുമാണ് ഒരു ലക്ഷത്തിലധികം രോഗികളുള്ള മറ്റ് രണ്ട് രാജ്യങ്ങള്‍. അമേരിക്കയില്‍ രോഗബാധിതര്‍ 1,89,445 പേരാണ്. ഇറ്റലിയില്‍ 1.05 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കയില്‍ 4075ഉം ഇറ്റലിയില്‍ 12428 പേരും മരിച്ചു. അതിനിടെ ബ്രിട്ടനില്‍ സ്രവ പരിശോധന കാര്യക്ഷമമല്ലെന്ന് വന്‍ പരാതി ഉയര്‍ന്നു.

ഇതോടെ ദിവസം 25,000 പേരെ വീതം കൊവിഡ് പരിശോധനക്ക് വിധേയരാക്കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചു. ഏപ്രില്‍ മധ്യത്തോടെ ഇതിന് വേണ്ട ക്രമീകരണങ്ങള്‍ സജ്ജമാക്കും. നിലവില്‍ ദിവസം 12750 പേരെയാണ് രാജ്യത്ത് പരിശോധനക്ക് വിധേയരാകുന്നത്.