യുറേനിയം സമ്പുഷ്ടീകരണ തോത് 3.5 ശതമാനമായി കുറയ്ക്കാമെന്ന് ഇറാൻ നിർദ്ദേശം വെച്ചതായി റിപ്പോർട്ട്. ഒരു മാസത്തിനുള്ളിൽ ഹോർമൂസ് കടലിടുക്ക് തുറക്കുന്നതുൾപ്പെടെയുള്ള തർക്കങ്ങൾ പരിഹരിക്കാനും തുടർന്ന് ആണവ ചർച്ചകൾ നടത്താനുമാണ് പുതിയ നിർദ്ദേശം. മേഖലയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ നിർണായക നീക്കം
ടെഹ്റാൻ: ആണവ ചർച്ചകളിൽ പ്രതിസന്ധിയായി തുടരുന്ന യുറേനിയം സമ്പുഷ്ടീകരണ തോത് കുറയ്ക്കാമെന്ന് ഇറാൻ നിർദേശം വെച്ചതായി റിപ്പോർട്ട്. നിലവിൽ 60 ശതമാനത്തിന് മുകളിൽ ആയുധ ഗ്രേഡിന് തൊട്ടടുത്തെത്തിയ നാനൂറ് കിലോയിലധികം വരുന്ന യുറേനിയം ശേഖരം ഇറാനുണ്ട്. ഇതുൾപ്പടെ 3.5 ശതമാനം എന്ന തീരെച്ചെറിയ തോതിലേക്ക് കുറയ്ക്കാമെന്നാണ് നിർദേശം. ഇറാൻ പ്രസിഡണ്ട് ഉൾപ്പടെ നേരത്തെ ഇത് പ്രഖ്യാപിച്ചതാണ്. അതിനിടെ 1 മാസത്തിനുള്ളിൽ യുദ്ധം അവസാനിപ്പിച്ച് ഹോർമൂസ് തുറക്കുന്നത് ഉൾപ്പടെ തീരുമാനങ്ങളും, പിന്നീടുള്ള 30 ദിവസത്തിനകം ആണവ വിഷയത്തിലെ ചർച്ച എന്നുമാണ് ഇറാൻ പുതുതായി സമർപ്പിച്ചിരിക്കുന്ന നിർദേശം. അതേസമയം ഇറാൻ തീരത്ത് കപ്പലിന് നേരെ ഇന്ന് ചെറു ആയുധങ്ങളുപയോഗിച്ചുള്ള ആക്രമണം ഉണ്ടായി. ഇതോടെ കപ്പൽ തിരിച്ചു പോയി. റാസ് അൽ ഖൈമ തീരത്തെ കപ്പലുകൾക്ക് അജ്ഞാത സന്ദേശം ലഭിച്ചതായും യു കെ മാരിടൈം ഏജൻസി റിപ്പോർട്ട് ചെയ്തു. അമേരിക്കൻ സെൻട്രൽ കമാൻഡ് കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പർ ഇന്ന് നാവിക ഉപരോധം നേരിട്ടെത്തി വിലയിരുത്തി. ഏത് നിമിഷവും ആക്രമണം ഉണ്ടാകുന്നത് കണക്കാക്കിയുള്ള തയാറെടുപ്പിലാണ് ഇറാൻ.
ഹോർമൂസ് കടന്ന ഇന്ത്യയുടെ 'സർവ്വ ശക്തി'
അതേസമയം ഹോർമുസ് കടലിടുക്കിൽ പ്രതിസന്ധി തുടരവെ ഇന്ത്യയുടെ ഒരു എൽ പി ജി ടാങ്കർ ഹോർമുസ് കടന്നു. 'സർവ്വ ശക്തി' എന്ന ഇന്ത്യൻ ടാങ്കറാണ് ഹോർമൂസ് കടന്നത്. 45000 മെട്രിക് ടൺ എൽ പി ജിയുമായാണ് 'സർവ്വ ശക്തി' എത്തുന്നത്. അമേരിക്കൻ ഉപരോധം തുടങ്ങിയ ശേഷം ഇതാദ്യമായാണ് ഇന്ത്യയുടെ ടാങ്കർ ഹോർമുസ് കടക്കുന്നത്. അതേസമയം ഇന്ധന പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് പെട്രോൾ ഡീസൽ വില വർദ്ധനവിൽ കേന്ദ്ര സർക്കാർ തീരുമാനം വൈകാതെ ഉണ്ടായേക്കും. സ്ഥിതി പരിശോധിക്കുകയാണ് പെട്രോളിയം മന്ത്രാലയ വൃത്തങ്ങൾ വാർത്താ ഏജൻസിയോട് പറഞ്ഞു. കഴിഞ്ഞ പത്ത് കൊല്ലത്തിൽ പെട്രോളിയം ഉത്പന്നങ്ങൾ ശേഖരിക്കാനടക്കം അടിസ്ഥാന സൗകര്യം കൂട്ടിയത് കൊണ്ടാണ് വില ഇത്രയും നാൾ പിടിച്ചു നിറുത്താനായതെന്ന് പെട്രോളിയം മന്ത്രി ഹർദീപ് പുരി വ്യക്തമാക്കി.



