Asianet News MalayalamAsianet News Malayalam

അമേരിക്കൻ സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ച് ഇറാൻ: പെന്‍റഗണും ഭീകരപട്ടികയിൽ

അമേരിക്ക വധിച്ച മേജർ ജനറൽ കാസിം സൊലേമാനിക്ക് വീരോചിതമായ യാത്രയയപ്പ് നൽകാൻ ഒരുങ്ങുന്നതിന് ഇടയിലാണ്, ഇറാൻ അമേരിക്കൻ സൈന്യത്തെ മൊത്തം ഭീകരരായി പ്രഖ്യാപിക്കുന്നത്. 

iran declares american forces as designated terrorists in return to soleimani assasination
Author
Tehran, First Published Jan 7, 2020, 2:32 PM IST

ടെഹ്റാൻ: എല്ലാ അമേരിക്കൻ സൈനിക ഉദ്യോഗസ്ഥരെയും ഭീകരരായി പ്രഖ്യാപിച്ച് ഇറാൻ പാർലമെന്‍റ്. ഇറാനിലെ ഉന്നത സൈനിക നേതാക്കളിൽ ഒരാളായ മേജർ ജനറൽ കാസിം സൊലേമാനിയെ അമേരിക്ക വധിച്ചതിന് മറുപടിയായാണ് ഇറാന്‍റെ നടപടി. അമേരിക്കൻ സൈനിക നിയന്ത്രണകേന്ദ്രമായ പെന്‍റഗണിനെ ഭീകരകേന്ദ്രമായും ഇറാൻ പാർലമെന്‍റ് പാസ്സാക്കിയ ബിൽ പ്രഖ്യാപിക്കുന്നു.

സൊലേമാനിയെ 'രക്തസാക്ഷിയാക്കിയ' അമേരിക്കൻ സൈന്യത്തെ മുഴുവൻ ഭീകരരായി പ്രഖ്യാപിക്കുന്നുവെന്നും, പെന്‍റഗൺ ഭീകരകേന്ദ്രമായി കണക്കാക്കപ്പെടുമെന്നുമാണ് ഇറാൻ പാർലമെന്‍റ് പാസ്സാക്കിയ ബില്ലിലുള്ളത്. ബില്ല് പാസ്സാക്കിയ ശേഷം, 'ഇനി അമേരിക്കയ്ക്ക് മരണം' എന്ന മുദ്രാവാക്യവുമായി പാർലമെന്‍റംഗങ്ങൾ നടുത്തളത്തിലിറങ്ങി.

''ഈ സേനയ്ക്ക്, ഏതെങ്കിലും തരത്തിലുള്ള സൈനിക, ഇന്‍റലിജൻസ്, സാമ്പത്തിക, സാങ്കേതിക, വസ്തു സഹായങ്ങൾ ചെയ്തുകൊടുക്കുന്നതോ, സഹകരിക്കുന്നതോ ഭീകരപ്രവൃത്തിയായി കണക്കാക്കപ്പെടുമെന്നും'' പാർലമെന്‍റ് പാസ്സാക്കിയ നിയമത്തിലുണ്ട്. ഇറാനിലെ അമേരിക്കൻ പൗരൻമാർക്ക് ഭീഷണിയായേക്കാവുന്ന നീക്കമാണിത്.

കാസിം സൊലേമാനിയുടെ കൊലപാതകത്തിന് കടുത്ത പ്രതികാരം തന്നെ ചെയ്യുമെന്നാണ് ഇറാൻ പരമാധികാരി ആയത്തൊള്ള അലി ഖമനേയി പ്രഖ്യാപിച്ചത്. ലക്ഷക്കണക്കിന് പേരാണ് സൊലേമാനിയുടെ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാനായി ടെഹ്‍റാനിലേക്ക് ഒഴുകിയെത്തുന്നത്. 

ഇറാനും അമേരിക്കയും തമ്മിലെന്ത്?

2016-ൽ അധികാരത്തിൽ വന്നതിന് തൊട്ടുപിന്നാലെ, യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, മുൻഗാമിയായ ബരാക് ഒബാമ കഷ്ടപ്പെട്ട് യാഥാർത്ഥ്യമാക്കിയ ഇറാനുമായുള്ള ആണവക്കരാർ ഏകപക്ഷീയമായി റദ്ദാക്കുകയാണ് ചെയ്തത്. പകരം, ഇറാന്‍റെ അയൽരാജ്യമായ ഇറാഖിൽ സൈനികവിന്യാസം കൂട്ടുക, ഉപരോധങ്ങൾ ഏർപ്പെടുത്തുക, ആക്രമണം നടത്തുക എന്നീ പ്രകോപനപരമായ നീക്കങ്ങൾ നടത്തുകയും ചെയ്തു. 

പലപ്പോഴും, ഈ മേഖലയിലെ അമേരിക്കൻ - ഇറാനിയൻ സംഘർഷം കത്തിമുനയിലായിരുന്നു. പേർഷ്യൻ ഗൾഫിൽ ഓയിൽ ടാങ്കറുകളെ ഇറാൻ ആക്രമിച്ചു. അമേരിക്കൻ ഡ്രോണിനെ വെടിവച്ച് വീഴ്ത്തി. പലപ്പോഴും അമേരിക്ക ശക്തമായ രീതിയിൽ ഇറാനിൽ കയറി തിരിച്ചടിക്കുമെന്ന പ്രതീതി ഉണ്ടായി. ജൂണിൽ അവസാനനിമിൽമാണ്, ഇറാനിലേക്കുള്ള വ്യോമാക്രമണം ട്രംപ് വേണ്ടെന്ന് വച്ചത്.

അവസാനദിവസങ്ങളിൽ നടന്ന സംഭവങ്ങൾ, പ്രത്യേകിച്ച് ഇറാഖിൽ ഒരു അമേരിക്കൻ കോൺട്രാക്റ്ററുടെ മരണത്തിന് ഇടയാക്കിയ റോക്കറ്റ് ആക്രമണം, ഇറാന്‍റെ പിന്തുണയോടെ ഇറാഖി സേന ബാഗ്ദാദിനെ അമേരിക്കൻ എംബസിയിൽ നടത്തിയ ആക്രമണം, ഇപ്പോൾ കാസിം സൊലേമാനിയെ കൊന്ന് അമേരിക്ക നടത്തിയ തിരിച്ചടി - അമേരിക്കയുടെ അവസാനനീക്കം ഒരു യുദ്ധത്തിലേക്ക് കാര്യങ്ങളെത്തിക്കുമെന്ന സൂചനയാണ് വരുന്നത്.

അമേരിക്കയിൽ റിപ്പബ്ലിക്കൻ പാർട്ടി ഇതൊരു തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രമായി ഉപയോഗിക്കുമ്പോൾ, ഡെമോക്രാറ്റുകൾ യുദ്ധം വന്നാലുണ്ടാകുന്ന പ്രത്യാഘാതം ചൂണ്ടിക്കാട്ടി തിരിച്ചടിക്കുന്നു.

Read more at: 'സ്ഥിതി വഷളാക്കരുത്', അമേരിക്കയോടും ഇറാനോടും ഇന്ത്യ, കടുത്ത ആശങ്കയിൽ രാജ്യം

Follow Us:
Download App:
  • android
  • ios