പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിൽ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇന്ത്യക്ക് ഇറാൻ ഉറപ്പുനൽകി. 'ഇന്ത്യൻ സുഹൃത്തുക്കൾ സുരക്ഷിതമായ കൈകളിലാണ്' എന്ന് വ്യക്തമാക്കിയ ഇറാൻ, ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്ക് നിർണായകമായ ഈ പാതയിൽ ഇന്ത്യൻ കപ്പലുകൾക്ക് പ്രത്യേക പരിഗണന നൽകുന്നുണ്ട്.
ദില്ലി: പശ്ചിമേഷ്യൻ മേഖലയിൽ യുദ്ധ സാഹചര്യം നിലനിൽക്കെ, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തെക്കുറിച്ച് ഇന്ത്യക്ക് ഉറപ്പുനൽകി ഇറാൻ. ഇന്ത്യയിലെ ഇറാൻ എംബസി എക്സ് (ട്വിറ്റർ) ഹാൻഡിലിൽ പങ്കുവച്ച കുറിപ്പ് ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുന്നു. "ഞങ്ങളുടെ ഇന്ത്യൻ സുഹൃത്തുക്കൾ സുരക്ഷിതമായ കൈകളിലാണ്, ആശങ്കപ്പെടേണ്ടതില്ല" എന്നായിരുന്നു ഇറാൻ എംബസിയുടെ പോസ്റ്റ്. ഹോർമുസ് കടലിടുക്കിന്റെ ഭാവി ഇറാനും ഒമാനും ചേർന്ന് തീരുമാനിക്കുമെന്ന് വ്യക്തമാക്കിയ ദക്ഷിണാഫ്രിക്കയിലെ ഇറാൻ എംബസിയുടെ എക്സിലെ കുറിപ്പ് പങ്കുവെച്ചാണ് ഇന്ത്യയിലെ ഇറാൻ എംബസി ഇക്കാര്യം വ്യക്തമാക്കിയത്.
ലോകത്തെ ആകെ എണ്ണ വ്യാപാരത്തിന്റെ 20 ശതമാനവും കടന്നുപോകുന്നത് ഹോർമുസ് കടലിടുക്കിലൂടെയാണ്. ഇന്ത്യയുടെ ഊർജ്ജ സുരക്ഷയിൽ ഈ പാതയ്ക്ക് വലിയ പങ്കുണ്ട്.നിലവിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അമേരിക്ക, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളുടെ കപ്പലുകൾക്ക് ഇറാൻ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇന്ത്യ ഉൾപ്പെടെയുള്ള 'സൗഹൃദ രാജ്യങ്ങളുടെ' കപ്പലുകൾക്ക് കടന്നുപോകാൻ അനുമതി നൽകുന്നുണ്ട്. ഇന്ത്യയിൽ രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടാകില്ലെന്നും ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ത്യൻ കപ്പലുകൾക്ക് നാവികസേന സുരക്ഷയൊരുക്കുന്നുണ്ടെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സാധാരണ പ്രതിദിനം 130-ഓളം കപ്പലുകൾ കടന്നുപോകാറുള്ള ഈ പാതയിലൂടെ ഇപ്പോൾ വെറും 3-4 കപ്പലുകൾ മാത്രമാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ ഇന്ത്യക്ക് ലഭിക്കുന്ന പ്രത്യേക പരിഗണന ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ കരുത്തായാണ് വിലയിരുത്തപ്പെടുന്നത്.


